ന്യൂദല്‍ഹി: രാജ്യത്തിന്റെ പ്രഥമ പൗരന്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനെ അവഹേളിച്ചതിനു ദി ടെലിഗ്രാഫ് ദിനപത്രത്തിനു കാരണംകാണിക്കല്‍ നോട്ടീസ്. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ സ്വമേധയ ആണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഈ മാസം 17ന് പുറത്തിറങ്ങിയ പത്രത്തിലാണ് രാം നാഥ് കോവിന്ദിനെ കോവിഡിനോട് ഉപമിക്കുന്ന തരത്തില്‍ പത്രത്തില്‍ പ്രധാനതലക്കെട്ട് പ്രസിദ്ധീകരിച്ചത്. സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭയിലേക്ക് രാഷ്‌ട്രപതി നാമനിര്‍ദേശം ചെയ്ത വാര്‍ത്തയാണ് നടപടിക്ക് വിധേയമായത്. കോവിന്ദ്, നോട്ട് കോവിഡ്, ഡിഡ് ഇറ്റ് എന്നായിരുന്നു വിവാദമായ തലക്കെട്ട്.
മാധ്യമപ്രവര്‍ത്തന ചട്ടങ്ങളിലെ 17(1)എ,ബി, 31 (6) വകുപ്പുകള്‍ പ്രകാരമാണ് രാജ്യത്തിന്റെ പ്രഥമപൗരനെ അവഹേളിക്കുന്ന തരത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചതിനു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ആക്ഷേപഹാസ്യ രൂപേണയാണെങ്കിലും രാഷ്‌ട്രപതിയെ പരസ്യമായി അവഹേളിക്കന്നതാണ് ടെലിഗ്രാഫ് ദിനപത്രം നല്‍കിയതെന്നു പ്രഥമദൃഷ്ട്യാ മനസിലാകുമെന്നും ഇത്തരം നടപടിക്കു കാരണം കാണിക്കണമെന്നും കാട്ടിയാണ് നോട്ടീസ്.











