ബെംഗളൂരു: കോഴിക്കോടും മംഗളൂരുവും കേന്ദ്രീകരിച്ച് സ്വര്‍ണ കള്ളക്കടത്ത് നടത്തിയിരുന്ന ഏഴംഗ സംഘത്തെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) പിടികൂടി. ഇവരില്‍ നിന്ന് നാലു കോടി രൂപ വിലവരുന്ന 9.3 കിലോ സ്വര്‍ണം, 5.2 കിലോ വെള്ളി, 84 ലക്ഷം രൂപ എന്നിവം പിടിച്ചെടുത്തു.
ദുബായ്, മറ്റു മധ്യകിഴക്കന്‍ രാജ്യങ്ങളില്‍ നിന്ന് കോഴിക്കോട്ടേക്ക് കടത്തിക്കൊണ്ടുവന്നിരുന്ന സ്വര്‍ണം മംഗളൂരുവിലും കര്‍ണാടകത്തിലെ മറ്റു വടക്കന്‍ ജില്ലകളിലുമായിരുന്നു വിറ്റിരുന്നത്. 100 ഗ്രാം തൂക്കമുള്ള കട്ടകളാക്കി വിദേശ അടയാളം വ്യാജമായി പതിപ്പിച്ചായിരുന്നു വിറ്റിരുന്നത്.
ഡിആര്‍ഐക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ 11ന് മംഗളൂരു സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് സയ്ജ് മുഹമ്മദ്, അശോക കെ.എസ് എന്നിവരെ ഡിആര്‍ഐ പിടികൂടി. ഇവരില്‍ നിന്ന് 5.6 കിലോ സ്വര്‍ണം പിടിച്ചെടുത്തു. ഇവര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ റെയില്‍വെ സ്റ്റേഷനിലെ പാര്‍ക്കിങ് ഏരിയയില്‍ നിന്ന് മഞ്ചുനാഥ് ഷെട്ടിയെ (രൂപേഷ്) ഡിആര്‍ഐ കസ്റ്റഡിയില്‍ എടുത്തു.
ട്രെയിന്‍മാര്‍ഗം കൊണ്ടുവരുന്ന സ്വര്‍ണം ഇയാളായിരുന്നു ഏറ്റുവാങ്ങിയിരുന്നത്. ഇവരെ ചോദ്യം ചെയ്തതോടെ കോഴിക്കോട് കേന്ദ്രീകരിച്ചുള്ള സ്വര്‍ണ കള്ളക്കടത്ത് സംഘത്തെ കുറിച്ചുള്ള വിവരം ലഭിച്ചു. തുടര്‍ന്ന് മംഗളൂരു, ഉഡുപ്പി, ശിവമോഗ എന്നിവിടങ്ങളില്‍ പരിശോധന നടത്തിയാണ് കൂടുതല്‍ ആഭരണങ്ങളും പണവും കണ്ടെടുത്തത്.
കൂടുതല്‍ അന്വേഷണത്തില്‍ കോഴിക്കോടുള്ള ചില ജ്വല്ലറികള്‍, ആഭരണ നിര്‍മാണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ് സ്വര്‍ണം കര്‍ണാടകയിലേക്ക് കൊണ്ടുവരുന്നതെന്ന് കണ്ടെത്തി. കോഴിക്കോട്ടു നിന്ന് മംഗളൂരുവിലേക്ക് സ്വര്‍ണം കടത്താന്‍ രണ്ട് എസ്യുവി വാഹനങ്ങളും സംഘം ഉപയോഗിച്ചിരുന്നു. സ്വര്‍ണം സൂക്ഷിക്കാന്‍ പ്രത്യേക അറകള്‍ വാഹനങ്ങളില്‍ സജ്ജീകരിച്ചിരുന്നു.
ഇരുവാഹനങ്ങളും ഡിആര്‍ഐ കസ്റ്റഡിയിലെടുത്തു. ഇതുവരെ കേസില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നായി ഏഴ് പേരെ അറസ്റ്റു ചെയ്തതായി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: