ബെംഗളൂരു: കര്‍ണാടക-കേരള അതിര്‍ത്തിയായ കുടക് ജില്ലയില്‍ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ജില്ലയിലെ ആദ്യ കേസാണിത്. സൗദി അറേബ്യയില്‍ നിന്നെത്തിയ കുടക് സ്വദേശിക്കാണ് ഇന്നലെ കൊറോണ സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി ബി. ശ്രീരാമുലു അറിയിച്ചു. ഇതോടെ, സംസ്ഥാനത്ത് രോഗം ബാധിച്ചവര്‍ 15 ആയി. ബെംഗളൂരുവില്‍ മാത്രം 11 കേസുകള്‍ സ്ഥിരീകരിച്ചു.
കുടകില്‍ കൂടുതല്‍ ആളുകള്‍ നിരീക്ഷണത്തിലായതോടെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി വ്യാഴാഴ്ച മുതല്‍ ജില്ലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നു. ഇതോടൊപ്പം കുടകിലെ ഹോട്ടലുകള്‍, ലോഡ്ജുകള്‍, ഡോര്‍മെറ്ററികള്‍, ഹോം സ്റ്റേ, റിസോര്‍ട്ടുകള്‍ എന്നിവ അടച്ചിടാനും നിര്‍ദേശം നല്‍കിയിരുന്നു. കുടകിലെ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ 14 മുതല്‍ അടച്ചിട്ടിരിക്കുകയാണ്. കുടകിന് പുറമെ കലബുറഗി, ദാവന്‍ഗരെ, ചിത്രദുര്‍ഗ ജില്ലകളിലും നിരോധാനാജ്ഞ പ്രഖ്യാപിച്ചു.
മരിച്ച ഒരാള്‍ ഉള്‍പ്പെടെ കലബുറഗിയില്‍ മൂന്നു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കുടക് സ്വദേശി ഐസൊലേഷന്‍ വാര്‍ഡിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു. രോഗ ലക്ഷണങ്ങളോടെ കുടക് ഗവ. ആശുപത്രിയിലെ ഐസോലേഷന് വാര്‍ഡില്‍ നാലു പേരെ പ്രവേശിപ്പിച്ചു. കുടക് ജില്ലയില്‍ 197 പേരാണ് വീടുകളില്‍ നിരീക്ഷണത്തിലുള്ളത്. മടിക്കരിയില്‍ നിന്ന് 78 പേരും വിരാജ്പേട്, സോംവാര്‍ പേട്ട് താലൂക്കുകളില്‍ നിന്ന് 55 പേര് വീതവുമാണ് നിരീക്ഷണത്തിലുള്ളത്. കുടകിനോട് ചേര്‍ന്നുള്ള കേരളത്തിലെ വയനാട്, കണ്ണൂര്‍ ജില്ലകളിലെ അതിര്‍ത്തി ഗ്രാമങ്ങളിലും ജാഗ്രത ശക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: