തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ ഒരാള്‍ക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലുള്ളവരുടെ എണ്ണം 25 ആയി. സംസ്ഥാനത്ത് 28 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇതില്‍ മൂന്നുപേര്‍ രോഗമുക്തി നേടിയെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കാസര്‍കോട് സ്വദേശിക്കാണ് പുതിയതായി ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ദുബായില്‍ നിന്നും വന്ന് നിരീക്ഷണത്തില്‍ കഴിയവെയാണ് കൊറോണ സ്ഥിരീകരണം. മുമ്പ് കൊറോണ ബാധിച്ചവരുടെ ബന്ധുവാണോ എന്നത് മുഖ്യമന്ത്രി വ്യക്തമാക്കിയില്ല.
നിലവില്‍ 31,173 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 309,26 പേര്‍ വീടുകളിലും 237 പേര്‍ ആശുപത്രികളിലുമാണുള്ളത്. ഇന്നലെ 64 പേരെ ആശുപത്രികളില്‍ പുതുതായി പ്രവേശിപ്പിച്ചു.
പുതുതായി നിരീക്ഷണത്തിലാക്കിയത് 6103 പേരെയാണ്. 5185 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. 2921 സാമ്പിളുകള്‍ പരിശോധനയ്‌ക്കായി അയച്ചിരുന്നു ഇതില്‍ 2342 പേര്‍ക്ക് രോഗ ബാധ ഇല്ലെന്ന് തെളിഞ്ഞു.
മലബാറും ജനശതാബ്ദിയും റദ്ദാക്കി
കൊച്ചി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ റെയില്‍വേ കേരളത്തിലൂടെയുള്ള നിരവധി സര്‍വീസുകള്‍ 31 വരെ റദ്ദാക്കി. തിരുവനന്തപുരം-കണ്ണൂര്‍, കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദികള്‍, തിരുവനന്തപുരം-മംഗലാപുരം, മംഗലാപുരം-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസുകള്‍ റദ്ദാക്കിയവയില്‍പ്പെടുന്നു.
വൈദ്യുതി ബില്ലുകളുടെതീയതി നീട്ടി
തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 31 വരെ പിഴയില്ലാതെ അടയ്‌ക്കാവുന്ന എല്ലാ വൈദ്യുതി ബില്ലുകളും ഒരു മാസത്തേയ്‌ക്ക് കൂടി പിഴയോ പലിശയോ ഇല്ലാതെ ഉപഭോക്താക്കള്‍ക്ക് അടയ്‌ക്കാമെന്ന് കെഎസ്ഇബി അറിയിച്ചു. എല്ലാ ഗാര്‍ഹിക, ഗാര്‍ഹികേതര, എച്ച്റ്റി, ഇഎച്ച്റ്റി ഉപഭോക്താക്കള്‍ക്കും ഇത് ബാധകമാണ്
ദേവാലയങ്ങള്‍ അടച്ചു
തിരുപ്പതി ക്ഷേത്രം, മുംബൈയിലെ സെന്റ് മൈക്കിള്‍ പള്ളി, ഹാജി അലി ദര്‍ഗ എന്നിവിടങ്ങളില്‍ വിശ്വാസികള്‍ക്ക് താത്കാലികമായി പ്രവേശനം നിരോധിച്ചു. ഒഡീഷയിലെ എല്ലാ പള്ളികളും മാര്‍ച്ച് 31 വരെ അടയ്‌ക്കും.
















