ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണം എന്ന വിശേഷണം കേരള പോലീസിന് വളരെ നന്നായി ചേരും. നിയമപാലകരാണ് അവരെങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമാക്കുന്നവര്‍. സത്യസന്ധരും കാര്യപ്രാപ്തിയുള്ളവരുമായ ഉദ്യോഗസ്ഥര്‍ നിരവധിയുണ്ടെങ്കിലും കേരള പോലീസ് പലപ്പോഴും ശ്രദ്ധിക്കപ്പെടുന്നത് നിയമവിരുദ്ധമായ പ്രവൃത്തികളിലൂടെയാണ്. കൊറോണ രോഗം സംശയിച്ചതിനെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന യുവാവ് കളമശ്ശേരി മെഡിക്കല്‍ കോളജില്‍നിന്ന് ചാടിപ്പോയ സംഭവം റിപ്പോര്‍ട്ട് ചെയ്ത ജന്മഭൂമി ലേഖകന്‍ എസ്. ശ്രീജിത്തിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തതും, മൊബൈല്‍ ഫോണ്‍ പിടിച്ചുവച്ചതുമായ സംഭവം ഒറ്റവാക്കില്‍ പറഞ്ഞാല്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമമാണ്. കൊച്ചി പോലീസ് കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരമാണെന്നു പറഞ്ഞ് കളമശ്ശേരി പോലീസിന്റെ ഭാഗത്തുനിന്നാണ് തികച്ചും അപലപനീയമായ ഈ നടപടിയുണ്ടായത്.
തീര്‍ത്തും വസ്തുതാപരമായ കാര്യമാണ് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തത്. വിദേശത്തുനിന്നെത്തി ഐസൊലേഷനിലായ യുവാവാണ് കളമശ്ശേരി സഹകരണ മെഡിക്കല്‍ കോളജില്‍ നിന്ന് ചാടിപ്പോയത്. ഇയാളെ ഉടന്‍ കണ്ടുപിടിക്കാന്‍ നടപടി വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കളക്ടറോട് രേഖാമൂലം അഭ്യര്‍ത്ഥിക്കുകയായിരുന്നു. വൈകാതെ യുവാവ് തിരിച്ചെത്തുകയും ചെയ്തു. ഡിഎംഒയുടെ അപേക്ഷയുടെ പകര്‍പ്പു സഹിതമാണ് ജന്മഭൂമി വാര്‍ത്ത നല്‍കിയത്. വാര്‍ത്തയുടെ വിവരം ആര് നല്‍കിയെന്നാണ് പോലീസിന് അറിയേണ്ടിയിരുന്നത്. ഇത് വെളിപ്പെടുത്തേണ്ട ബാധ്യത ലേഖകന് ഇല്ലെന്നിരിക്കേ, പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടിയാണ്. മറ്റ് ചില പത്രങ്ങളും ശരിയായ ഈ വാര്‍ത്ത നല്‍കുകയുണ്ടായി. അങ്ങനെയിരിക്കെ ജന്മഭൂമി ലേഖകനെ മാത്രം മാനസികമായി പീഡിപ്പിച്ചതും, അടിയന്തര സ്വഭാവമുള്ള സ്വന്തം ജോലി മണിക്കൂറുകളോളം തടസ്സപ്പെടുത്തിയതും ഒരു നിലയ്‌ക്കും അംഗീകരിക്കാനാവില്ല. ഇതിന് ഉത്തരവാദികളായവരെ കണ്ടെത്തി നടപടികളെടുക്കണം.
മാനവരാശിയെ മുഴുവന്‍ ആശങ്കയിലാഴ്‌ത്തി പടര്‍ന്നുകൊണ്ടിരിക്കുന്ന മഹാമാരിയാണ് കൊറോണ. വിവിധ ഭൂഖണ്ഡങ്ങളിലായി ആയിരക്കണക്കിനാളുകള്‍, മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത രോഗബാധയാല്‍ മരണമടഞ്ഞു കഴിഞ്ഞു. ലക്ഷക്കണക്കിനു പേര്‍ രോഗബാധിതരുമാണ്. ജനപ്പെരുപ്പത്തില്‍ രണ്ടാമതായ നമ്മുടെ രാജ്യം അതീവ ശുഷ്‌കാന്തിയോടെയാണ് രോഗം പടരുന്നതിനെതിരായ നടപടികള്‍ സ്വീകരിക്കുന്നത്. ജനസാന്ദ്രത വളരെയധികമായ കേരളം അതീവ ജാഗ്രത പാലിക്കേണ്ട സംസ്ഥാനമാണ്. പ്രവാസികള്‍ വളരെയധികമുള്ളതാണ് ഇതിന് കാരണം. ഈയൊരു സാഹചര്യത്തില്‍ കൊറോണ ബാധയെ പ്രതിരോധിക്കാന്‍ മറ്റാരെക്കാളും സ്തുത്യര്‍ഹമായ പങ്കാണ് മാധ്യമങ്ങള്‍ വഹിക്കുന്നത്. രോഗത്തിന്റെ മാരക സ്വഭാവത്തെക്കുറിച്ചും, കരുതല്‍ നടപടികളെക്കുറിച്ചും ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ മുന്നില്‍ നില്‍ക്കുന്നത് മാധ്യമ പ്രവര്‍ത്തകരാണ്. ഇക്കാര്യത്തില്‍ തങ്ങളുടെ സുരക്ഷപോലും അവര്‍ കാര്യമാക്കുന്നില്ല. വിമാനങ്ങളിലും ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളിലുമൊക്കെ ധൈര്യപൂര്‍വം കടന്നുചെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത് എല്ലാവരും കാണുന്നതും കേള്‍ക്കുന്നതുമാണ്. അനുഗ്രഹമായി കരുതേണ്ട ഈ സേവന മനോഭാവത്തെ നിന്ദിക്കുന്നതാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ നടപടി.
സംഭവം പരിശോധിച്ച് നടപടികളെടുക്കുമെന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും വ്യക്തമാക്കിയിരിക്കുന്നത് സ്വാഗതാര്‍ഹമാണ്. ഒരു സുപ്രധാന വിവരം ജനങ്ങളെ അറിയിച്ച മാധ്യമ പ്രവര്‍ത്തകനു നേര്‍ക്ക് കുതിരകയറാന്‍ പോലീസുദ്യോഗസ്ഥര്‍ക്ക് ആരാണ് അനുവാദം കൊടുത്തതെന്നും, ആരുടെ ആവശ്യപ്രകാരമായിരുന്നു ഇതെന്നും പുറത്തുവരേണ്ടതുണ്ട്. തികച്ചും അരക്ഷിതമായ ഒരു പരിതസ്ഥിതിയില്‍ മാധ്യമ പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തുന്ന ഇതുപോലുള്ള നടപടി ഇനി ആരുടെ നേര്‍ക്കും ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. ഇത്തരം അതിക്രമങ്ങളെ ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കാന്‍ മാധ്യമങ്ങളും രംഗത്തു വരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: