ന്യൂദല്‍ഹി : ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊവിഡ് എന്ന് വിശദമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ഞായറാഴ്ച ജനത്തിനു വേണ്ടി, ജനം സ്വയം നടത്തുന്ന ‘ജനതാ കര്‍ഫ്യൂ’ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.ലോക മഹായുദ്ധത്തേക്കാള്‍ പ്രതിസന്ധിയിലൂടെയാണ് ലോകം കടന്നു പോകുന്നതെന്നും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തില്‍ പറഞ്ഞു..അവശ്യവസ്തുക്കളെല്ലാം രാജ്യത്തുണ്ടെന്നു പറഞ്ഞ മോദി മഹാമാരിയെ ഭയന്ന് എല്ലാം വാങ്ങിക്കൂട്ടരുതെന്നും ആവശ്യപ്പെട്ടു. രാജ്യത്തു വന്നിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
ഞായറാഴ്ച രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പതു വരെ ആരും വീട്ടില്‍നിന്നു പുറത്തിറങ്ങരുത്. വീട്ടില്‍ത്തന്നെ തുടരണം. വിവിധ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ വീട്ടിലിരുന്ന് ജോലി ചെയ്യാനാകുമെങ്കില്‍ അതു കൃത്യമായി പാലിക്കണം. 65 വയസ്സിനു മുകളിലുള്ള എല്ലാവരും വീടിനു പുറത്തിറങ്ങാതിരിക്കാനും ശ്രദ്ധിക്കണം. കൊറോണയെ പ്രതിരോധിക്കാന്‍ ജനം കരുതലോടെയിരിക്കണം.
ഞായറാഴ്ച വരെ ജനങ്ങളെ ഇക്കാര്യത്തില്‍ ഓരോരുത്തരും ബോധവല്‍ക്കരിക്കണം. ദിവസം 10 പേരെയെങ്കിലും ഫോണ്‍ വഴിയും മറ്റും ഇക്കാര്യം അറിയിക്കണം. വരുംദിവസങ്ങളില്‍ ഓരോരുത്തരും ജനതാ കര്‍ഫ്യൂവിന്റെ ഭാഗമായുള്ള ബോധവല്‍ക്കരണം പരസ്പരം നടത്തണം. ഞായറാഴ്ച വൈകിട്ട് 5ന് അഞ്ചുമിനിറ്റ് നേരം കൊറോണക്കാലത്തു നമ്മുടെ രാജ്യത്തിനു വേണ്ടി നിലകൊള്ളുന്നവര്‍ക്കു വേണ്ടി നന്ദി പറയാന്‍ സമയം കണ്ടെത്തണം. 5 മണിക്ക് ഇതിനായുള്ള സൈറന്‍ ലഭിക്കും. നന്ദി പ്രകടിപ്പിക്കാന്‍ ഏതുരീതി വേണമെങ്കിലും ഉപയോഗിക്കാം.
ഭക്ഷ്യധാന്യം, പാല്‍, മരുന്ന് തുടങ്ങിയ അവശ്യവസ്തുക്കളെല്ലാം രാജ്യത്തുണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് 19 രോഗത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ മഹാമാരിയെ ഭയന്ന് എല്ലാം വാങ്ങിക്കൂട്ടരുത്. വരുംനാളുകളില്‍ രാജ്യത്തെ ജനങ്ങളെല്ലാം തങ്ങളുടെ കര്‍ത്തവ്യങ്ങളെല്ലാം കൃത്യമായി പാലിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
പല പ്രശ്‌നങ്ങളും ഇക്കാലത്തുണ്ടാകാം. പക്ഷേ പൗരനെന്ന നിലയില്‍ ഉത്തരവാദിത്തങ്ങള്‍ പാലിക്കാന്‍ തയാറാകണം. നമുക്ക് നേരത്തേ ലഭിച്ചിരുന്ന പല അവശ്യസേവനങ്ങളും കൊറോണയുടെ സാഹചര്യത്തില്‍ തടസ്സപ്പെട്ടിട്ടുണ്ട്. ആശുപത്രികളിലും ആരോഗ്യ പ്രവര്‍ത്തകരിലും സമ്മര്‍ദമേറെയാണ്. വളരെ അത്യാവശ്യത്തിനല്ലാതെ ആശുപത്രികളില്‍ പോകുന്നത് ഒഴിവാക്കണം. ആവശ്യമില്ലെങ്കില്‍ ദിനംപ്രതിയുള്ള ചെക്കപ്പുകളും ഒഴിവാക്കുകപ്രധാനമന്ത്രി ആവശ്യപ്പെട്ടു.
കൊറോണയെത്തുടര്‍ന്നു രാജ്യത്തുണ്ടാകുന്ന പ്രതിസന്ധി മറികടക്കാന്‍ ധനമന്ത്രി നിര്‍മല സീതാരാമന്റെ നേതൃത്വത്തില്‍ പ്രത്യേക ടാസ്‌ക് ഫോഴ്‌സിനു രൂപം നല്‍കിയിട്ടുണ്ട്. രാജ്യത്തു വന്നിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നടപടികളും ഈ ടാസ്‌ക് ഫോഴ്‌സ് സ്വീകരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
ഒന്ന്, രണ്ട് ലോകമഹായുദ്ധങ്ങള്‍ ബാധിച്ചിരുന്നതിനേക്കാളും കൂടുതല്‍ രാജ്യങ്ങളെ പുതിയ കൊറോണ വൈറസ് ബാധിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ അല്‍പം സമയമാണ് അധികൃതര്‍ ആവശ്യപ്പെടുന്നത്. ജനത്തിന്റെ ഏതാനും ആഴ്ചകളും സമയവും രാജ്യത്തിനു വേണ്ടി വിട്ടുകൊടുക്കണം.
അത്യാവശ്യമെങ്കില്‍ മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ. ജോലിയാണെങ്കിലും പരമാവധി വീട്ടില്‍ത്തന്നെയിരുന്നു ചെയ്യാന്‍ ശ്രമിക്കുക. കോവിഡിനെ പ്രതിരോധിക്കാന്‍ മരുന്നോ വാക്‌സിനോ ഇതുവരെ കണ്ടെത്തിയിട്ടില്ല. പുറത്തിറങ്ങാതെയിരിക്കുന്നതാണ് നിലവിലെ സാഹചര്യത്തില്‍ രക്ഷപ്പെടാനുള്ള ഒരേയൊരു മാര്‍ഗമെന്നും മോദി പറഞ്ഞു
കൊറോണ വൈറസ് ബാധ രാജ്യം കരുതലോടെ നേരിടണം. കൊറോണയില്‍ നിന്നു രക്ഷനേടാന്‍ മരുന്നോ വാക്‌സിനോ കണ്ടെത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ ആശങ്ക സ്വാഭാവികമാണ്. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധിക്കുന്നവരുടെ എണ്ണം കൂടുകയാണ്. ചില രാജ്യങ്ങളില്‍ ആരംഭിച്ച് ഏതാനും നിമിഷങ്ങള്‍ക്കകം പെട്ടെന്നു കുതിച്ചുകയറുകയാണ് കൊറോണ. ഈ മഹാമാരി പരക്കാതെ നോക്കുന്നതില്‍ ഇന്ത്യയും ശ്രദ്ധാലുവാണ്.
ചില കാര്യങ്ങളില്‍ പ്രതിജ്ഞാബദ്ധരായിരിക്കണം. രണ്ട് സാഹചര്യങ്ങളെ ക്ഷമയോടെ നേരിടണം. സ്വയം രോഗം വരാതെ നോക്കും, മറ്റുള്ളവര്‍ക്കു രോഗം പകരാതെ നോക്കും. ഈ പ്രതിജ്ഞ മനസ്സിലുണ്ടാകണം. ഒപ്പം വീട്ടില്‍ തുടരാനും ഐസലേഷന്‍ നിര്‍ദേശിക്കുമ്പോള്‍ അത് അനുസരിക്കാനുമുള്ള ക്ഷമ വേണം. ഒരാള്‍ക്ക് രോഗമില്ലെങ്കില്‍ അയാള്‍ക്ക് എവിടേക്കു വേണമെങ്കിലും സഞ്ചരിക്കാമെന്ന തോന്നല്‍ തെറ്റാണ്. അത് വേണ്ടപ്പെട്ടവരോട് ചെയ്യുന്ന ദ്രോഹമാണ്. ഈ സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശപ്രകാരം വീട്ടില്‍ തുടരുക. വീട്ടില്‍ നിന്ന് ഔദ്യോഗിക ജോലികള്‍ നിര്‍വഹിക്കാനും ശ്രദ്ധിക്കണം. ഇതെല്ലാം കൃത്യമായി പാലിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു
















