ലഖ്നൗ: കൊറോണ വൈറസ് മുന്‍കരുതലിന്റെ ഭാഗമായി വീടുകളിലോ ചെറുസംഘങ്ങളയോ പ്രാര്‍ത്ഥന നടത്തിയാല്‍ മതിയെന്ന് മുസ്ലിം പണ്ഡിതര്‍. വൈറസ് ബാധയെ പ്രതിരോധിക്കുന്നതിനായി ആളുകള്‍ ഒത്തുകൂടുന്നത് പരമാവധി ഒഴിവാക്കണം. വെള്ളിയാഴ്ച ദിവസങ്ങളില്‍ നിസ്കരിക്കാന്‍ പള്ളിയില്‍ വരണമെന്നില്ല. വീടുകളില്‍ വെച്ചും പ്രാര്‍ത്ഥിക്കാമെന്നും ഉത്തര്‍ പ്രദേശിലെ മുസ്ലിം മത പണ്ഡിതരാണ് നിര്‍ദ്ദേശം നല്കി.
കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കാശിനഗരം, മഹാപരിനിര്‍വ്വാണ ക്ഷേത്രം എന്നീ ബുദ്ധമത കേന്ദ്രങ്ങള്‍ അടച്ചിടാന്‍ പുരോഹിതന്മാര് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. അതിനു പിന്നാലെയാണ് ഇമാം നിര്‍ദ്ദേശം പുറത്തുവിട്ടിരിക്കുന്നത്. വൈറസ് ബാധയുടെ ഭീഷണി അവസാനിക്കുന്നത് വരെ പ്രായമായവരും കുട്ടികളും നിര്‍ബ്ബന്ധമായും പള്ളികളില്‍ പോകരുതെന്ന് ഇമാം മൗലാനാ ഖാലിദ് റഷീദ് മാധ്യമങ്ങളിലൂടെ നിര്‍ദ്ദേശം നല്കി. മുന്‍കരുതല്‍ എന്ന നിലയില്‍ മതപരമായ എല്ലാ പരിപാടികളും തത്കാലം ഒഴിവാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇതുസംബന്ധിച്ച് സംസ്ഥാനത്തെ വിവിധ മത നേതാക്കളുമായും ഇമാം ചര്‍ച്ച നടത്തിയിരുന്നു. ഈ നിര്‍ദ്ദേശം വിവിധ മതനേതാക്കള്‍ സ്വാഗതം ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം കത്തോലിക്ക സഭയും ഹൈന്ദവ പുരോഹിതന്മാരും ജൈന- സിന്ധി വിഭാഗങ്ങളും ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയും സമാനമായ നടപടികള്‍ സ്വീകരിക്കുന്നതിന് സന്നദ്ധത അറിയിച്ച് മുന്നോട്ട് വന്നിട്ടുണ്ട്. മുന്‍കരുതലുകളുടെ ഭാഗമായാണ് ഈ നടപടി. ഉത്തര്‍ പ്രദേശില്‍ ഇതുവരെ 16 പേര്‍ക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ ഒരു ജൂനിയര്‍ ഡോക്ടറും ഉള്‍പ്പെടും. നിരവധി പേര് നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: