തിരുവനന്തപുരം: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറ്റലിയില്‍ നിന്നുള്ള പത്തനംതിട്ട സ്വദേശി പരിശോധന നടത്താത്ത സംഭവത്തില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിരത്തിയ വാദങ്ങളെ ചോദ്യം ചെയ്യാവുന്ന പാകത്തില്‍ തമിഴ്‌നാട് ആരോഗ്യമന്ത്രി ഡോ. സി. വിജയ ഭാസ്‌കറിന്റെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. കേരളത്തില്‍ ഇതുവരെ 24 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചപ്പോള്‍ തമിഴ്‌നാട്ടില്‍ ഒരാള്‍ക്കാണ് വൈറസ് ബാധയുള്ളത്.
ഇറ്റലിയില്‍ നിന്ന് കഴിഞ്ഞ മാസം 29ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി പുറത്തു കടന്ന കുടുംബത്തെക്കുറിച്ച് നിയമസഭയില്‍ കെ.കെ. ശൈലജ പ്രസംഗിച്ചതിലെ പൊരുത്തക്കേടുകളാണ് പുറത്തുവരുന്നത്. നൂറുകണക്കിന് ആള്‍ക്കാര്‍ വരുന്നിടത്ത് പോലീസ് മാതൃകയില്‍ പരിശോധിക്കാനാകില്ലെന്നും വിമാനത്താവളം കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണെന്നുമുള്ള വാദമാണ് കെ.കെ. ശൈലജ അവതരിപ്പിച്ചത്. എന്നാല്‍, നിരവധി യാത്രക്കാര്‍ വന്നിറങ്ങുന്ന ചെന്നൈ വിമാനത്താവളത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളാണ് ഡോ. സി. വിജയ ഭാസ്‌കറിന്റെ പ്രസംഗത്തിലുള്ളത്. രണ്ട് ആരോഗ്യ മന്ത്രിമാരുടെയും നിയമസഭാ പ്രസംഗങ്ങള്‍ ഇടകലര്‍ത്തി തയാറാക്കിയ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായത്.
ആയിരക്കണക്കിന് മനുഷ്യരെ എങ്ങനെയാണ് സ്‌ക്രീന്‍ ചെയ്യുക, എയര്‍പോര്‍ട്ട് മുഴുവന്‍ സെന്‍ട്രല്‍ ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലാണ് എന്നാണ് പ്രതിപക്ഷത്തോട് നിയമസഭയില്‍ കെ.കെ. ശൈലജ ചോദിച്ചത്. എന്നാല്‍ വിജയ ഭാസ്‌കറിന്റെ നിയമസഭയിലെ പ്രസംഗം ഇങ്ങനെ: ‘ഒരു ദിവസം ചെന്നൈ എയര്‍പോര്‍ട്ടില്‍ ഇറങ്ങുന്ന എണ്ണായിരത്തി ഇരുനൂറോളം പേരെ നിര്‍ബന്ധമായും സ്‌ക്രീന്‍ ചെയ്യുന്നു. രണ്ട് കാര്യങ്ങളാണ് പരിശോധിക്കുന്നത്, യാത്രാചരിത്രവും രോഗലക്ഷണവും. രോഗമുള്ള ഒരിടത്ത് നിന്നു വരുന്നവര്‍ക്ക് ജലദോഷം, പനി, ശ്വാസ തടസ്സം എന്നിവ ഉണ്ടോയെന്ന് ചോദിക്കും. ഫോം നല്‍കി പൂരിപ്പിച്ച് വാങ്ങിക്കും. വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവ ശേഖരിക്കും. അവരെ നിരീക്ഷിക്കും. 1,45,000 പേരെ ഇതുവരെ നിരീക്ഷിച്ചു.
ശൈലജയുടെ പ്രസംഗം ഇങ്ങനെ: ‘എയര്‍പോര്‍ട്ടില്‍ അവര്‍ പരിശോധനയില്‍ കൃത്യമായി പങ്കെടുത്തില്ല. ആയിരക്കണക്കിന് ആളുകള്‍ വരുന്ന എയര്‍പോര്‍ട്ടില്‍ സ്‌ക്രീനിങ് നടത്തുമ്പോള്‍ ഒരാള്‍ക്ക് അതിനിടയിലൂടെ പോകാന്‍ സാധിക്കും. പോലീസ് മാതൃകയില്‍ പിടിച്ചുവച്ച് പരിശോധിക്കാനാകില്ല’. ഇതേ കാര്യം ഡോ. വിജയഭാസ്‌കര്‍ നിയമസഭയില്‍ വിശദീകരിച്ചത് ഇങ്ങനെ: ‘ചൈന, ദക്ഷിണ കൊറിയ, ഉത്തര കൊറിയ, ഇറാന്‍, ഇറ്റലി എന്നീ രാജ്യങ്ങളില്‍ നിന്നു വരുന്നവരെ നിര്‍ബന്ധമായി ക്വാറന്റൈനില്‍ വയ്‌ക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. ജര്‍മനി, ഫ്രാന്‍സ്, സിംഗപ്പൂര്‍, മലേഷ്യ, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് എത്രപേര്‍ വന്നാലും അവരെ വീട്ടില്‍ നിരീക്ഷണത്തില്‍ വയ്‌ക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചു. അത് നടപ്പാക്കുന്നു’.
കേരള മാതൃകയില്‍ രോഗം തടയാനുള്ള ഉത്തരവാദിത്വം രോഗികള്‍ക്കും തമിഴ്‌നാട്ടില്‍ സര്‍ക്കാരിനുമെന്ന് രേഖപ്പെടുത്തി അവസാനിക്കുന്ന വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് ഷെയര്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: