ന്യൂദല്‍ഹി: കൊറോണ ബാധിച്ച് വിദേശരാജ്യങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണം 276 ആണെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന് ലോക്സഭയെ രേഖാമൂലം അറിയിച്ചു. ഇതില്‍ 255 പേര് ഇറാനിലാണ്. പന്ത്രണ്ട് പേര് യുഎഇയിലും അഞ്ചുപേര്‍ ഇറ്റലിയിലും.ഹോങ്കോങ്ങ്, കുവൈറ്റ്, റുവാണ്ട, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ ഓരോ ഇന്ത്യന്‍ പൗരന്മാരും കൊറോണാ ബാധിതരാണ്. വിദേശങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. നിരവധി പേരെ ഇതിനകം മടക്കിയെത്തിച്ചു. ഇറാനില്‍ നിന്ന് 53 പേരുടെ സംഘത്തെ കഴിഞ്ഞ ദിവസം തിരികെ എത്തിച്ചു.
ഇന്ത്യക്കാര്‍ കൂടുതലുള്ള രാജ്യമാണ് ഇറാന്. ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ ഇറാനില്‍ കടുത്ത നിയന്ത്രണങ്ങളുമുണ്ട്. അതാണ് ഇവിടുത്തെ ഇന്ത്യക്കാരിലെ കൊറോണ ബാധിതര്‍ കൂടാന്‍ കാരണം. കൂടുതല്‍ പേരെ മടക്കിയെത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ്.
കേന്ദ്രആരോഗ്യമന്ത്രി ഡോ. ഹര്ഷവര്ദ്ധന് ഇന്നലെ കൊവിഡ് 19 സംബന്ധിച്ച ഉന്നതതല യോഗം വിളിച്ചുചേര്‍ത്തു. ഏത് അടിയന്തിര സാഹചര്യം നേരിടാനും രാജ്യത്തെ ആശുപത്രികള്‍ക്ക് ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്കി. പരമാവധി കിടക്കകള്‍ തയ്യാറാക്കി വെയ്ക്കാനും ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിക്കാനുമാണ് നിര്‍ദ്ദേശം. മലേഷ്യയിലെ ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കുന്ന ഫിലിപ്പീന്‍സില്‍ നിന്നുള്ള നാനൂറ്റിയഞ്ച് ഇന്ത്യന്‍ വിദ്യാര്‍ഥികളെ തിരികെ കൊണ്ടുവരാന്‍ രണ്ട് എയര്‍ ഏഷ്യ വിമാനങ്ങള്‍ക്ക് കേന്ദ്രം അനുമതി നല്കി.ഇന്ത്യയിലുള്ള ബ്രിട്ടീഷ് പൗരന്മാരോട് കൊറോണ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ സഹായം തേടണമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ ജന്‍ തോംപ്സണ് നിര്‍ദ്ദേശം നല്കി. ബ്രിട്ടീഷ് പൗരന്മാരെ ആരെയും തിരികെ കൊണ്ടുപോകുന്നതടക്കമുള്ള കാര്യങ്ങള്‍ ബ്രിട്ടണ് ചെയ്യില്ലെന്ന സൂചനകളാണ് ഹൈക്കമ്മീഷണര്‍ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: