ശരീരം, മനസ്സ്, ബുദ്ധി എന്നിവയെ ഒറ്റയ്ക്കോ, ഒരുമിച്ചോ നിയന്ത്രിക്കുന്ന പദ്ധതികളാണ് മറ്റെല്ലാം. ഇതില്‍ നേരിട്ട് അദ്വയബോധതലത്തില് തുരീയത്തില്‍ എത്തുകയാണു ചെയ്യുന്നത്. പരശുരാമകല്പസൂത്രത്തില് ഈ വഴിയെ പരാമര്‍ശിക്കുന്നുണ്ട്. കാളിദാസനും കുമാരസംഭവത്തില്‍ ഈ മാര്‍ഗത്തെ സൂചിപ്പിക്കുന്നുണ്ട്. മാത്രമല്ല, ഈ അനുഭൂതിയെ, ഈ തുരീയാവസ്ഥയെ മറ്റൊരാള്‍ക്ക് പകരാനുള്ള ഉപായങ്ങളും (ടെക്നിക്) നമ്മുടെ പൂര്‍വികര്‍ കണ്ടെത്തിയിരുന്നു.
ഇത്തരമൊരു ഉപായത്തിലൂടെയാണ് ശ്രീരാമകൃഷ്ണപരമഹംസര്‍ തികഞ്ഞയുക്തിവാദിയായ നരേന്ദ്രനെ, നിമിഷമാത്രയില്‍, തികഞ്ഞ അധ്യാത്മവാദി ആയി പരിവര്‍ത്തനം ചെയ്തത്. ഇവയില്‍ ഒന്നും മൂന്നും ധാരകള്‍ക്ക് സൈന്ധവകാലത്തിനും പിന്നിലേക്കു വേരുകള്‍ ആണ്ടുകിടപ്പുണ്ടെന്നതിന് പുരാവസ്തുശാസ്ത്രപരമായി തെളിവുകള്‍ ഉണ്ട്. വൈചാരികമായ ധാരക്ക് യുക്തിബദ്ധമായ അടുക്കും ചിട്ടയും കൈവന്നത് ഏറക്കുറെ സൈന്ധവനാഗരികതക്കു ശേഷമാണെന്നു കരുതേണ്ടിയിരിക്കുന്നു. യുക്തിചിന്തക്കു തുടക്കമിട്ടത് ആയുര്‍വേദത്തിന്റെ ഉപജ്ഞാതാക്കളായിരുന്നു എന്നാണ് സുരേന്ദ്രനാഥ് ദാസ്ഗുപ്തയുടെ നിഗമനം. ഇന്നത്തെ ധാരണ വൈദികഷഡ്ദര്‍ശനങ്ങളിലെ ന്യായദര്ശനകാരനായ മേധാതിഥിഗൗതമനാണെന്നാണ്. ഹിന്ദുയുക്തിചിന്ത എന്നു നാം പറയുമ്പോള്‍ മേല്‍പ്പറഞ്ഞ ദര്‍ശനങ്ങളില്‍ സ്വീകരിച്ച എല്ലാ തരം ന്യായവാദങ്ങളേയും കണക്കിലെടുക്കേണ്ടതുണ്ട്. ഈ ഹിന്ദുയുക്തിചിന്തയുടെ വിവിധവശങ്ങള്‍ ആധുനികമായ formal logic, mathematical logic എന്നിവയില്‍ പ്രയോജനപ്പെടുന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.ഈ വിഷയത്തില്‍ നാം മനസ്സിലാക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട വസ്തുതയുണ്ട്. ഈ വിഭിന്നമാര്ഗങ്ങളൊന്നും തന്നെ പരസ്പരബന്ധമില്ലാത്ത പ്രത്യേകം പ്രത്യേകം സമാന്തരപഥങ്ങളായിരുന്നില്ല എന്നതാണത്. ഇവ പരസ്പരം ഇടകലര്‍ന്നാണ് ഇവിടുത്തെ വ്യക്തി, കുടുംബ, സാമൂഹ്യജീവിതങ്ങളില് നിലനിന്നുപോന്നത്. ആറ്റൂര്‍ കൃഷ്ണപിഷാരടിയുടെ കേരളചരിത്രത്തില്‍ അതിപ്രാചീനകേരളത്തില് ഒരേ കുടുംബത്തില്‍തന്നെ വ്യത്യസ്ത ആധ്യാത്മികസമ്പ്രദായങ്ങള് പിന്തുടരുന്നവര് ഒരുമിച്ചു കഴിഞ്ഞിരുന്നു എന്നു പറയുന്നുണ്ട്. ഋഗ്വേദത്തിലെ ഒരു മന്ത്രത്തിലും ഈ ആശയം കാണാം. ആത്മപിണ്ഡം വെച്ച സന്യാസിമാര്‍ വിവിധദേവീദേവനാമസ്തോത്രാദികള് ചൊല്ലുന്നതും മന്ത്രം ജപിക്കുന്നതും തുളസിരുദ്രാക്ഷമാലകളും ഭസ്മ, ചന്ദന, കുങ്കുമക്കുറികളും അണിയുന്നത് സാധാരണമാണല്ലോ. ചിലര്‍ യോഗസാധനകള്‍ അനുഷ്ഠിക്കുന്നതും കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: