തിരുവനന്തപുരം : ഹിന്ദു ധർമ്മ സ്ഥാപനങ്ങളും ആരാധനാലയങ്ങളും ആധ്യത്മിക കേന്ദ്രങ്ങളുമായ ക്ഷേത്രങ്ങളെ വ്യവസായ വാണിജ്യ സ്ഥാപനമായി കണക്കാക്കി ട്രേഡ് യൂണിയൻ നിയമത്തിന്റെ പരിധിയിൽ കൊണ്ടു വരാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.
ക്ഷേത്ര ജീവനക്കാർക്ക് മതിയായ സേവന വേതന വ്യവസ്ഥകൾ ഉണ്ടാവേണ്ടത് അനിവാര്യമാണ്. വരുമാനമനുസരിച്ച് ക്ഷേത്രങ്ങളെ തരം തിരിച്ചുള്ള പട്ടികയുണ്ടാക്കി ക്ഷേമ നിധിയും വേതന വ്യവസ്ഥകളും ഉണ്ടാക്കാൻ നടപടി സ്വീകരിക്കണം. പല പ്രൈവറ്റ് ദേവസ്വങ്ങളും നിത്യ നിദാനത്തിന് ആവശ്യമായ വരുമാനം ലഭിക്കാത്തവയാണ്. ഭക്ത ജനങ്ങളുടെ കഠിനാധ്വാനം കൊണ്ടാണ് അവ നിലനിൽക്കുന്നത്. ഭൂമി അന്യാധീനപ്പെട്ടതും വാർഷികാശനത്തുക (ആന്വിറ്റി) നൽകാത്തതും മൂലം പല ക്ഷേത്രങ്ങളും സാമ്പത്തിക തകർച്ചയെ നേരിടുന്നു. ന്യൂനപക്ഷ മതാരാധനാലയങ്ങൾക്ക് പോലെയുള്ള പ്രത്യേക പാക്കേജ് പ്രൈവറ്റ് ദേവസ്വങ്ങൾക്ക് നൽകി പ്രതിസന്ധിയിൽ നിന്നും രക്ഷിക്കണമെന്നും കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.
















