കൊച്ചി: നേതാക്കള്‍ ഉള്‍പ്പെട്ട പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസ് ഒതുക്കാന്‍ സിപിഎംനീക്കം. സംസ്ഥാനമാകെ കൊറോണ ഭീതിയില്‍ കഴിയുന്നത് മുതലെടുത്ത് അന്വേഷണം മരവിപ്പിക്കാനാണ് പാര്‍ട്ടി നേതൃത്വം ക്രൈംബ്രാഞ്ചിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്. ഇതോടെ അന്വേഷണം ഏതാണ്ട് നിലച്ച മട്ടിലാണ്. സിപിഎം ലോക്കല്‍ കമ്മിറ്റിയംഗങ്ങളും പാര്‍ട്ടി ഭരിക്കുന്ന സഹകരണ ബാങ്കും ഉള്‍പ്പെട്ടതാണ് തട്ടിപ്പ്. ഒരു ലോക്കല്‍ കമ്മിറ്റിയംഗവും ഭാര്യയും യൂണിയന് നേതാവും കേസില്‍ അറസ്റ്റിലായി.
മറ്റൊരു ലോക്കല്‍ കമ്മിറ്റിയംഗവും സഹകരണ ബാങ്ക് ഡയറക്ടറും ഒളിവിലാണ്. സംഭവത്തില്‍ ലോക്കല്‍ കമ്മിറ്റിയംഗം ആത്മഹത്യ ചെയ്തിരുന്നു. തട്ടിപ്പില്‍ ഏരിയ സെക്രട്ടറിക്കെതിരെയും ആരോപണമുയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേസ് ഒതുക്കാന്‍ പാര്‍ട്ടി നേതൃത്വം ഇടപെടുന്നത്.
കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ പൊതുപരിപാടികള്‍ ഒഴിവാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം മാനിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രത്യക്ഷ സമര പരിപാടികളിലേക്ക് നീങ്ങാത്തത് സിപിഎമ്മിന് ഗുണമായി. ഇതു മറയാക്കിയാണ് അവരുടെ നീക്കം.
ഫണ്ടില്‍ നിന്ന് 335ലേറെ തെറ്റായ അക്കൗണ്ടുകളിലേക്ക് അയച്ച 81.5 കോടി രൂപ തിരിച്ചുവന്നിരുന്നു. ഈ തുകയിലാണ് വന്‍ തിരിമറികളുണ്ടായത്. ദേനാ ബാങ്ക്, ജില്ലാ സഹകരണ ബാങ്ക്, അയ്യനാട് സഹകരണ ബാങ്ക് എന്നിവ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. പ്രളയ ഫണ്ടുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ അന്വേഷണം നേരിടുന്ന സിപിഎം നേതാവ് നിഷാദിന്റെ പങ്കാളിത്തം ഈ കേസില്‍ അന്വേഷിക്കാനും ക്രൈംബ്രാഞ്ച് തയാറായിട്ടില്ല.
കേസില്‍ ആകെ 1.20 ലക്ഷം അക്കൗണ്ടുകള്‍ പരിശോധിക്കണം. അതിനുള്ള സൗകര്യം ക്രൈംബ്രാഞ്ചിനില്ല. 2019 ജനുവരി മുതല്‍ ഒരു വര്‍ഷത്തോളമായി നിരന്തരം നടന്ന തട്ടിപ്പാണിത്. ധാരാളം അക്കൗണ്ടുകളിലേക്ക് പണമെത്തി. വിവിധ മണ്ഡലങ്ങളില്‍ ഒരു വീട്ടിലെ മൂന്നു കുടുംബാംഗങ്ങള്‍ക്ക് വരെ തുക ലഭിച്ചു. അര്‍ഹതപ്പെട്ട പലരും ഇപ്പോഴും സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി നടക്കുമ്പോഴാണ് സിപിഎം നേതാക്കള്‍ ലക്ഷങ്ങള്‍ തട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: