തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനം മൂന്നാഴ്ച പിന്നിടുമ്പോള്‍ ആശങ്ക അവസാനിക്കുന്നില്ല. ഇന്നലെ പുതിയ കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വര്‍ധിക്കുന്നത് ആരോഗ്യ വകുപ്പിനെ കുഴക്കുന്നു.
വൈറസ് ബാധിച്ചെന്ന് സംശയിക്കുന്ന ഒരാള്‍ പതിനാല് ദിവസം നിരീക്ഷണത്തിന് വിധേയമാകണമെന്നാണ് ആരോഗ്യവകുപ്പിന്റെ അറിയിപ്പ്. ഏതാണ്ട് എല്ലാ ജില്ലകളിലും കൊറോണ നിരീക്ഷകരുണ്ട്. വൈറസ് പിടിപെട്ടവരുടെ സഞ്ചാര പഥങ്ങളും അവരുമായി ഇടപഴകിയവരുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ദിവസവും റൂട്ട് മാപ്പ് ഇറക്കേണ്ട അവസ്ഥയാണിപ്പോള്‍. കാസര്‍കോട്ടും മലപ്പുറത്തും രോഗം സ്ഥിരീകരിച്ചവര്‍ സഞ്ചരിച്ച റൂട്ട് മാപ്പ് പുറത്ത് വിട്ടു.
നിരീക്ഷണത്തിലുള്ള പലരും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് എല്ലാ ഭാഗത്തും എത്താന്‍ സാധിക്കാതായതോടെ ജനങ്ങള്‍ സ്വയം പ്രതിരോധിക്കണം എന്ന നിര്‍ദേശം നല്‍കുകയാണ്. പത്തനം തിട്ടയില്‍ ആശ്വാസമുണ്ടായപ്പോള്‍ മറ്റ് സ്ഥലങ്ങളില്‍ സ്ഥിതി തീര്‍ത്തും ആശാസ്യമല്ല. പത്തനംതിട്ടയില്‍ ഇന്നലെ കിട്ടിയ ഏഴ് പരിശോധനാ ഫലങ്ങളും നെഗറ്റീവാണ്. എന്നാല്‍ ഒരു ഡോക്ടര്‍ അടക്കം രണ്ട് പേരെ കൂടി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ രണ്ട് ആഴ്ചത്തേയ്‌ക്ക് കൂടി കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മാഹിയില്‍ ഒരാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന മാഹി സ്വദേശിയായ സ്ത്രീക്കാണ് രോഗം സ്ഥിരീകരിച്ചത്. സൗദിയില്‍ ഉംറ തീര്‍ത്ഥാടനത്തിനായി പോയതായിരുന്നു. ഇവരോടൊപ്പം യാത്ര ചെയ്തവര്‍ മലപ്പുറം ജില്ലാ കണ്‍ട്രോള്‍ സെല്ലില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് അറിയിച്ചിട്ടുണ്ട്. കൂടെ യാത്ര ചെയ്തിരുന്ന തീര്‍ത്ഥാടകര്‍ ഏതൊക്കെ ജില്ലയില്‍ ഉള്‍പ്പെട്ടവരാണെന്നത് ആശങ്ക ഉളവാക്കുന്നു.
തൃശ്ശൂരില്‍ രണ്ടായിരത്തഞ്ഞൂറു പേരോളം നിരീക്ഷണത്തിലാണ്. ഇതിനിടെ ശ്രീചിത്രയിലെ ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും മുന്‍കരുതലുകളില്‍ വീഴ്ച ഉണ്ടായില്ലെന്ന് ശ്രീചിത്രാ ഇന്‍സ്റ്റിറ്റിയൂട്ട് വിശദീകരിച്ചു. വര്‍ക്കലയിലെത്തിയ ഇറ്റാലിയന്‍ സ്വദേശിയുമായി നേരിട്ട് ഇടപഴകിയ ആറ് പേരുടെ ഫലമാണ് ഇനി ലഭിക്കാനുള്ളത്. നൂറിലധികം പേരാണ് വര്‍ക്കലയില്‍ നിരീക്ഷണത്തിലുള്ളത്. ഇറ്റലിയില്‍ നിന്നും വന്ന ആര്യനാട് സ്വദേശി, യുകെയില്‍ നിന്നും പേട്ട സ്വദേശി, ശ്രീചിത്രിയിലെ ഡോക്ടര്‍ എന്നിവരുടെ ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നു.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവരുടെ പരിശോധന കാര്യക്ഷമമായി നടപ്പിലാക്കാന്‍ സാധിച്ചില്ല. അതിര്‍ത്തിയിലെ പരിശോധന കാര്യമായി നടക്കാത്തത് ആശങ്കക്ക് ഇടയാക്കുന്നുണ്ട്.
















