ലൗകികശാസ്ത്രങ്ങള് മനുഷ്യന്റെ ഇന്ദ്രിയാനുഭവങ്ങളെ പ്രമാണമാക്കുന്ന അപരാവിദ്യകളാണ്. പരീക്ഷണശാലയാണ് അവയുടെ വിജ്ഞാനക്ഷേത്രം. അവിടെ ഉപകരണസഹായത്തോടെയോ അല്ലാതെയോ മനുഷ്യന്റെ മാംസചക്ഷുസ്സുകളും മാംസപേശികളും തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. മനഃകണ്ണുകൊണ്ട് നോക്കിക്കാണുന്ന ആദ്ധ്യാത്മികശാസ്ത്രങ്ങളാകട്ടെ (പരാവിദ്യകള്) ത്രികാലഭേദമോ ഇന്ദ്രിയമനോബുദ്ധിഭേദമോ ഇല്ലാതെ എല്ലാ സാധ്യതകളെയും ഉള്‍ക്കൊള്ളുന്നു.
ആധുനികശാസ്ത്രത്തില്‍ രണ്ടുമുണ്ട്. രണ്ടാമത്തേത് പരികല്പനകളുടെ ഭാവനാലോകത്താണെന്നുമാത്രം. മനസ്സിന്റെ സംശയാത്മക പരികല്പനകളെ ബുദ്ധിയുടെ യുക്തികൊണ്ടും പരീക്ഷണശാലയിലെ അളവുകള്‍കൊണ്ടും (ജാഗ്രത് സംസ്കാരങ്ങള്‍) ശുദ്ധീകരിച്ചും സ്ഥിരീകരിച്ചുമാണ് ആധുനിശാസ്ത്രത്തിന്റെ അന്തിമസിദ്ധാന്തത്തിലെത്തേണ്ടത്. ഇന്നും അത് ഒരു വിദൂരലക്ഷ്യമായി തുടരുന്നു. അവിടെ എത്തുമ്പോഴേ ഭാരതീയന്റെ ‘സിദ്ധാന്ത’മാവുകയുള്ളു. ആധുനികശാസ്ത്രവും അദ്വൈത ജ്ഞാന ശാസ്ത്രത്തിനു വിധേയമാണ്.
ശാസ്ത്രത്തിന്റെ പരീക്ഷണശാലകളില്‍ മനുഷ്യവ്യക്തിയുടെ സാന്നിധ്യം ഒഴിവാക്കാന്‍ ഇന്നേവരെ സാധിച്ചിട്ടില്ല, ഇനി സാധിക്കുകയുമില്ല. 17-ാം നൂറ്റാണ്ടില്‍ ന്യൂട്ടന് എന്ന ആചാര്യന് തന്റെ ദ്രവ്യങ്ങളുടെ ‘ജഡത്വം'(ചലനസ്ഥിരത) എന്ന ആശയത്തിലൂടെ സാങ്കേതികമായി അളവുകള്കൊണ്ടുള്ള (ദൂരം, ഇടവേള, ദ്രവ്യമാനം) വസ്തുനിഷ്ഠവിവരണം സാധ്യമാക്കി എന്നുമാത്രം. ആ വസ്തുനിഷ്ഠ അവതരണത്തില്‍ മാത്രമായി ഒതുങ്ങുന്നു.
ശ്രീശങ്കരന് തന്റെ ഭാഷ്യങ്ങളില്‍ ആദ്ധ്യാത്മികതയെപ്പോലും വസ്തുനിഷ്ഠമായി അവതരിപ്പിച്ചിട്ടുണ്ടെന്ന് ചിലര്‍ക്കുമാത്രം അറിയാവുന്ന രഹസ്യമാണല്ലോ. വസ്തുനിഷ്ഠ അവതരണത്തിന്റെ ആദ്യത്തെ സംശുദ്ധവും ഉദാത്തവുമായ മാതൃക ശ്രീശങ്കരന്റെ ഗദ്യശൈലിയാണ്. അവിടെ വസ്തു ബ്രഹ്മവും, വിഷയം ബ്രഹ്മജിജ്ഞാസയുമാകുന്നു. ആധുനികശാസ്ത്രത്തെ ഒരു വിദേശനിര്മ്മിതിയായി കാണേണ്ടതില്ല. അദ്വൈതജ്ഞാനശാസ്ത്രത്തിന്റെ മറ്റൊരു കൈവഴിമാത്രം.
ന്യൂട്ടന്റെ ശാസ്ത്രം വസ്തുനിഷ്ഠമെന്ന് മനഃപായസമുണ്ണുമ്പോഴാണ് ആധുനികശാസ്ത്രത്തില്‍ മനുഷ്യന്റെ ഇടപെടലുകള്ക്കതീതമായ ‘റേഡിയോ ആക്ടീവ് ‘പ്രതിഭാസങ്ങള്‍ 19-20 നൂറ്റാണ്ടു സന്ധിയില്‍ ആദ്യമായി കണ്ടെത്തുന്നത്. ഇവയാണ് ഭൗതികശാസ്ത്രത്തിലെ യഥാര്‍ത്ഥ വസ്തുനിഷ്ഠ പ്രതിഭാസങ്ങള്‍. ന്യൂട്ടന്റെ വസ്തുനിഷ്ഠ അവതരണത്തെ വസ്തുനിഷ്ഠയാഥാര്‍ത്ഥ്യം എന്നു തെറ്റിദ്ധരിച്ചവര്‍ ആ യാഥാര്‍ത്ഥ്യത്തെ പരീക്ഷണശാലയില്‍ നേര്‍ക്കുനേര്‍ കണ്ടുമുട്ടിയപ്പോള്‍ അങ്കലാപ്പിലാവുകയാണുണ്ടായത്. മനുഷ്യന് നിയന്ത്രിക്കാന്‍ കഴിയുന്നതെല്ലാം ‘നിശ്ചിത’ മെന്നും, പ്രകൃതി നിശ്ചയിക്കുന്നവയെല്ലാം ‘അനിശ്ചിത’മെന്നുമാണല്ലോ അവരുടെ കാഴ്ചപ്പാട്! പ്രകൃതിയെ സര്‍വ്വാത്മനാ അംഗീകരിക്കാന്‍ പാശ്ചാത്യശാസ്ത്രം ഇന്നും തയ്യാറാകുന്നില്ല. അതിനു തയ്യാറാകാതെ ആ ശാസ്ത്രം വസ്തുനിഷ്ഠ കൈവരിക്കാനും പോകുന്നില്ല.
യഥാര്‍ത്ഥ വസ്തുനിഷ്ഠ സമര്പ്പണബുദ്ധിവഴി എത്തുന്ന വ്യക്തിത്വനിര്മ്മാര്ജ്ജനത്തില് നിന്നേ ഉണ്ടാകു. പ്രവര്‍ത്തിമാര്‍ഗത്തില്‍ നിന്നും സിദ്ധിപ്രയോഗങ്ങളില് നിന്നും നിവൃത്തിയിലേക്കു പ്രവേശിക്കുേമ്പാഴേ ആധുനികശാസ്ത്രം വസ്തുനിഷ്ഠമാവുകയുള്ളു. അതോടെ ആ ശാസ്ത്രം ഭാരതീയജ്ഞാനശാസ്ത്രമായി മാറുകയും ചെയ്യും.
ഇന്നത്തെ അടിസ്ഥാന ഭൗതികശാസ്ത്രത്തിലെ ബാലികേറാമല അനുഭവങ്ങളുടെ (സംഭവങ്ങളുടെ) ‘സംഭാവ്യതാ’സങ്കല്പമാണല്ലോ. കാലദേശാതീതമായ സമസ്ത സാധ്യതകളേയും ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണതയുടെ താല്‍ക്കാലിക മിന്നലാട്ടങ്ങളാണ് ഇന്ദ്രിയാനുഭവങ്ങളെന്നും, അവയുടെ ആപേക്ഷിക അളവാണ് സംഭാവ്യത എന്നും അംഗീകരിക്കാന്‍ ഒരു ഭാരതീയന് വിഷമമുണ്ടാകുമെന്ന് തോന്നുന്നില്ല. പഴങ്കഥകളിലല്ലാതെ, സമകാലികശാസ്ത്രത്തിന്റെ അടിസ്ഥാനമേഖലകളിലേക്ക് ഭാരതീയ ദര്‍ശന പാരമ്പര്യം കടന്നുവരേണ്ട സമയമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: