തൃശൂര്‍: കൊറോണ വൈറസ് പ്രതിരോധത്തിനായി പുതുക്കാട് സേവാഭാരതിയുടെ കീഴില്‍ പ്രതിദിനം നിര്‍മിക്കുന്നത് ആയിരത്തിലധികം തുണി മാസ്‌ക്കുകള്‍. കഴുകി വൃത്തിയാക്കി വീണ്ടും ഉപയോഗിക്കാവുന്ന തുണി മാസ്‌ക്കുകളാണ് ഇവിടെ തയാറാക്കുന്നത്. നാലായിരത്തോളം മാസ്‌ക്കുകള്‍ ഇതിനകം നിര്‍മിച്ചു.
സ്ത്രീകളുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം രാവും പകലുമായാണ് മാസ്‌ക് നിര്‍മാണത്തിലേര്‍പ്പെട്ടിട്ടുള്ളത്. പൂര്‍ണമായും തുണി മാത്രം ഉപയോഗിച്ച് നിര്‍മിക്കുന്ന മാസ്‌ക് തുന്നിയെടുക്കാന്‍ വേണ്ടത് 15 മിനിറ്റ്.
കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ ത്രീ ലെയര്‍ സര്‍ജിക്കല്‍ മാസ്‌ക്കുകള്‍ കിട്ടാനില്ലാത്തതും ഉള്ളതിന് കൊള്ളവില ഈടാക്കുന്നതും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മാസ്‌ക് നിര്‍മാണത്തെക്കുറിച്ച് ആലോചിച്ചതെന്ന് സേവാഭാരതി പുതുക്കാട് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ബിനോജ് പേഴാരി പറഞ്ഞു. ആറ് മണിക്കൂര്‍ ഉപയോഗിച്ച ശേഷം സോപ്പിട്ട് നന്നായി കഴുകി വെയിലത്തുണക്കിയതിനു ശേഷം ഇസ്തിരിയിട്ട് മാസ്‌ക് വീണ്ടും ഉപയോഗിക്കാം. ഓരോ തവണയും സോപ്പ് ഉപയോഗിച്ച് കഴുകി വെയിലത്ത് ഉണക്കി, ഇസ്തിരിയിട്ട ശേഷമേ മാസ്‌ക് ഉപയോഗിക്കാവൂ.
രണ്ട് തരം മാസ്‌ക്കുകളാണ് നിലവില്‍ ഉപയോഗിക്കുന്നത്. എന്‍ 95 മാസ്‌ക്, ത്രീ ലെയര്‍ സര്‍ജിക്കല്‍ മാസ്‌ക് എന്നിവ. എന്‍ 95 മാസ്‌ക് കൊറോണ ബാധിച്ചവര്‍ക്കും അവരെ പരിചരിക്കുന്നവര്‍ക്കുമാണ് ആവശ്യം. ഈ രണ്ട് മാസ്‌ക്കുകളും കിട്ടാനില്ലാത്ത സാഹചര്യത്തിലാണ് തുണിമാസ്‌ക്കുകള്‍ ഉപയോഗിക്കാമെന്ന് വിദഗ്ധര്‍ നിര്‍ദ്ദേശിച്ചത്. ഇതോടെയാണ് തുണിമാസ്‌ക്കിന് മാതൃകയുണ്ടാക്കി നിര്‍മാണം ആരംഭിച്ചത്. തുണി മാസ്‌ക്കുകള്‍ നിര്‍മിക്കുന്നുണ്ടെന്ന വിവരം അറിഞ്ഞതിനെത്തുടര്‍ന്ന് മറ്റ് ജില്ലകളില്‍ നിന്നു പോലും നിരവധി പേര്‍ ഫോണ്‍ വഴിയും നേരിട്ടും ബന്ധപ്പെടുന്നുണ്ട്. മാസ്‌ക്കിന് അഞ്ച് രൂപയാണ് വിപണിയില്‍ നിന്ന് ഈടാക്കുന്നത്. നാലു രൂപയാണ് നിര്‍മാണച്ചെലവ്. മിച്ചം വരുന്ന ഒരു രൂപ മറ്റ് സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്നും ബിനോജ് പറഞ്ഞു. പുതുക്കാട് സേവാഭാരതിയുടെ കീഴില്‍ തുണിസഞ്ചി നിര്‍മാണവുമുണ്ട്.
















