ന്യൂദല്‍ഹി: കോവിഡ് 19 വ്യാപനത്തിനെതിരേ ഭാരത സര്‍ക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൈക്കൊള്ളുന്ന പ്രതിരോധ നടപടികളെ പ്രശംസിച്ച് ലോകാരോഗ്യസംഘടന. കൊറോണ സംബന്ധിച്ച് ഇന്ത്യയിലെത്തിയ ലോകാരോഗ്യസംഘടന പ്രതിനിധി ഹെങ്ക് ബെക്ക്ഡാമാണ് കൊറോണ പ്രതിരോധത്തില്‍ ഇന്ത്യയുടെ മികവിനെ പ്രശംസിച്ചത്. കൊറോണ പ്രതിരോധത്തില്‍ ഇന്ത്യന്‍ സര്‍ക്കാരും പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കാട്ടുന്ന ആത്മാര്‍ത്ഥത അനുകരണീയവും അഭിനന്ദനാര്‍ഹവുമാണ്. ഈ ഒരു ഒറ്റക്കാരണത്താലാണ് ഇന്ത്യ ഇപ്പോഴും മറ്റു ലോകരാജ്യങ്ങളേക്കാള്‍ കൊറോണയെ പ്രതിരോധിക്കുന്നതില്‍ മുന്‍പന്തിയിലുള്ളത്. ഇന്ത്യന്‍ ജനതയുടെ ഒത്തൊരുമ മാതൃകപരമാണെന്നും ഹെങ്ക്.
നേരത്തേ, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിലെ യോഗത്തിലും ഹെങ്ക് പങ്കെടുത്തു. ഐസിഎംആറിന്റെയും ആരോഗ്യ ഗവേഷണ വിഭാഗത്തിന്റേയും മികവ് പ്രശംസനീയമാണ്. എല്ലാത്തരും വൈറസുകളേയും കണ്ടെത്താന്‍ പ്രാപ്തരാണ് അവര്‍. അതിനാല്‍, ഇനിയുള്ള ഗവേഷണങ്ങളില്‍ ഇന്ത്യയുടെ പങ്കാളിത്തവും ഉറപ്പാക്കുമെന്നും ഹെങ്ക്.
അതേസമയം, കൊറോണ വൈറസ് ലോകത്താകമാനം നിയന്ത്രണാധീതമായി പടരുന്ന സാഹചര്യത്തില്‍ താജ്മഹല്‍ ഉള്‍പ്പെടെ രാജ്യത്തൊട്ടാകെയുള്ള എല്ലാ സംരക്ഷിത സ്മാരകങ്ങളും കേന്ദ്ര മ്യൂസിയങ്ങളും അടച്ചിടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. മാര്‍ച്ച് 31വരെ സ്മാരകങ്ങളും കേന്ദ്ര മ്യൂസിയങ്ങളും അടച്ചിടുമെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രി പ്രഹ്ലാദ് പട്ടേലാണ് അറിയിച്ചത്. നിരവധി ആളുകള്‍ സ്മാരകങ്ങളിലും മ്യൂസിയങ്ങളിലും വന്ന് പോകുന്നതിനാല്‍ രോഗം പടര്‍ന്നുപിടിക്കാന്‍ സാഹചര്യം കൂടുതലാണ്, അതുകൊണ്ട് അവ അടച്ചുപൂട്ടേണ്ടത് അനിവാര്യമാണെന്ന് സാംസ്കാരിക മന്ത്രാലയം അധികൃതര്‍ പറഞ്ഞു.
ഒരു പ്രതിരോധ തന്ത്രമെന്ന നിലയില്‍ സാമൂഹിക അകലം പാലിക്കുന്നതിനുള്ള ഒരു കൂട്ടം നടപടികള്‍ നടപ്പാക്കണമെന്ന് യോഗത്തില്‍ തീരുമാനിച്ചു.എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും (സ്കൂളുകള്‍, സര്‍വ്വകലാശാലകള്‍), ജിമ്മുകള്‍, മ്യൂസിയങ്ങള്‍, സാംസ്കാരിക, സാമൂഹിക കേന്ദ്രങ്ങള്‍, സ്വിമ്മിങ് പൂളുകള്‍, തിയേറ്ററുകള്‍ എന്നിവ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടില്‍ തന്നെ തുടരാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓണ്‍ലൈന്‍ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: