ന്യൂദല്‍ഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഷോപ്പിങ് മാളുകളും സിനിമാ തിയെറ്ററുകളും സ്വിമ്മിങ് പൂളുകളും അടച്ചിടാന്‍ ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കി. ആളുകള്‍ കൂട്ടംകൂടുന്ന സ്ഥലങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണം. സ്വകാര്യ സ്ഥാപനങ്ങള്‍ ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കണം. പൊതുഗതാഗത സംവിധാനത്തിന്റെ ഉപയോഗം കുറയ്‌ക്കണം. യാത്രകള്‍ പരമാവധി ഒഴിവാക്കണം.
നാളെ മുതല്‍ യൂറോപ്പ്, തുര്‍ക്കി, യുകെ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഇത് പിന്നീട് പുനപ്പരിശോധിക്കും. യുഎഇ, ഖത്തര്‍, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളില്‍നിന്നും വരുന്നവരെ 14 ദിവസം നിര്‍ബന്ധമായും നിരീക്ഷണകേന്ദ്രത്തില്‍ പാര്‍പ്പിക്കും. ഇറാനില്‍ നിന്ന് ഇന്നലെ 53 പേരെ രാജ്യത്ത് തിരിച്ചെത്തിച്ചു. ഇവരെ ജയ്‌സാല്‍മീറിലെ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. മഹാരാഷ്‌ട്ര, ലഡാക്ക്, ജമ്മു കശ്മീര്‍, ഒഡീഷ, കേരളം എന്നിവിടങ്ങളില്‍ ഇന്നലെ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സഹായത്തിന് വിദേശകാര്യ മന്ത്രാലയം ഹെല്‍പ്പ്‌ലൈന്‍ കേന്ദ്രം തുറന്നു.
ലോകവ്യാപകമായി വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തില്‍ വിദേശത്തുള്ള ഇന്ത്യക്കാരുടെ ഏകോപനത്തിന് പ്രത്യേക സെല്‍ രൂപീകരിച്ചു. കണ്‍ട്രോള്‍ റൂം: 1800118797 (ടോള്‍ ഫ്രീ). 911123012113, 911123014104, 911123017905. ഇ മെയില്‍. [email protected]
















