തിരുവനന്തപുരം: വൈറസ് ബാധിതനായ ഡോക്ടര്‍ ഐസലൊലേഷനില് പോകാതെ വീണ്ടും ജോലി ചെയ്തതായി കണ്ടെത്തിയതോടെ തലസ്ഥാനത്തെ ശ്രീചിത്രാ മെഡിക്കല്‍ സെന്റര്‍ കടുത്ത പ്രതിസന്ധിയില്‍. റേഡിയോളജി ഡോക്ടറാണ് വൈറസ് ബാധിച്ചതിനു ശേഷവും ജോലിക്കെത്തിയത്. ഇതോടെയാണ് ആയിരക്കണക്കിന് രോഗികള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്ന ഏറ്റവും മികച്ച സര്‍ക്കാര്‍ സ്പെഷ്യലിസ്റ്റ് ആശുപത്രി സമാനതകളില്ലാത്ത പ്രതിസന്ധിയിലായത്. ആരോഗ്യവകുപ്പിന്റെ ഗുരുതരമായ വീഴ്ചയാണിത്.
കൊറോണബാധ രൂക്ഷമായ സ്പെയിനില്‍ പോയി ഈ മാസം രണ്ടിന് തിരിച്ചെത്തിയ ഡോക്ടര്‍ ഇക്കാര്യം ‘ദിശ’യിലും ശ്രീചിത്രയിലെ മെഡിക്കല്‍ വിഭാഗത്തിലും അറിയിച്ചിരുന്നു. വീട്ടില്‍ നീരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചിരുന്നതാണ്. എന്നാല്‍ ആശുപത്രി അധികൃതരുടെ നിര്‍ദേശ പ്രകാരം ഈ മാസം ഏഴു മുതല്‍ ഡോക്ടര്‍ വീണ്ടും ജോലിക്കെത്തി. പതിനഞ്ചിന് കൊറോണ ബാധ സ്ഥിരീകരിക്കുന്നതു വരെ ഡോക്ടര്‍ ചികിത്സയില്‍ സജീവമായിരുന്നു.
വൈറസ് ബാധ സ്ഥിരീകരിച്ചതോടെ നിരവധി ഡോക്ടര്‍മാരെയും നഴ്സുമാരെയും നിരീക്ഷണത്തിലാക്കി, ശസ്ത്രക്രിയകള്‍ മാറ്റിവച്ചു. രോഗികള്‍ ആശങ്കയിലായി. 43 ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 76 പേര് നിരീക്ഷണത്തിലാണ്. 25 ഡോക്ടര്‍മാര്‍ ഹൈറിസ്ക് കോണ്ടാക്റ്റിലും 17 ഡോക്ടര്‍മാര്‍ ലോ റിസ്ക് കോണ്ടാക്റ്റിലും ഉള്‍പ്പെടും. ഹൈറിക്സ് കോണ്ടാക്റ്റിലുള്ള ഡോക്ടര്‍മാരോട് അവധിയില്‍ പോകാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. ഇവര്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്. 18 നഴ്സുമാരും 13 ടെക്നിക്കല്‍ സ്റ്റാഫും രണ്ട് അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫും നിരീക്ഷണത്തിലാണ്.
പതിനൊന്നാം തീയതി ഡോക്ടറുടെ ആരോഗ്യനില മോശമായപ്പോഴാണ് വിശദ പരിശോധനയ്ക്ക് വിധേയനാക്കിയത്. എട്ടു ദിവസം ഒരു നിയന്ത്രണവുമില്ലാതെ ആശുപത്രിയില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലാണ്. ശ്രീചിത്രയില്‍ അടിയന്തര ശസ്ത്രക്രിയകള്‍ മാത്രമാണ് ഇന്നലെ നടത്തിയത്. അവധിയില്‍പോയ ഡോക്ടര്‍മാരുടെ ചുമതലകള്‍ മറ്റു ഡോക്ടര്‍മാര്‍ക്ക് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: