തിരുവനന്തപുരം: ശ്രീചിത്ര ആശുപത്രിയിലെ ഡോക്റ്റര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സംഭവത്തില്‍ ഗുരുതര സുരക്ഷാ വീഴ്ച കണ്ടെത്തി. രണ്ടു ദിവസം മുന്‍പ് ശനിയാഴ്ച കേന്ദ്രമന്ത്രി വി. മുരളീധരന് ശ്രീചിത്രയിലെ ഉന്നതതല യോഗത്തില്‍ പങ്കെടുത്തിരുന്നു. അന്ന് കൊറോണ സംബന്ധിച്ച ആശങ്കകളെക്കുറിച്ച് അവിടെയുണ്ടായിരുന്ന ഡോക്ടര്‍മാരോട് കേന്ദ്രമന്ത്രി തന്നെ കാര്യങ്ങള്‍ നേരിട്ട് അന്വേഷിച്ചിരുന്നു. ഏതെങ്കിലും തരത്തില്‍ സന്ദര്‍ശനം മാറ്റിവയ്ക്കണോ എന്നും മന്ത്രി ഡോക്റ്റര്‍മാരോട് ആരാഞ്ഞിരുന്നു. എന്നാല്‍ അതിന്റെയൊന്നും ആവശ്യമില്ല എല്ലാം സുരക്ഷിതമാണ് എന്ന മറുപടിയാണ് ഡോക്ടര്‍മാരില്‍ നിന്നും ലഭിച്ചത്. ഇതിനു പിന്നാലെയാണ് ശ്രീചിത്രയിലെ ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ ആശുപത്രി അധികൃതര്‍ക്ക് സംഭവിച്ച വീഴ്ചയില്‍ വി. മുരളീധരന്റെ ഓഫീസ് വിശദീകരണം തേടിയിരുന്നു. ഇതിനു പിന്നാലെയാണ് വിഷയത്തില്‍ ശ്രീചിത്രയിലെ അധികൃതകര്‍ക്ക് ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായി എന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിലയിരുത്തുന്നത്. കേന്ദ്രമന്ത്രി പങ്കെടുത്ത ചടങ്ങില്‍ കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ വേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലെന്നാണു കണ്ടെത്തല്‍. വീഴ്ച വരുത്തിയവര്‍ക്കെതിരേ നടപടിയുമുണ്ടാകും. കൊറോണ ബാധിതനെന്ന് സംശയിക്കുന്ന ഒരു ഡോക്ടര്‍ ശ്രീചിത്ര ആശുപത്രിയിലുണ്ടെന്ന വിവരം അധികൃതര്‍ മറച്ചുവച്ചുവെന്നാണ് കേന്ദ്രമന്ത്രാലയത്തിന്റെ വിലയിരുത്തല്‍.
യോഗത്തില്‍ പങ്കെടുത്തവര്‍ക്കൊപ്പമോ സ്വീകരിക്കാനെത്തിയവര്‍ക്കൊപ്പമോ രോഗബാധിതനായ ഡോക്ടര്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നോ എന്നാണ് വി. മുരളീധരന്റെ ഓഫീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം, ഡോക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനു പിന്നാലെ ഇദ്ദേഹം പരിശോധിച്ച രോഗികളുടെ വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ അന്വേഷിച്ചു വരികയാണ്.ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയില്‍ വന്‍ പ്രതിസന്ധിയാണ് നേരിടുന്നത്. രോഗബാധിതനായ ഡോക്ടറുടെ കൂടെ ജോലിചെയ്ത 25 ഡോക്ടര്‍മാരെ വീട്ടില നിരീക്ഷിക്കാന്‍ നിര്‍ദേശം നല്കി. തുടര്‍ന്ന് ആശുപത്രിയിലെ ശസ്ത്രക്രിയകള്‍ നിര്‍ത്തി വെച്ചു. അഞ്ച് വിഭാഗങ്ങളിലെ ഡോക്ടര്‍മാരോട് അവധിയില്‍ പോകാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇന്നലെ കോവിഡ് സ്ഥിരീകരിച്ച ഡോക്ടര്‍ വന്ന വഴിയുടെ റൂട്ട് മാപ്പ് ഇന്ന് പുറത്തുവിട്ടേക്കും. സ്പെയിനില്‍ നിന്നും ഡോക്ടര്‍ മടങ്ങിയെത്തിയ ശേഷം ഇടപഴകിയ ആശുപത്രിയിലെ ജീവനക്കാരെയും നിരീക്ഷിക്കുകയാണ്. തിരുവനന്തപുരത്ത് 162 പേരെ കൂടി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: