ന്യൂദല്‍ഹി: സാര്‍ക്ക് രാജ്യങ്ങളിലെ തലവന്മാരെ സാക്ഷിയാക്കിയാണ് 2014ല്‍ നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. എല്ലാ രാജ്യങ്ങളുമായും മികച്ച ബന്ധം പുലര്‍ത്തുമ്പോഴും ലോകത്തെ ജനസംഖ്യയുടെ അഞ്ചില്‍ ഒരു ഭാഗം വരുന്ന സാര്‍ക്ക് മേഖലയുടെ താത്പര്യം സംരക്ഷിക്കാന്‍ പ്രത്യേകമായി മോദി ശ്രദ്ധിക്കാറുമുണ്ട്, പാക്കിസ്ഥാന് പലപ്പോഴും വിലങ്ങുതടിയാകാറുണ്ടെങ്കിലും. കൊറോണ ദുരന്തം ലോകത്തെ പിടിച്ചുലയ്ക്കുമ്പോഴും അയല്‍രാജ്യങ്ങളെ നയിക്കാന്‍ മോദി മുന്നിട്ടിറങ്ങി.
വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ചര്‍ച്ച ചെയ്യാമെന്ന ആശയത്തിന് വലിയ പിന്തുണയാണ് രാജ്യങ്ങള്‍ നല്‍കിയത്. ആദ്യം ഉടക്കി നിന്ന പാക്കിസ്ഥാനും പിന്നീട് ഇതിന്റെ ഭാഗമാകേണ്ടി വന്നു. ഇന്ത്യയുടെ നയതന്ത്ര വിജയം കൂടിയായി കോണ്‍ഫറന്‍സ്.
മോദി നയിച്ചപ്പോള്‍ നന്ദി പറയുകയായിരുന്നു മറ്റ് രാജ്യങ്ങള്‍. മേഖലയുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിന് മുന്‍കൈയെടുത്തതിന് മോദിയെ അഭിനന്ദിച്ചുകൊണ്ടാണ് മാലദ്വീപ്പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സ്വാലിഹ് തുടങ്ങിയത്. വൈറസിനെതിരെ ഒരു രാജ്യത്തിനും ഒറ്റയ്ക്ക് പൊരുതി ജയിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, മാലിദ്വീപിന്ഇന്ത്യയുടെ പ്രത്യേക സഹായം ലഭിച്ചതില്‍ മോദിക്കും രാജ്യത്തെ ജനങ്ങള്‍ക്കും നന്ദി അറിയിച്ചു. ചൈനയിലെ വുഹാനില്‍നിന്ന് 23 ബംഗ്ലാദേശി വിദ്യാര്‍ഥികളെ തിരിച്ചുകൊണ്ടുവന്നതിന് മോദിക്ക് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയും നന്ദി പറഞ്ഞു.
പ്രതിരോധ പ്രവര്‍ത്തനം തുടരുന്നതിന് പ്രത്യേക മേഖലകള്‍ കണ്ടെത്തി ആരോഗ്യ മന്ത്രിയും സെക്രട്ടറിമാരും വിദഗ്ധരും വീഡിയോ കോണ്‍ഫറന്‍സ് നടത്തുമെന്ന് അവര്‍ വ്യക്തമാക്കി. പ്രതിരോധ പ്രവര്‍ത്തനത്തില്‍നിന്ന് ഒരു രാജ്യത്തിനും മാറിനില്ക്കാന് സാധിക്കില്ലെന്ന് പാക്കിസ്ഥാന് ആരോഗ്യ മന്ത്രി സഫര്‍ മിര്‍സ പറഞ്ഞു.
വൈറസിനെതിരായ ടെലി മെഡിസിനുകള്‍ക്ക് പൊതുവായ രൂപരേഖ വേണമെന്ന് അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഘനി ചൂണ്ടിക്കാട്ടി. അതിര്‍ത്തികള്‍ അടയ്ക്കുന്നത് ഭക്ഷണവും മരുന്നും ഉള്‍പ്പെടെയുള്ളവയെ ബാധിക്കുമെന്നും ഘനി പറഞ്ഞു. ശ്രീലങ്കയുടെ വിനോദ സഞ്ചാരമേഖലയെ ദുരന്തം ഗുരുതരമായി ബാധിച്ചെന്ന് പ്രസിഡന്റ് ഗൊതബയ രാജപക്ഷെ വിശദീകരിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഭീകരാക്രമണത്തിന് ശേഷം സാമ്പത്തിക മേഖല മെച്ചപ്പെട്ട് വരുന്നതിനിടെയാണ് ഈ തിരിച്ചടി. ഇപ്പോഴത്തെ പ്രതികൂല സാഹചര്യം മറികടക്കുന്നതിന് സഹായവും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഒരുമിച്ചുള്ള പ്രവര്‍ത്തനം കൊറോണയെ നേരിടുന്നതിനുള്ള പ്രത്യേക തന്ത്രം രൂപീകരിക്കാന്‍ സഹായിക്കുമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: