ന്യൂദല്‍ഹി: ജനസംഖ്യാ നിയന്ത്രണത്തിന് നിയമം വേണമെന്ന ബിജെപി നിലപാടിന് പിന്തുണയുമായി കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവ് അഭിഷേക് മനു സിങ്വി. ഇത് സംബന്ധിച്ച് നടപ്പ് പാര്‍ലമെന്റ് സമ്മേളനത്തില്‍ രാജ്യസഭയില്‍ അദ്ദേഹം സ്വകാര്യബില്‍ അവതരിപ്പിക്കും. രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ വിലക്കണമെന്നാണ് ബില്ലിലുള്ളത്. സ്വകാര്യ ബില്ലുകള്‍ പൊതുവെ നിയമമാകാറില്ലെങ്കിലും വിഷയം രാജ്യത്തിന്റെ ശ്രദ്ധയിലെത്തിക്കാന്‍ ഉപകരിക്കുമെന്നത് പ്രധാന നേട്ടമാണ്.
രണ്ട് കുട്ടികളില്‍ കൂടുതലുള്ളവരെ ലോക്സഭാ, രാജ്യസഭാ, നിയമസഭാ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നത് വിലക്കണമെന്ന് ബില്ല് ചൂണ്ടിക്കാട്ടുന്നു. ഇവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങളോ സബ്സിഡിയോ നല്‍കരുത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളിലെ ഗ്രൂപ്പ് എ തസ്തികകള്‍ അനുവദിക്കരുത്. സ്ഥാനക്കയറ്റത്തിനും നിയന്ത്രണമേര്‍പ്പെടുത്തണം. ഒരു കുട്ടി മാത്രമുള്ള ദാരിദ്ര്യരേഖയില്‍ താഴെയുള്ളവര്‍ക്ക് ആണ്‍കുട്ടിയാണെങ്കില്‍ വന്ധ്യംകരണത്തിന് അറുപതിനായിരവും പെണ്‍കുട്ടിയാണെങ്കില്‍ ഒരു ലക്ഷം രൂപയും നല്‍കണം.
രണ്ട് കുട്ടികള്‍ മാത്രമെന്ന നിര്‍ദ്ദേശം പാലിക്കുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കണം. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ ദേശീയതലത്തില്‍ ഫണ്ട് രൂപീകരിക്കണം. ആരോഗ്യ കേന്ദ്രങ്ങളില്‍ ഗര്‍ഭനിരോധ ഉപാധികള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കണം. ഒരു കുട്ടി മാത്രമുള്ളവര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലിയിലും കൂടുതല്‍ പരിഗണന നല്‍കണം. ജനസംഖ്യാ നിയന്ത്രണമില്ലാതെ രാജ്യത്തിന് യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ അഭിവൃദ്ധിപ്പെടാനാകില്ലെന്ന് സിങ്വി പറഞ്ഞു. ജാതിയും മതവും വിഭാഗവും രാഷ്‌ട്രീയവും നോക്കാതെ രാജ്യത്തെ എല്ലാവര്‍ക്കും നിയമം ബാധകമാക്കണം, അദ്ദേഹം വ്യക്തമാക്കി.
ജനസംഖ്യാ നിയന്ത്രണത്തിന് നിയമം വേണമെന്ന് ബിജെപി തുടക്കം മുതല്‍ ആവശ്യപ്പെടുന്നതാണെങ്കിലും മുസ്ലിം വിരുദ്ധമെന്ന് ആരോപിച്ച് കോണ്‍ഗ്രസ് അകലം പാലിച്ചു വരികയാണ്. രാജ്യത്തെ പൗരന്മാര്‍ സ്വമേധയാ സ്വീകരിക്കേണ്ട നിയന്ത്രണമെന്ന് മാത്രമാണ് യുപിഎ സര്‍ക്കാര്‍ നിലപാടെടുത്തത്. കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനസംഖ്യാ വര്‍ദ്ധനവില്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു. രാജ്യം ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിങ്വിയുടെ നീക്കത്തോട് കോണ്‍ഗ്രസ് പ്രതികരിച്ചിട്ടില്ല. പാര്‍ട്ടിയില്‍ ഒരു വിഭാഗം ഈ ആശയത്തെ പിന്തുണയ്‌ക്കുന്നതായാണ് വിവരം. നേരത്തെ കശ്മീരിന്റെ പ്രത്യേക പദവി, മിന്നലാക്രമണം തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന് ഒരു വിഭാഗം നേതാക്കളുടെ പിന്തുണ ലഭിച്ചിരുന്നു. 2027ല്‍ ഇന്ത്യ ജനസംഖ്യയില്‍ ചൈനയെ മറികടന്ന് ലോകത്ത് ഒന്നാമതെത്തുമെന്ന് അടുത്തിടെ ഐക്യരാഷ്‌ട്ര സഭയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: