അവാര്‍ഡുകളുടെ രാഷ്ട്രീയം കേരളത്തില്‍ അധികമൊന്നും ചര്‍ച്ച ചെയ്യപ്പെടാറില്ല. വ്യവസ്ഥാപിത ശക്തികള്‍ നിരന്തരം ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്യുന്നവയാണെങ്കിലും ഉപരിപ്ലവമായ വിവാദങ്ങള്‍ക്കപ്പുറം അവാര്‍ഡുകള്‍ക്കു പിന്നിലെ മതപരവും രാഷ്ട്രീയവും ജാതീയവുമായ അജണ്ടകള്‍ ചര്‍ച്ചയ്ക്കെടുക്കുന്നതിന് ‘പ്രബുദ്ധ കേരള’ത്തില്‍ അപ്രഖ്യാപിത വിലക്കുണ്ട്. ഇതിന് അപവാദമായിരുന്നു മതംമാറിയതോടെ മാധവിക്കുട്ടിയെ ‘എഴുത്തമ്മ’യായി പ്രഖ്യാപിച്ച് എഴുത്തച്ഛന് അവാര്‍ഡ് നല്‍കിയതിനെതിരെ ഉയര്‍ന്ന വിമര്‍ശനം. ഇസ്ലാമിക മതമൗലിക വാദം സാംസ്കാരിക രംഗം കയ്യടക്കാന്‍ ശ്രമിക്കുന്നതിന്റെ പ്രകടമായ ഉദാഹരണമായിരുന്നു കമല സുരയ്യയ്ക്ക് എഴുത്തച്ഛന് പുരസ്കാരം നല്‍കിയത്. ചതിയില്‍ വീണതും വഞ്ചിക്കപ്പെട്ടതും പില്ക്കാലത്ത് തിരിച്ചറിഞ്ഞ് തീവ്രമായി ആഗ്രഹിച്ചിട്ടും മരണത്തിലൂടെ പോലും മാധവിക്കുട്ടിക്ക് മതമൗലികവാദത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല.
മതമൗലികവാദികളുടെ ഈ ട്രാപ്പിലേക്ക് കെ.ആര്. മീരയെപ്പോലുള്ള എഴുത്തുകാര്‍ ഓടിക്കയറുന്നതാണ് പിന്നീട് കണ്ടത്. മോഷണക്കുറ്റം ആരോപിക്കപ്പെട്ട അവരുടെ നോവലിനുപോലും അവാര്‍ഡുകള്‍ സംഘടിപ്പിച്ചുകൊടുക്കുന്നതില്‍ മതരാഷ്ട്രീയത്തിന്റെ ഇടപെടല്‍ സംശയിക്കപ്പെട്ടു. പക്ഷേ ഇതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന ഒരുതരം ആപല്‍ക്കരമായ ഒത്തുതീര്‍പ്പിലേക്ക് സാംസ്കാരിക രംഗം എത്തിച്ചേര്‍ന്നു. ഇവിടെയാണ് പ്രഭാവര്‍മയുടെ ‘ശ്യാമമാധവം’ എന്ന കൃതിക്ക് ജ്ഞാനപ്പാന പുരസ്കാരം നല്‍കിയതിന്റെ ഔചിത്യം ചോദ്യം ചെയ്യപ്പെടേണ്ടതും, ഈ കവിത പ്രതിനിധാനം ചെയ്യുന്ന സാംസ്കാരിക നിന്ദ ചര്‍ച്ച ചെയ്യപ്പെടേണ്ടതും.
കാവ്യലക്ഷ്യം എന്നൊന്നുണ്ട്
തന്റെ കൃതിക്ക് ജ്ഞാനപ്പാന പുരസ്കാരം നല്‍കിയതിനെതിരായ വിമര്‍ശനങ്ങളെ തള്ളിക്കളഞ്ഞ് പ്രഭാവര്‍മ നടത്തിയ പ്രതികരണത്തിലെ വാദഗതികള്‍ ദുര്‍ബലങ്ങളും തെറ്റിദ്ധരിപ്പിക്കുന്നവയുമാണ്. ഇതിഹാസങ്ങള്‍ക്ക് വ്യാഖ്യാനഭേദങ്ങള് അനുവദനീയമാണെന്നും, കാളിദാസന് മുതല്‍ കുമാരനാശാന് വരെയുള്ളവരുടെ കൃതികളെ മുന്‍നിര്‍ത്തി പ്രഭാവര്‍മ പറയുന്നതില്‍ കഴമ്പില്ല. കാവ്യലക്ഷ്യം എന്നൊന്നുണ്ട്. ഉള്ളടക്കത്തിലെ ഒരംശമോ ഒരു കഥാപാത്രം പറയുന്ന വാചകമോ മുന്‍നിര്‍ത്തി കാവ്യലക്ഷ്യം നിര്‍ണയിക്കാനാവില്ല. ‘കൊല്ലിക്കയത്രേ നിനക്ക് രസമെടോ’ എന്ന് മഹാഭാരതം കിളിപ്പാട്ടില്‍ പറയുന്ന എഴുത്തച്ഛന് ഇതിഹാസത്തിന്റെ കാവ്യലക്ഷ്യത്തെ അതിലംഘിക്കുന്നില്ല. ‘യയാതി’ എന്ന നോവലിലൂടെ ഖാണ്ഡേക്കറും ‘കര്ണന്’ എന്ന നോവലിലൂടെ ശിവജി സാവന്തും ഈ പാതയാണ് പിന്തുടരുന്നത്.
മഹാഭാരതം പ്രതിനിധാനം ചെയ്യുന്ന ബഹുസ്വരതയെയാണ് ഈ എഴുത്തുകാര്‍ പരിപോഷിപ്പിക്കുന്നത്. വ്യാസദര്‍ശനത്തിന്റെ സാഫല്യങ്ങളായി ഇവരുടെ കൃതികളെ വിലയിരുത്താം. ഇതല്ല എം.ടി. വാസുദേവന്‍ നായരുടെ രണ്ടാമൂഴം, തിരുനെല്ലൂര്‍ കരുണാകരന്റെ ഒരു യുദ്ധത്തിന്റെ പര്യവസാനം, പി.കെ. ബാലകൃഷ്ണന്റെ ഇനി ഞാന്‍ ഉറങ്ങട്ടെ എന്നീ കൃതികള്‍ പിന്‍പറ്റുന്നത്. വ്യാസന്റെ മൂല്യബോധത്തെയും, മഹാഭാരതത്തിന്റെ ധര്‍മസങ്കല്‍പങ്ങളെയും മാറ്റിമറിക്കുകയാണ് മൂവരും ചെയ്യുന്നത്. ഇതാണ് സാംസ്കാരിക നിന്ദയായി മാറുന്നത്. കുഞ്ഞുക്കുട്ടന് തമ്പുരാന്റെ പച്ചമലയാളത്തിലുള്ള മഹാഭാരതം തെറ്റി വായിച്ചതുമൂലം അബദ്ധത്തില്‍ വീണവരും ഇക്കൂട്ടത്തിലുണ്ടെന്ന് പലര്‍ക്കും അറിയുമെന്ന് തോന്നുന്നില്ല. തന്റെ ദുരുപദിഷ്ടമായ രചനയെ ന്യായീകരിക്കാന്‍ പ്രഭാവര്‍മ, സുഗതകുമാരിയുടെ കൃഷ്ണാ, നീയെന്നെ അറിയില്ല, കെ. അയ്യപ്പപ്പണിക്കരുടെ ഗോപികാദണ്ഡകം എന്നീ കവിതകളെ കൂട്ടുപിടിക്കുന്നുണ്ട്. എന്നാല്‍ ശ്യാമമാധവം ചെയ്യുന്നതുപോലെ ഈ കവിതകള്‍ കൃഷ്ണ സങ്കല്പത്തെ ഏതെങ്കിലും വിധത്തില്‍ നിന്ദിക്കുന്നില്ല. കെ. സച്ചിദാനന്ദന്റെ വിഷം ചീറ്റുന്ന ചില കവിതകളോടാണ് ശ്യാമമാധവത്തിന് താരതമ്യം.
തെറ്റിദ്ധരിപ്പിക്കല്‍ എന്ന കല
ഭാരതത്തിന്റെ ഭൂത-വര്‍ത്തമാന കാലങ്ങള്‍ക്ക് തിളക്കമേറ്റുകയും, ഭാവിയെ സമ്മോഹനമാക്കുകയും ചെയ്യുന്ന കൃഷ്ണ സങ്കല്പത്തെ വികൃതവല്‍ക്കരിക്കുന്ന സാംസ്കാരിക നിന്ദയാണ് ‘ശ്യാമമാധവ’ത്തിലൂടെ പ്രഭാവര്‍മയും ചെയ്യുന്നത്. സര്‍ഗാത്മകമല്ല, നിഷേധാത്മകമാണത്. ഇത്തരം സാംസ്കാരിക നിന്ദയ്ക്ക് വിപണിമൂല്യമുണ്ട് എന്ന ദുഷ്ടലാക്കാണ് കവിയെ നയിച്ചത്. ശ്യാമ മാധവത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും, വയലാര്‍-വള്ളത്തോള്‍ അവാര്‍ഡുകളും മറ്റും ലഭിക്കുകയുണ്ടായി. എന്നാല്‍ അവാര്‍ഡുകളുടെ പെരുപ്പം കൃതിയുടെ ഉള്ളടക്കത്തെ സാധൂകരിക്കുന്നില്ല.
അസംബന്ധ ലേഖനങ്ങള്‍ എഴുതി കഥകള്‍ എന്ന പേരില്‍ പ്രസിദ്ധീകരിക്കുന്ന കെ.ആര്. മീരയ്ക്ക് ലഭിക്കുന്ന പുരസ്കാരങ്ങള്‍ സര്‍ഗാത്മകതയുടെ സാക്ഷ്യമല്ലാത്തതുപോലെയാണ് ശ്യാമമാധവത്തിന് ലഭിക്കുന്ന അവാര്‍ഡുകളും. കൃതി ഇറങ്ങിയിട്ട് എട്ടുവര്‍ഷമായെന്നും, ഇപ്പോഴാണ് ചിലര്‍ അതില്‍ കൃഷ്ണ നിന്ദ കണ്ടുപിടിച്ചിരിക്കുന്നതെന്നും പ്രഭാവര്‍മ ആക്ഷേപിക്കുന്നത് സത്യവിരുദ്ധമായാണ്. ‘സമകാലിക മലയാളം’ വാരികയില്‍ ഈ കവിത ഖണ്ഡശഃ പ്രസിദ്ധീകരിച്ചപ്പോള്‍ മുതല്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. കവി തന്നെ ഇതിനോട് പ്രതികരിച്ചിട്ടുള്ളതുമാണ്. ഇക്കാര്യം മറച്ചുപിടിച്ചാണ് ജ്ഞാനപ്പാന പുരസ്കാരം ലഭിച്ചതോടെയാണ് തന്റെ കൃതിയെ ചിലര്‍ വളഞ്ഞിട്ട് ആക്രമിക്കുന്നതെന്നു വരുത്തിത്തീര്‍ത്ത് പ്രഭാവര്‍മ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്. തെറ്റിദ്ധരിപ്പിക്കലും ചില കവികള്‍ക്ക് ഒരു കലയാണല്ലോ.
പൂന്താനത്തിന് കളങ്കം
‘സമകാലിക മലയാള’ത്തില്‍ പ്രസിദ്ധീകരിച്ചുവന്ന ‘ശ്യാമമാധവം’ പൊടുന്നനെ നിര്‍ത്തുകയായിരുന്നുവല്ലോ. ടി.പി. ചന്ദ്രശേഖരനെ 51 വെട്ടു വെട്ടി സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയപ്പോള്‍ ആ പൈശാചികതയ്ക്ക് കയ്യൊപ്പ് ചാര്‍ത്തുകയാണ് പ്രഭാ വര്‍മ ചെയ്തത്. കാരുണ്യത്തിന്റെ പക്ഷത്തു നില്‍ക്കേണ്ട കവി അതിക്രൂരമായ നരഹത്യയെ ന്യായീകരിച്ചത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് വാരികയുടെ പത്രാധിപര്‍ എസ്. ജയചന്ദ്രന് നായര്‍ കവിതയുടെ പ്രസിദ്ധീകരണം നിര്‍ത്തിയത്. കവിയുടെ രാഷ്ട്രീയവും കവിതയുടെ പ്രസിദ്ധീകരണവും തമ്മില്‍ കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്നു പറഞ്ഞ് ചിലര്‍ പ്രതിഷേധ കോലാഹലമുയര്‍ത്തിയെങ്കിലും പത്രാധിപര്‍ നിലപാട് മാറ്റിയില്ല. ഒടുവില്‍ മാധ്യമധര്‍മം മനുഷ്യസ്നേഹത്തിനുംമാനവികതയ്ക്കും വിരുദ്ധമല്ല എന്ന ധീരമായ നിലപാടിനു മുന്നില്‍ കവിക്കും അനുചരന്മാര്ക്കും കീഴടങ്ങേണ്ടിവന്നു.
‘ശ്യാമ മാധവ’ത്തിന് പ്രസിദ്ധീകരണാനുമതി പിന്‍വലിച്ച അതേ യുക്തിയാണ് ആ കൃതിക്ക് ജ്ഞാനപ്പാന പുരസ്കാരം നല്‍കരുതായിരുന്നു എന്നു പറയുന്നതിലും ഉള്ളത്. ആദ്യാവസാനം ഭക്തകവിയായിരുന്നു പൂന്താനം. ”ഉണ്ണികൃഷ്ണന് മനസ്സില്‍ കളിക്കുമ്പോള്‍ ഉണ്ണികള്‍ മറ്റു വേണമോ മക്കളായ്” എന്നു ചോദിച്ച് മക്കളില്ലാത്ത ദുഃഖം പോലും ആനന്ദമാക്കിയ കവി. ”സാംഖ്യ ശാസ്ത്രങ്ങള്‍ യോഗങ്ങളിങ്ങനെ, സംഖ്യയില്ലതു നില്ക്കട്ടെ സര്‍വവും” എന്നു പാടി ഭക്തിയെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ച ആസ്തിക ജന്മം. ”കേളിയേറിന മേല്‍പ്പുത്തൂരിന്റെ വിഭക്തിയേ, ക്കാളിഹ പൂന്താനത്തിന് ഭക്തിയാണെനിക്കിഷ്ടം” എന്നു സാക്ഷാല്‍ ഗുരുവായൂരപ്പനെക്കൊണ്ടുപോലും പാടിച്ച കവിയുമാണെന്നോര്‍ക്കുക. ഇങ്ങനെയൊരു പുണ്യപുരുഷന്റെ പേരില്‍, കൃഷ്ണ ഭക്തരുടെ പണമെടുത്ത് നല്കുന്ന പുരസ്കാരം കൃഷ്ണബിംബത്തെ തച്ചുടയ്ക്കുന്ന കവിതയ്ക്ക് സമ്മാനിക്കുന്നത് തികച്ചും അധാര്‍മികമാണ്, അംഗീകരിക്കാനാവാത്ത ധാര്‍ഷ്ട്യമാണ്. പൂന്താനം ജ്ഞാനപ്പാനയില്‍ ബ്രാഹ്മണ്യത്തെയും അവരുടെ അഹങ്കാരത്തെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിട്ടുണ്ട് എന്നു പറഞ്ഞ് സാധൂകരിക്കാവുന്നതല്ല ഇത്.
അവാര്‍ഡുകളിലെ നൈതികത
ആരുടെ പേരില്‍ ഏത് കൃതിക്ക് നല്കുന്ന അവാര്‍ഡും ഔചിത്യം നോക്കാതെ സ്വീകരിക്കുന്നത് മലയാള സാഹിത്യകാരന്മാര്‍ക്കിടയിലെ അനുഷ്ഠാനകലയാണ്. പക്ഷേ ഇതിലെ നൈതികത ചിലേപ്പാഴെങ്കിലും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. പൈങ്കിൡ നോവലിസ്റ്റായിരുന്ന മുട്ടത്തുവര്‍ക്കിയുടെ പേരിലുള്ള അവാര്‍ഡ് വലിയ എഴുത്തുകാര്‍ സ്വീകരിക്കുന്നതിനെതിരായ വിമര്‍ശനം ഓര്‍ക്കുക.
മഹാത്മാഗാന്ധിയുടെ പേരില്‍ നല്കപ്പെടുന്നതാണ് അന്താരാഷ്ട്ര ഗാന്ധി സമാധാന പുരസ്കാരം. ഇത് അല്‍ഖ്വയ്ദ തലവനായിരുന്ന ബിന്ലാദന് ല്‍കിയിരുന്നെങ്കില്‍ എങ്ങനെയിരിക്കും? ജവഹര്‍ലാല്‍ നെഹ്റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും പേരിലുള്ള ഏതെങ്കിലും അവാര്‍ഡ് എം.ഒ. മത്തായി നെഹ്റു കുടുംബത്തെ തുറന്നുകാട്ടി എഴുതിയ ‘നെഹ്റു യുഗ സ്മരണകള്‍’ എന്ന പുസ്തകത്തിന് നല്‍കിയിരുന്നെങ്കിലോ? മലയാളത്തിലെ പല എഴുത്തുകാര്‍ക്കും കിട്ടിയിട്ടുള്ളതാണ് അബുദാബി ശക്തി അവാര്‍ഡ്. മതനിന്ദ ആരോപിച്ച് ഇസ്ലാമിക തീവ്രവാദികള്‍ കൈ വെട്ടിയെടുത്ത ടി.ജെ. ജോസഫിന്റെ ‘അറ്റുപോകാത്ത ഓര്‍മകള്‍’ എന്ന കൃതിക്ക് ഈ അവാര്‍ഡ് നല്‍കുമോ? കമ്യൂണിസ്റ്റ് പാര്‍ട്ടി നിയന്ത്രിക്കുന്നതാണ് വയലാര്‍ അവാര്‍ഡ്. ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന നാടകത്തിന് സിവിക് ചന്ദ്രന് എഴുതിയ പ്രതിനാടകമായ ‘നിങ്ങളാരെ കമ്യൂണിസ്റ്റാക്കി’ എന്ന കൃതിക്ക് വയലാര്‍ അവാര്‍ഡ് നല്കാന് ആരെങ്കിലും ധൈര്യപ്പെടുമോ?
ഇതേ പ്രശ്നമാണ് അവതാര കൃഷ്ണനെ യുദ്ധക്കൊതിയനും സ്ത്രീലമ്പടനുമായി ചിത്രീകരിക്കുന്ന ‘ശ്യാമ മാധവ’ത്തിന് ജ്ഞാനപ്പാന പുരസ്കാരം നല്‍കുന്നതിലും അന്തര്‍ഭവിക്കുന്നത്. ഇത് മനസ്സിലാക്കാന്‍ സാഹിത്യസിദ്ധാന്ത പഠനമൊന്നും വേണ്ട. ശ്യാമ മാധവം മുഴുവന്‍ കാണാപ്പാഠമാക്കേണ്ടതുമില്ല. സാമാന്യബുദ്ധിയും സദാചാര സങ്കല്‍പ്പവും അല്‍പ്പം ആസ്തിക്യ ബോധവും മതി. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനെ നയിക്കുന്നവര്‍ക്ക് ഇത് ഇല്ലാതെ പോയി. ഇതിനാലാണല്ലോ ശ്യാമ മാധവത്തിന് ജ്ഞാനപ്പാന പുരസ്കാരം നല്കിയ തീരുമാനം ഹൈക്കോടതിക്ക് സ്റ്റേ ചെയ്യേണ്ടി വന്നത്.
എംടിയല്ല, എം. മുകുന്ദന്
ആസൂത്രിതമായ സാംസ്കാരിക നിന്ദയാണ് ശ്യാമമാധവത്തില്‍ പ്രഭാവര്‍മ്മ നടത്തുന്നത്. ഇങ്ങനെ ചെയ്താലുള്ള ലാഭനഷ്ടങ്ങളെക്കുറിച്ച് ഈ കവിക്ക് വ്യക്തമായ ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് ഈ നിലയ്ക്കുള്ള വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ ഉത്സാഹം കാണിക്കാതിരുന്നത്. താന്‍ കൃഷ്ണസങ്കല്പത്തെ കടന്നാക്രമിക്കുകതന്നെയാണെന്ന് മറ്റുള്ളവര്‍ ധരിക്കണമെന്ന് കവി ഉള്ളാലേ ആഗ്രഹിച്ചു. കാരണം രാഷ്ട്രീയ യജമാനന്മാരെയും സാംസ്കാരിക രംഗത്തെ സ്പോണ്സര്മാരെയും പ്രീതിപ്പെടുത്താനും, പ്രതീക്ഷിക്കുന്ന പാരിതോഷികങ്ങളെല്ലാം ലഭിക്കാനും ഇത് ആവശ്യമായിരുന്നു. ഈ വകയില്‍ ഒരുമാതിരിപ്പെട്ടതൊക്കെ തരപ്പെടുത്തിക്കഴിഞ്ഞു. ഇനി മറിച്ചൊരു നിലപാട് എടുക്കുന്നതുകൊണ്ട് വലിയ നഷ്ടമൊന്നും വരാനില്ല. ഇതുകൊണ്ടാണ് ഇതിഹാസത്തോട് അനീതി കാണിച്ചിട്ടില്ല, സ്വകീയമായ കൃഷ്ണസങ്കല്പത്തെ അവതരിപ്പിക്കുകയാണ് എന്നൊക്കെ ആത്മാര്‍ത്ഥതയേതുമില്ലാതെ വാദിച്ചുറപ്പിക്കാന് പ്രഭാവര്‍മ ശ്രമിക്കുന്നത്.
സംസ്കാര നിന്ദയില്‍ ‘രണ്ടാമൂഴ’ക്കാരനെയാണ് മാതൃകയാക്കുന്നതെങ്കിലും എഴുത്തുകാരനെന്ന നിലയ്ക്ക് എംടി പുലര്‍ത്തുന്ന അന്തസ്സ് പ്രഭാവര്‍മക്കില്ല. കടുത്ത വിമര്‍ശനങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുമ്പോഴും തന്നെ തെറ്റിദ്ധരിക്കുകയാണ്, താന്‍ എഴുതിയതിന്റെ ആന്തരാര്‍ത്ഥം മറ്റൊന്നാണ് എന്നൊന്നും എംടി ഒരിക്കലും പറഞ്ഞിട്ടില്ല. എഴുതിയത് എഴുതിയതുതന്നെയാണ്, സഹൃദയന് അഭിരുചിക്കനുസരിച്ച് ഉള്‍ക്കൊള്ളാം. ഇങ്ങനെയൊരു നിലപാടല്ല പ്രഭാവര്‍മയുടേത ്.
എം. മുകുന്ദനെയാണ് വര്‍മ പിന്‍പറ്റുന്നത്. ഇ.എം.എസ്. നമ്പൂതിരിപ്പാടിനെ വില്ലനാക്കി അവതരിപ്പിക്കുന്ന ‘കേശവന്റെ വിലാപങ്ങള്‍’ എന്ന നോവല്‍ എഴുതിയ മുകുന്ദന് പിന്നീട് ആ കൃതി കമ്യൂണിസ്റ്റ് ഭക്തിപ്രസ്ഥാനത്തില്‍പ്പെടുന്നതാണെന്ന് പ്രചരിപ്പിക്കാന്‍ കൂട്ടുനിന്നു. കവിയായ പ്രഭാവര്‍മയോട് ആര്‍ക്കും കുടിപ്പക വേണ്ടതില്ല. പക്ഷേ കവിത നിര്‍ദയം വിലയിരുത്തപ്പെടണം. ‘ശ്യാമമാധവ’ത്തിലെ ഉള്ളടക്കം കൃഷ്ണനിന്ദയല്ലെന്ന് സ്ഥാപിക്കാന്‍ ഇപ്പോള്‍ തീവ്രമായി ശ്രമിക്കുന്ന വര്‍മ സഹതാപമര്‍ഹിക്കുന്ന ജീവിയായി മാറുന്നു. ‘ശ്യാമമാധവം’ മുഴുക്കെ വായിച്ചിട്ടുള്ളവരല്ല അതിന്റെ വിമര്‍ശകരെന്ന് കവി ഇടയ്ക്കിടെ കുറ്റപ്പെടുത്തുന്നുണ്ട്. സഹൃദയന് പെരുമാറ്റച്ചട്ടം നിശ്ചയിക്കുന്നത് നല്ല കവികള്‍ക്ക് ചേര്‍ന്നതല്ല. ‘ശ്യാമമാധവം’ ഒരു സ്വാഭാവിക രചനയാണെന്ന് കരുതാന്‍ വയ്യ. മഹനീയമായ കൃഷ്ണസങ്കല്പത്തെ മലിനമാക്കുന്ന ഒരു കൃതി രചിക്കണമെന്ന ഉദ്ദേശ്യമാണ് കവിക്കുണ്ടായിരുന്നത്. കവിയുടെ പ്രതീക്ഷയ്ക്കൊത്ത് കൃതി സ്വീകരിക്കാനുംകൊണ്ടാടാനും ആളുകളുണ്ടായി എന്നതാണ് സത്യം.
‘രണ്ടാമൂഴ’ത്തിന്റെ ഇതിവൃത്തത്തോട് വിയോജിക്കുമ്പോഴും എംടിയുടെ പാത്രസൃഷ്ടിയും ആഖ്യാന ശൈലിയും അന്യാദൃശമാണ്. ഇൗയൊരു മേന്മയൊന്നും ശ്യാമമാധവത്തിനില്ല. ശ്യാമമാധവത്തെ പുകഴ്ത്തി അവതാരികയും പ്രബന്ധങ്ങളും എഴുതിയവരുടെ പട്ടിക പ്രഭാവര്‍മ നിരത്തുന്നുണ്ടെങ്കിലും അവയൊന്നും കൃതിയുടെ മൂല്യം വര്‍ധിപ്പിക്കുന്നില്ല. വര്‍മയുടെ ചില സിനിമാഗാനങ്ങള്‍ക്ക് ഉള്ളത്ര ലാവണ്യഭംഗിയോ അര്‍ത്ഥഗരിമയോപോലും ‘ശ്യാമമാധവ’ത്തിനില്ലെന്ന് പറയേണ്ടിവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: