മലയാളികളുടെ പ്രിയതാരം നവ്യാ നായരെ കേന്ദ്രകഥാപാത്രമാക്കി ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച് പ്രശസ്ത സംവിധായകന് വി.കെ പ്രകാശ് ഒരുക്കുന്ന ‘ഒരുത്തി’യുടെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രം ഉടനെ തിയേറ്ററുകളിലേക്ക്.
എറണാകുളം- വൈപ്പിന്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബോട്ടിലെ കണ്ടക്ടറാണ് രാധാമണി. രണ്ട് കുട്ടികളുടെ മാതാവായ രാധാമണിയുടെ ഭര്‍ത്താവ് (സൈജു കുറുപ്പ്) വിദേശത്താണ്. വളരെ സന്തോഷം നിറഞ്ഞ ഒരു സന്തുഷ്ട കുടുംബമാണ് രാധാമണിയുടേത്. കൂടുതല്‍ ആര്‍ഭാടമോ ജീവിതമോഹങ്ങളോ ഒന്നുമില്ലാതെ വളരെ സന്തോഷകരമായി ജീവിക്കുന്ന രാധാമണിയുടെ ജീവിതത്തില്‍ മൂന്ന് ദിവസങ്ങളിലായി സംഭവിക്കുന്ന അപ്രതീക്ഷിതമായ സംഭവങ്ങള്‍ അവരുടെ ജീവിതത്തിന്റെ താളം തെറ്റിക്കുന്നു. ഒരു സാധാരണ സ്ത്രീയുടെ ജീവിതത്തില്‍ സംഭവിക്കാന്‍ പാടില്ലാത്ത പ്രതിസന്ധിയാണ് അവര്‍ക്കുണ്ടായത്. എന്നാല്‍ അവര്‍ തനിക്ക് നേരിട്ട ആ ദുരന്തത്തെ സാഹസികമായി അതിജീവിക്കുന്നു. തിരിഞ്ഞ് നോക്കുമ്പോള്‍ താന്‍ അതിജീവിച്ച വഴികള്‍ രാധാമണിയെ അത്ഭുതപ്പെടുത്തുന്നു. അങ്ങനെ ദുരവസ്ഥകളെ നേരിട്ട് ജീവിതം തിരിച്ചുപിടിക്കുന്ന ഒരു സ്ത്രീയുടെ കഥയാണ് ഒരുത്തി പറയുന്നത്. നവ്യാ നായരുടെ അഭിനയജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രം കൂടിയാണ് ഒരുത്തിയിലെ രാധാമണി.
ഒരു റിയലിസ്റ്റിക് സ്റ്റോറിയാണ് ഒരുത്തിയെന്ന് സംവിധായകന് വി.കെ. പ്രകാശ് പറയുന്നു. ഒരു സാധാരണ സ്ത്രീയുടെ അതിജീവനകഥ. എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന തരത്തിലുള്ളതാണ് മേക്കിംഗ്. തികച്ചും ഫാമിലി എന്റര്‍ടെയ്നറാണ് ഒരുത്തിയെന്നും സംവിധായകന് ചൂണ്ടിക്കാട്ടി. നീണ്ട ഇടവേളയ്ക്ക് ശേഷം നവ്യ ഒരുത്തിയിലൂടെ മലയാളത്തിലേക്ക് വരുകയാണ്. നവ്യയ്ക്ക് ഏറെ ഇണങ്ങുന്ന ശക്തമായ കഥാപാത്രമാണ് രാധാമണിയെന്നും വി.കെ. പ്രകാശ് പറഞ്ഞു. വിനായകന്റെ ഏറെ ശ്രദ്ധേയമായ കഥാപാത്രമാണ് ഒരുത്തിയിലേത്. നായക പ്രാധാന്യമുള്ള റോളാണ് വിനായകന്റേത്. പൊതുവെ മലയാള സിനിമയില്‍ വിനായകന് ചെയ്തിട്ടുള്ള വേഷങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമാണ് ചിത്രത്തിലെ സബ് ഇന്‍സ്പെക്ടറുടെ റോള്‍. ആക്ഷനും കോമഡിയുമുള്ള ചിത്രത്തില്‍ ഹൃദയഹാരിയായ രണ്ട് പാട്ടുകളുമുണ്ട്. കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമായി ഒറ്റ ഷെഡ്യൂളിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്. വൈപ്പിനായിരുന്നു പ്രധാന ലൊക്കേഷന്‍. വൈപ്പിനിലെ പ്രാദേശിക സംസാര രീതിയും സിനിമയുടെ പുതുമയാണ്. കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളും ഒരുത്തിയില്‍ പരോക്ഷമായി പറഞ്ഞുപോകുന്നുണ്ട്.
നവ്യാ നായര്‍, വിനായകന്, സൈജു കുറുപ്പ് എന്നിവരെ കൂടാതെ കെ.പി.എ.സി. ലളിത, ജയശങ്കര്‍, മുകുന്ദന്, സന്തോഷ് കീഴാറ്റൂര്‍, വൈശാഖ്, ശ്രീദേവി വര്‍മ്മ, ആദിത്യന്, അതിഥി, കലാഭവന്‍ ഹനീഫ്, രാജേന്ദ്രബാബു, മനു രാജ്, ചാലി പാല, അരുണ്‍ ഘോഷ്, സണ്ണി, അഞ്ജന തുടങ്ങീ നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു. ജിംഷി ഖാലിദ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ കഥ,തിരക്കഥ, സംഭാഷണം എന്നിവ കൈകാര്യം ചെയ്തിരിക്കുന്നത് എസ്.സുരേഷ്ബാബുവാണ്. ആലങ്കോട് ലീലാകൃഷ്ണന്, ബി.കെ ഹരിനാരായണന് എന്നിവരാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. ഗോപി സുന്ദറാണ് സംഗീതം .
എഡിറ്റര്‍ – ലിജോ പോള്‍, കലാസംവിധാനം – ജ്യോതിഷ് ശങ്കര്‍, മേക്കപ്പ് – രതീഷ് അമ്പാടി, വസ്ത്രാലങ്കാരം- സമീറ സനീഷ്, പ്രൊഡക്ഷന്‍ കണ്ട്രോളര് – ഡിക്സന് പൊടുത്താസ്, ചീഫ് അസോസിയേറ്റ് – കെ.കെ.വിനയന്, സ്റ്റില്‍സ് -അജി മസ്ക്കറ്റ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് -ഡേവിസണ്‍ സി.ജെ , പ്രവീണ്‍ ഇടവനപ്പാറ, പ്രൊഡക്ഷന്‍ മാനേജര്‍ – വിനോദ് അരവിന്ദ് എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: