ന്യൂദല്‍ഹി: കൊവിഡ് 19 ഭീഷണിയെ തുടര്‍ന്ന് വിദേശത്തുനിന്നെത്തുന്നവരെ നിരീക്ഷിക്കാന്‍ അടിയന്തരമായി തയാറാക്കിയ മനേസറിലെ ക്വാറെന്റെന്‍ കേന്ദ്രത്തില്‍ തമാസിക്കാനാവില്ലെന്നും ഫൈസ്റ്റാര്‍ സൗകര്യങ്ങള്‍ വേണമെന്നുമുള്ള പിടിവാശിയുമായി ഇറ്റലിയില്‍ നിന്നെത്തിയവര്‍.
ഇറ്റലിയില്‍നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ ബുധനാഴ്ചയെത്തിയ 83 അംഗ സംഘത്തിലെ ഏതാനും പേരാണ് പ്രത്യേക മുറിയും ഭക്ഷണവും അടക്കമുള്ള സൗകര്യങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടത്. ഒരു ദിവസം ഇവിടെ 3.5 ലക്ഷം രൂപ സൈന്യം ഇവിടെ ചെലവഴിക്കുന്നുണ്ട്. അതിനിടയിലാണ് ഇറ്റലിയില്‍ നിന്നെത്തിയവരുടെ ഇത്തരമൊരു പിടിവാശി. പ്രത്യേക മുറിക്കു ഭക്ഷണത്തിനുമായി പണം നല്‍കാമെന്നും ചിലര്‍ പറഞ്ഞു. ഇതേച്ചൊല്ലി ബഹളവുമുണ്ടായി.
വിമാനത്താവളത്തില്‍നിന്ന് ഇവിടെയെത്തിച്ചപ്പോള്‍ ബസില്‍നിന്നിറങ്ങാനും ആദ്യം പലരും തയാറായില്ല. സൈന്യത്തിനു പോലീസിനെ വിളിക്കേണ്ട സാഹചര്യവുമുണ്ടായി. ഇത് ആഡംബര ഹോട്ടലല്ലെന്ന് എല്ലാവരും മനസിലാക്കണമെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു.
കൊവിഡ് 19 ബാധയെത്തുടര്‍ന്ന് രാജ്യത്തു സ്ഥാപിക്കപ്പെട്ട ആദ്യ നിരീക്ഷണ കേന്ദ്രമാണ് മനേസറിലത്. ആളുകളെ പ്രത്യേക ഗ്രൂപ്പുകളായി തിരിച്ച് 14 ദിവസമാണ് ഇവിടെ നിരീക്ഷണം. ഹരിയാനയിലുള്ള മനേസറിലെ കരസേനയുടെ കേന്ദ്രത്തില്‍ നിലവില്‍ 265 പേര് നിരീക്ഷണത്തിലുണ്ട്. സൈന്യത്തില്‍ നിന്ന് 60 പേരെയാണു കേന്ദ്രത്തിന്റെ നടത്തിപ്പിനായി നിയോഗിച്ചിരിക്കുന്നത്.
കൂടുതല്‍പേരെ രാജ്യത്തേക്കു തിരിച്ചെത്തിക്കുന്ന സാഹചര്യത്തില്‍ ഇവരെ പാര്‍പ്പിക്കാന്‍ സൈന്യത്തിന്റെ മറ്റ് ഏഴു കേന്ദ്രങ്ങള്‍ സജ്ജമാണെന്നും ആര്‍മി വക്താവ് കേണല്‍ അമന് ആനന്ദ് പറഞ്ഞു. ജയ്സാല്‍മീര്‍, ഗോരഖ്പുര്‍, ജോധ്പുര്‍, ഝാന്‍സി, ദേവ്ലാലി, കൊല്‍ക്കത്ത, ചൈന്നെ എന്നിവിടങ്ങളിലാണിത്. ഇറാനില്‍നിന്നു രണ്ടു വിമാനങ്ങളില്‍ കൊണ്ടുവരുന്ന 400 പേരെ ജയ്സാല്‍മീറിലേക്കു കൊണ്ടുപോകുമെന്നാണു സൂചന.
അതിനിടയില്‍ കഴിഞ്ഞ ദിവസം കൊവിഡ്-19 രോഗബാധിതരെന്നു സംശയിക്കപ്പെടുന്ന വിദേശദമ്പതികള്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നു മുങ്ങിയത് പരിഭ്രാന്തി പടര്‍ത്തി. ഇന്നലെ വൈകിട്ട് നാലോടെ ബ്രിട്ടീഷുകാരായ സാന്ററും എലീസയുമാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നു കടന്നുകളഞ്ഞത്. ഇവരെ പിന്നീട് കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: