ആലപ്പുഴ: കൊറോണ പ്രതിരോധത്തിനായി കുട്ടികളുടെ പിറന്നാള്‍ ആഘോഷങ്ങള്‍ പോലും മാറ്റിവെച്ച് കുടുംബങ്ങളും, വ്യക്തികളും സാമൂഹിക ഉത്തരവാദിത്വം കാട്ടുമ്പോള്‍ യോഗം വിളിച്ചു കൂട്ടി മന്ത്രിയുടെ ഷോ. മന്ത്രി ജി. സുധാകരനാണ് കൊറോണയെ ചെറുക്കാന്‍ യോഗം വിളിച്ചു ചേര്‍ത്തത്.
ആലപ്പുഴ ജില്ലയില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ കാര്യക്ഷമമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ട്. ആരോഗ്യവകുപ്പ് ജീവനക്കാരും, പൊതുജനങ്ങളും, തദ്ദേശസ്ഥാപനങ്ങളും ഊര്‍ജിതമായി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെ ഇടപെട്ട് ഷോ കാണിക്കാന്‍ അവസരം ലഭിക്കാതിരുന്ന മന്ത്രി അടിയന്തര യോഗം വിളിച്ചു ചേര്‍ക്കുകയായിരുന്നു.
മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ തന്റെ ‘പ്രകടനം’ കാട്ടാനുള്ള വെറും പ്രഹസനം മാത്രമാണിതെന്നാണ് ആക്ഷേപം ഉയരുന്നത്. ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളാകെ അവതാളത്തിലാക്കുന്ന രീതിയിലാണ് യോഗം വിളിച്ചു ചേര്‍ത്തത്. എംഎല്‍എമാര്‍, തദ്ദേശ സ്ഥാപന അദ്ധ്യക്ഷന്മാര്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, കൊറോണ സര്‍വൈലന്‍സ് അംഗങ്ങള്‍ തുടങ്ങിയ മുഴുവന്‍ പേരെയും നിര്‍ബന്ധപൂര്‍വം യോഗത്തില്‍ പങ്കെടുപ്പിച്ചതോടെ ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ പാളി.
ഇത്രയും ദിവസം കളക്ടറുടെയും, ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളില്‍ തന്റെ ഇടപെടല്‍ കൂടിയുണ്ടെന്ന് കൊട്ടിഘോഷിക്കുക എന്ന തരംതാണ പ്രവൃത്തിയാണ് മന്ത്രി കാട്ടിയതെന്ന് വിമര്‍ശനം ഉയരുന്നു. ഉദ്യോഗസ്ഥര്‍ അടക്കം ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുമുണ്ട്.
















