കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ പങ്ക് വ്യക്തമായെങ്കിലും ഉടന്‍ അറസ്റ്റുണ്ടാവില്ല. രാഷ്ട്രീയ വിലപേശലും ബ്ലാക്മെയിലിങ്ങും സംസ്ഥാന സര്‍ക്കാരും പാര്‍ട്ടിയും തുടരും. അതിന് വിജിലന്‍സിനെ കരുവാക്കാനാണ് പദ്ധതി.
പാലാരിവട്ടം പാലം പൊളിക്കണോ പുതുക്കണോയെന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ അന്തിമ തീരുമാനം ഉടനൊന്നും വന്നേക്കില്ല. ഭാരപരിശോധന നടത്തി, പാലം ഗതാഗതത്തിന് തുറന്നുകൊടുക്കണമെന്ന കരാര്ക്കമ്പനിയുടെയും നിര്‍മാണ കോണ്‍ട്രാക്ടേഴ്സ് അസോസിയേഷനുകളുടെയും ആവശ്യം ഹൈക്കോടതി അംഗീകരിച്ചിരുന്നു. അതിന്റെ അന്തിമ തീയതിയും കഴിഞ്ഞു. പക്ഷേ, ഹൈക്കോടതി നിര്‍ദേശത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പോയി. കേസ് എന്ന് പരിഗണിക്കുന്ന കാര്യത്തില്‍ പോലും ഇനിയും തീരുമാനമായിട്ടില്ല.
ഇൗ അനുകൂല ഘടകവും വിജിലന്‍സ് അന്വേഷണത്തിലെ മെല്ലെപ്പോക്കുമാണ് സര്‍ക്കാര്‍ അവസരമാക്കാന്‍ പോകുന്നത്. വിജിലന്‍സിന്റെ ‘വെല്ലുവിളി’ മുന്‍മന്ത്രിയുടെ ഒപ്പ് സ്ഥിരീകരിക്കലാണ്. പാലം നിര്‍മാണത്തിന് ടെന്‍ഡര്‍ വിളിച്ചപ്പോള്‍ ഇല്ലാത്ത വ്യവസ്ഥകള്‍ കരാര്‍ ഏറ്റെടുത്തു കഴിഞ്ഞപ്പോള്‍ പാലം നിര്‍മാണക്കമ്പനിക്ക് അനുകൂലമായി ഉണ്ടാക്കിയതും ആനുകൂല്യങ്ങള്‍ നല്കിയതും മന്ത്രിയുടെ ഒപ്പിന്റെ അടിസ്ഥാനത്തിലാണ്. ടെന്‍ഡറില്‍ വെട്ടിത്തിരുത്തല്‍ വരുത്തി. പ്രത്യേക കിഴിവ് അടക്കമുള്ള കാര്യങ്ങള്‍ എഴുതിച്ചേര്‍ത്തു. ഇത് ചെയ്തത് അന്നത്തെ മന്ത്രിയാണെന്ന് അന്നത്തെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ. സൂരജ് പറയുന്നു. മുന്‍ മന്ത്രി വിജിലന്‍സ് ചോദ്യം ചെയ്യലില്‍ ഇത് നിഷേധിച്ചു. ഇതിലെ കൈയക്ഷരം ആരുടേതെന്ന് കണ്ടെത്താന്‍ ഗ്രാഫോളജി ടെസ്റ്റ് (കൈയക്ഷര പരിശോധന) നടത്താന്‍ വിജിലന്‍സ് ഫോറന്‍സിക് ലാബിന്റെ സഹായം തേടിയിരിക്കുകയാണ്. നടപടി പൂര്‍ത്തിയാകാന്‍ സമയമെടുക്കും.
അതിനിടെ, നോട്ടുറദ്ദാക്കലിനെ തുടര്‍ന്നുള്ള കാലത്ത് 10 കോടി രൂപ മുന്‍മന്ത്രി ബാങ്കില്‍ നിക്ഷേപിച്ചതു സംബന്ധിച്ച അന്വേഷണം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുത്തതും തെരച്ചില്‍ നടത്തിയതും മറ്റും ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരേയുള്ള രാഷ്ട്രീയമാക്കി മാറ്റാനുള്ള പരിശ്രമങ്ങളും നടക്കുന്നു. സംസ്ഥാന സര്‍ക്കാരിനും സിപിഎമ്മിനും മുസ്ലിം ലീഗുമായുള്ള രാഷ്ട്രീയ ധാരണകളുടെ അടിസ്ഥാനം നോക്കുമ്പോള്‍ മുന്‍മന്ത്രിയുടെ അറസ്റ്റോ പാലാരിവട്ടം പാലത്തിലെ ഗതാഗതമോ അടുത്തെങ്ങും തീര്‍പ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് താത്പര്യമില്ല.
















