സിഡ്നി: ഓള് റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിന്റെ മികവില്‍ ഓസ്ട്രേലിയയ്ക്ക് വിജയം. ആദ്യ ഏകദിനത്തില്‍ അവര്‍ 71 റണ്‍സിന് ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആതിഥേയര്‍ 1- 0ന് മുന്നിലായി.
259 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് 41 ഓവറില്‍ 187 റണ്‍സിന് ഓള് ഔട്ടായി. ആദ്യം ബാറ്റ് ചെയ്യത് ഓസീസ് അമ്പത് ഓവറില്‍ ഏഴു വിക്കറ്റിന് 258 റണ്‍സാണ് എടുത്തത്. ഏഴ് ഓവറില്‍ 29 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ മാര്‍ഷാണ് ന്യൂസിലന്‍ഡിനെ തകര്‍ത്തത്. 34 പന്തില്‍ 27 റണ്‍സ് നേടുകയും ചെയ്ത മാര്‍ഷാണ് കളിയിലെ കേമന്‍.
ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍, ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്, മധ്യനിര ബാറ്റ്സ്മാന് ലാബുഷെയ്ന് എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ഓസീസിന് ഭേദപ്പെട്ട സ്കോര്‍ നേടിക്കൊടുത്തത്. വാര്‍ണര്‍ 88 പന്തില്‍ ഒമ്പത് ഫോറുകളുടെ അകമ്പടിയില്‍ 67 റണ്‍സ് കുറിച്ച് ടോപ്പ് സ്കോറായി. ആദ്യ വിക്കറ്റില്‍ വാര്‍ണര്‍ ഫിഞ്ചിനൊപ്പം 124 റണ്‍സ് കൂ്ട്ടിച്ചേര്‍ത്തു. ഫിഞ്ച് 75 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്സറും അടക്കം 60 റണ്‍സ് നേടി. ലാബുഷെയ്ന് 52 പന്തില്‍ 56 റണ്‍സ് അടിച്ചെടുത്തു. ന്യൂസിലന്‍ഡിനായി ഇഷ് സോധി എട്ട് ഓവറില്‍ 51 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി.
വിജയം ലക്ഷ്യമിട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് തുടക്കം മുതല്‍ തകര്‍ന്നു. ഓപ്പണര്‍ നിക്കോള്‍സ് പത്ത് റണ്‍സിന് പുറത്തായി. ആദ്യ വിക്കറ്റ് വീഴുമ്പോള്‍ ന്യൂസിലന്‍ഡ് സ്കോര്‍ബോര്‍ഡില്‍ 28 റണ്‍സ് മാത്രം. തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് അവര്‍ക്ക് കരകയറാനായില്ല. ഗുപ്റ്റില്‍ 73 പന്തില്‍ 40 റണ്‍സ് നേടി. ടോം ലാത്തം 38 റണ്‍സ് എടുത്തു. മറ്റ് ബാറ്റ്സ്മാന്മാര്ക്കൊന്നും പിടിച്ചു നില്ക്കാനായില്ല. ക്യാപറ്റന് കെയ്ന്‍ വില്യംസണ് 19 റണ്‍സിന് പുറത്തായി.
കൊറോണ ഭീതിയെ തുടര്‍ന്ന് കാണികളെ ഒഴിവാക്കി അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരം നടത്തിയത്. മത്സരത്തിനിടെ ഇരു ടീമുകളിലെയും കളിക്കാര്‍ ഹസ്തദാനം ചെയ്തില്ല. ടോസിനു ശേഷം ക്യാപ്റ്റന്മാരായ ആരോണ്‍ ഫിഞ്ചും കെയ്ന്‍ വില്യംസണും ഹസ്താദാനം ചെയ്യുന്നതിന് പകരം കൈമുട്ടുകള്‍ കൂട്ടിമുട്ടിച്ചാണ് പിരിഞ്ഞത്. രണ്ടാം മത്സരം ഞായറാഴ്ച സിഡ്നി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കും.സ്കോര്‍: ഓസ്ട്രേലിയ: 50 ഓവറില്‍ ഏഴു വിക്കറ്റിന് 258, ന്യൂസിലന്‍ഡ് 41 ഓവറില്‍ 187.
പ്രതികരിക്കാൻ ഇവിടെ എഴുതുക: