കട്ടപ്പന/നെടുങ്കണ്ടം: ആറ് തവണ ഇടുക്കി ജില്ലയില്‍ ഭൂചലനം. ഇന്നു രാവിലെ 7.10 മുതല്‍ 1.58 വരെയുള്ള സമയങ്ങളിലാണ് ചലനങ്ങളുണ്ടായത്. ഉഗ്ര ശബ്ദത്തോടെയെത്തിയ ഭൂചലനം ജനങ്ങളെ പരിഭ്രാന്തരാക്കി.
2.8 ആണ് കൂടിയ തീവ്രത. പലയിടത്തും ആളുകള്‍ വീടു വിട്ട് പുറത്തിറങ്ങി. നെടുങ്കണ്ടം, പാമ്പാടുംപാറ, ബാലഗ്രാം, തൂക്കുപാലം, മുണ്ടിയെരുമ മേഖലകളില്‍ ആറ് തവണ ഭൂമി കുലുങ്ങി. ആലടി, ഇടുക്കി, കുളമാവ്, കട്ടപ്പന, വെട്ടിക്കുഴക്കവല, അമ്പലക്കവല, ബാലഗ്രാം, വലിയപാറ, ഈട്ടിത്തോപ്പ്, എഴുകുംവയല്‍, പുളിയന്‍മല, കാഞ്ചിയാര്‍, അഞ്ചുരുളി, കൊച്ചറ, കുഴിത്തൊളു, വള്ളക്കടവ് ആനവിലാസം, ഉപ്പുതറ, ഇരട്ടയാര്‍, വലിയ തോവാള, ചെമ്പകപ്പാറ, കമ്പംമെട്ട്, നെല്ലിപ്പാറ, കാല്‍വരിമൗണ്ട് തുടങ്ങിയ പ്രദേശങ്ങളിലും മുഴക്കത്തോടു കൂടി ഭൂചലനം ഉണ്ടായി. നെടുങ്കണ്ടമാണ് ഭൂചനലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ഒന്നിലധികം തവണ ഭൂമി കുലുങ്ങിയതോടെ ജനങ്ങള്‍ വീട് വിട്ട് പുറത്തിറങ്ങി.
രാവിലെ 7.10നായിരുന്നു ആദ്യ ചലനം. തുടര്‍ന്ന് 8.58, 9.46, 10.10, ഉച്ചകഴിഞ്ഞ് 12.31, 1.58 എന്നി സമയങ്ങളിലാണ് ഭൂമി കുലുങ്ങിയത്. രാവിലെ 7.10നുണ്ടായ ചലനം നേരിയ പ്രകമ്പനം മാത്രമാണ് സൃഷ്ടിച്ചത്. 9.46 നുണ്ടായ 2.8 രേഖപ്പെടുത്തിയ ഭൂചലനം ഹൈറേഞ്ചിനെ വിറപ്പിച്ചു. തൂക്കുപാലത്തും, പാമ്പാടുംപാറയിലും 8.58 നുണ്ടായ ഭൂചലനം വന്‍ പ്രകമ്പനം സൃഷ്ടിച്ചു. രാവിലെ വെടിവെയ്‌ക്കുന്ന പോലെത്തെ ശബ്ദം കേട്ടെങ്കിലും ഭൂമി കുലുക്കമെന്ന് ആര്‍ക്കും മനസിലായില്ല. നെടുങ്കണ്ടത്ത് അഞ്ച് വീടുകള്‍ക്കും കട്ടപ്പന കൊച്ചുതോവാളയില്‍ ഒരു വീടിനും കേടുപാട് സംഭവിച്ചു.
















