യൂറോപ്പില്‍ നിന്നുള്ള യാത്രകള്‍ അമേരിക്ക നിരോധിച്ചു, ബ്രിട്ടന് ബാധകമല്ല
വാഷിങ്ടണ്‍: വിവിധരാജ്യങ്ങള്‍ യാത്രകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ചു. ഇതോടെ ഇതര രാജ്യങ്ങളില്‍ കുടുങ്ങിയ ആയിരങ്ങളാണ് സ്വന്തം നാട്ടില്‍ മടങ്ങിയെത്താന്‍ കഴിയാത്ത അവസ്ഥയിലായത്. മലയാളികള്‍ അടക്കം ആയിരക്കണക്കിന് ഇന്ത്യക്കാരും പലയിടങ്ങളില്‍, പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളിലും ഇറ്റലിയിലും ഇറാനിലും, മറ്റും കുടുങ്ങിയിട്ടുണ്ട്.
കൊറോണ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുകയും 39 പേര് മരണമടയുകയും ചെയ്ത സാഹചര്യത്തില്‍, ബ്രിട്ടന് ഒഴികെ മറ്റുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്കുള്ള യാത്രകളും അമേരിക്കയില്‍ നിന്ന് ഇവിടങ്ങളിലേക്കുള്ള യാത്രകളും ട്രംപ് ഭരണകൂടം വിലക്കി. ഒരു മാസത്തേക്കാണ് നിരോധനം. ചൈനയ്ക്കെതിരെ ചില നടപടികള്‍ എടുത്തിരുന്നു. യൂറോപ്പിനെതിരെയും നടപടി ആവശ്യമായി വന്നു, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രാജ്യത്തോടു ചെയ്ത പ്രസംഗത്തില്‍ പറഞ്ഞു. 30 ദിവസത്തിനു ശേഷം സാഹചര്യം വിലയിരുത്തി അടുത്ത നടപടി കൈക്കൊള്ളും.
കൊറോണ ബാധമൂലമുണ്ടായ പ്രതിസന്ധി മറികടക്കാന്‍ വ്യക്തികളുടെയും ബിസിനസ് സ്ഥാപനങ്ങളുടെയും നികുതി അടവ് മൂന്നു മാസത്തേക്ക് മാറ്റിയിട്ടുണ്ട്.
39 രാജ്യങ്ങളിലേക്കുള്ള യാത്ര സൗദി അറേബ്യയും വിലക്കി
റിയാദ്: ഇന്ത്യയടക്കം 39 രാജ്യങ്ങളിലേക്കുള്ള യാത്ര സൗദി അറേബ്യ താത്ക്കാലികമായി വിലക്കി. ഇന്ത്യ, യൂറോപ്യന്‍ യൂണിയന്, പാക്കിസ്ഥാന്, ശ്രീലങ്ക, സ്വിറ്റ്സര്‍ലന്‍ഡ്, സുഡാന് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ക്ക് വിലക്കുണ്ട്. ഈ രാജ്യങ്ങളിലേക്കും അവിടങ്ങളില്‍ നിന്ന് തിരിച്ചുള്ള വിമാനങ്ങള്‍ക്കുമാണ് നിരോധനം. അയല്‍രാജ്യങ്ങളിലേക്കുള്ള വാഹനഗതാഗതവും തത്ക്കാലം തടഞ്ഞിട്ടുണ്ട്.
കുവൈറ്റ് രണ്ടാഴ്ചത്തേക്ക് തങ്ങളുടെ അന്താരാഷ്ട്ര വിമാനത്താവളം അടച്ചു. ഇന്നു മുതല്‍ മാര്‍ച്ച് 26 വരെയാണ് കുവൈറ്റ് സിറ്റി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അടച്ചത്. ജീവനക്കാര്‍ക്ക് രണ്ടാഴ്ച അവധിയും പ്രഖ്യാപിച്ചു. 72 പേര്‍ക്ക് കൊറോണ ബാധിച്ച സാഹചര്യത്തിലാണ് കുവൈറ്റിന്റെ നടപടി.
ലെബനന് 11 രാജ്യങ്ങളില്‍ നിന്നുള്ള യാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഇറ്റലി, ഇറാന്, െൈചന, ദക്ഷിണ കൊറിയ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കാണ് വിലക്ക്. എന്നാല്‍, ഇന്ത്യക്ക് വിലക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: