ഇടുക്കി: ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി അറിയണം, ജനങ്ങളുടെ സുരക്ഷക്കും ക്രമസമാധാന പാലനത്തിനുമായി സദാസമയവും ഓടി നടക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ക്ക് എയര്‍ കണ്ടീഷന്‍ സംവിധാനം ഇല്ലായെന്നത്.
സംസ്ഥാനത്തെ കാലാവസ്ഥയില്‍ കാര്യമായി വ്യതിയാനം ഉണ്ടായിട്ടും പതിറ്റാണ്ടുകളായി തുടര്‍ന്ന് വരുന്ന ശീലം മാറ്റാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. അടുത്തിടെ വിവിധ സ്റ്റേഷനുകള്‍ക്കായി വിതരണം ചെയ്ത 220 ബോലേറോ ജിപ്പുകളില്‍ നിന്ന് പോലും എസി അഴിച്ച് മാറ്റിയെന്നതാണ് സത്യം. സംസ്ഥാനത്തെ വിവിധ ഡോഗ് സ്ക്വാഡുകള്‍ക്ക് പോലും എസിയുള്ള വാഹനം ഉള്ളപ്പോഴാണ് ഇത്.
മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പോലും പരാതിയായി ഇക്കാര്യമെല്ലാം പറയണമെന്നുണ്ടെങ്കിലും വകുപ്പിലെ ചട്ടങ്ങള്‍ ഇതിന് അനുവദിക്കുന്നില്ല. ഏത് നട്ടുച്ചയ്ക്കും പാതിരാത്രിക്കും എന്ത് പ്രശ്നമുണ്ടായാലും ഓടിയെത്തുന്നത് പോലീസുകാരാണ്. ഇവര്‍ പലപ്പോഴും കേസിന്റെ ആവശ്യങ്ങള്‍ക്കും പ്രതികളെ കോടതിയില്‍ ഹാജരാക്കാനും ദീര്‍ഘ ദൂരം സഞ്ചരിക്കേണ്ടി വരും. തങ്ങളുടെ ശരീരമെന്താ കല്ലുകൊണ്ടോ മരം കൊണ്ടോ ഉണ്ടാക്കിയതാണോ ചൂടും തണുപ്പും അടിക്കാതിരിക്കാന്‍, പോലീസുകാര്‍ തന്നെ ചോദിക്കുന്നതാണിത്.
സംസ്ഥാനത്താകെ 19 പോലീസ് ജില്ലകളാണ് ഉള്ളത്. ഇതിന് കീഴിലാകെ 484 പ്രധാന സ്റ്റേഷനുകളടക്കം 520ഓളം സ്റ്റേഷനുകളുണ്ട്. ഓരോ പ്രധാന സ്റ്റേഷനുകളിലും സ്റ്റേഷന് ചുമതലയുള്ള ഇന്‍സ്പെക്ടര്‍(സിഐ), ക്രമസമാധന പാലനത്തിനും കേസ് അന്വേഷണത്തിനും ഒന്ന് വീതം എസ്ഐമാരും വേണമെന്നാണ് നിയമം. ഒരോ സ്റ്റേഷനിലും വലുപ്പം അനുസരിച്ച് രണ്ടും അതിലധികവും വാഹനം വേണം.
ഹൈവേ പോലീസ്, എയ്ഡ് പോസ്റ്റ്, ട്രാഫിക് പോലീസ്, വനിത സെല്‍, കണ്ട്രോള് റൂം വാഹനങ്ങള്‍ തുടങ്ങി നിരവധി വിഭാഗത്തിലുള്ള പോലീസ് ഉദ്യോഗസ്ഥരും ഇതിന് പുറമെ വരും. ഇവര്‍ക്ക് നല്കുന്ന വാഹനങ്ങള്‍ക്കും എസി സംവിധാനം അന്യമാണ്. ഇത്തരത്തില്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കാണ് എസി സംവിധാനം ഇല്ലാത്തത്. എഴുതപ്പെടാത്ത ചട്ട പ്രകാരം ഡിവൈഎസ്പി മുതല്‍ മുകളിലോട്ടുള്ള റാങ്കുള്ളവര്‍ക്കാണ് എസിയുള്ള വാഹനങ്ങള്‍ ഉപയോഗിക്കാന്‍ അനുമതിയുള്ളത്..
അതേ സമയം സ്വന്തം കൈയില്‍ നിന്ന് പണം മുടക്കി ജീപ്പുകളില്‍ എസി വയ്ക്കുന്ന ഉദ്യോഗസ്ഥരുമുണ്ട്. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ദീര്‍ഘ ദൂര യാത്രകളില്‍ സ്വന്തം വാഹനവുമായി പോകുന്നവരും കുറവല്ല. ഡ്യൂട്ടി സമയത്തില്‍ കൃത്യതയില്ലാത്ത ഒരു വിഭാഗം കൂടിയാണ് പോലീസ്. സാധാരണ ഷിഫ്റ്റുകളില്‍ 8 മണിക്കൂര്‍ ഡൂട്ടിയാണെങ്കില്‍ അടിയന്തര സാഹചര്യത്തില്‍ ഏത് പാതിരാത്രിയിലും ഹാജരാകേണ്ടി വരും. ഇത്തരത്തില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് അടിസ്ഥാന ആവശ്യങ്ങള്‍ പോലും വകുപ്പ് ഭരണാധികാരികള്‍ ഒരുക്കി നല്‍കാത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: