ചെന്നൈ: മുഖ്യമന്ത്രിയാകാന്‍ താന്‍ ആഗ്രഹിച്ചിട്ടില്ലെന്ന് തമിഴ് സൂപ്പര്‍ താരം രജനികാന്ത്. നിലവിലെ തമിഴ് രാഷ്ട്രീയത്തില്‍ അതൃപ്തിയുണ്ട്. പുതിയ നേതാക്കളെ തമിഴ്നാടിനായ് വളര്‍ത്തിയെടുക്കും. മുഖ്യമന്ത്രി ആകണമായിരുന്നെങ്കില്‍ 1996ല്‍ ആകുമായിരുന്നെന്നും ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ രജനികാന്ത് പറഞ്ഞു.
മുഖ്യമന്ത്രി ആകാന്‍ താത്പര്യമില്ലെന്ന് മുമ്പും പല തവണ ആവര്‍ത്തിച്ചതാണ്. 45ാമത്തെ വയസില്‍ വേണ്ടെന്നുവച്ചതാണ് മുഖ്യമന്ത്രിസ്ഥാനം. ഈ വയസില്‍ താന്‍ ആ സ്ഥാനം ആഗ്രഹിക്കുന്നില്ലെന്നും രജനി വ്യക്തമാക്കി. പാര്‍ട്ടി നേതാവായി തുടരാന്‍ മാത്രമാണ് താത്പര്യമെന്ന കാര്യം അനുയായികളോടും സുഹൃത്തുക്കളോടും സൂചിപ്പിച്ചപ്പോള്‍ ജനങ്ങള്‍ ഈ നിലപാട് സ്വീകരിക്കില്ലെന്ന മറുപടിയാണ് ലഭിച്ചത്. നിലപാട് മാറ്റാന്‍ താന്‍ തയാറല്ല. തമിഴ്നാടിന് പുത്തന്‍ രാഷ്ട്രീയ പ്രതീക്ഷകള്‍ മികച്ച നേതാക്കളിലൂടെ നല്‍കുകയാണ് ലക്ഷ്യമെന്നും രജനി പറഞ്ഞു.
ഒരു വശത്ത് കഴിഞ്ഞ പത്ത് വര്‍ഷമായി അധികാരത്തിലെത്താന്‍ എത്ര രൂപവേണമെങ്കിലും ചിലവഴിക്കാന്‍ തയാറായി നില്ക്കുന്ന പാര്‍ട്ടി. മറുവശത്ത് ഭരണം നിലനിര്‍ത്താന്‍ അധികാരത്തിന്റെ സര്‍വ സാധ്യതകളും ഉപയോഗിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം. ഇവര്‍ക്കിടയിലൂടെ കടന്നുവരിക അത്ര എളുപ്പമല്ലെന്നും രജനി പറഞ്ഞു. ഇവര്‍ക്കൊപ്പം പിടിച്ചുനില്ക്കാന് പണം വേണം. താന്‍ ആവശ്യപ്പെട്ടാല്‍ അനുയായികള്‍ സ്വന്തം വീട് വിറ്റും പണം സംഘടിപ്പിക്കും. എന്നാല്‍ അത്തരം സാഹചര്യം ആഗ്രഹിക്കുന്നില്ല. സാധാരണക്കാരുടെ പ്രസ്ഥാനമാണിത്.
ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു എന്നത് ശരിയാണ്. ആ ആഗ്രഹം എല്ലാവരിലേക്കും എത്തേണ്ടതുണ്ട്. പുത്തന്‍ രാഷ്ട്രീയ സാഹചര്യത്തിനായി ജനങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ രാഷ്ട്രീയത്തിലേക്കുള്ള തന്റെ കടന്നുവരവ് യാഥാര്‍ഥ്യമാവുമെന്നും രജനികാന്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: