മലപ്പുറം: കോഴിക്കോടിന് പിന്നാലെ മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു. പരപ്പനങ്ങാടി നഗരസഭയിലെ പാലത്തിങ്ങലിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇന്നലെ മലപ്പുറത്ത് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. പാലത്തിങ്ങലിലെ ഫാമിലെ കോഴികള്‍ ചത്തതിനെ തുടര്‍ന്ന് ഞായറാഴ്ചയാണ് ഭോപ്പാലിലേക്ക് സാമ്പിളുകള്‍ പരിശോധനക്കയച്ചത്.
ബുധനാഴ്ച രാത്രിയോടെയാണ് രോഗം സ്ഥിരീകരിച്ച റിപ്പോര്‍ട്ട് ലഭിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചുള്ള നടപടികള്‍ മലപ്പുറത്ത് ആരംഭിച്ചിട്ടുണ്ട്. പാലത്തിങ്ങലിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള നാലായിരത്തോളം കോഴികളെയും വളര്‍ത്തുപക്ഷികളെയും കൊന്നൊടുക്കാനും പത്ത് കിലോമീറ്റര്‍ പരിധിയിലെ കോഴിക്കടകളും മുട്ടവില്‍പ്പന കേന്ദ്രങ്ങളും വളര്‍ത്തുപക്ഷി വില്‍പ്പനശാലകളും അടപ്പിക്കാനും തീരുമാനിച്ചതായി മലപ്പുറം ജില്ലാ കളക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു.
കടകളിലുള്ള കോഴികളെ ഇക്കാലയളവില്‍ ഭക്ഷണം നല്കി സംരക്ഷിക്കാനാണ് നിര്‍ദേശം. ഈ കോഴികളെ ഒരു കാരണവശാലും വില്ക്കാന് പാടില്ല. പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയില്‍ നിന്ന് മറ്റിടങ്ങളിലേക്ക് കോഴികളെയും പക്ഷികളെയും കൊണ്ടുപോകുന്നത് തടയാന്‍ പോലീസും മോട്ടോര്‍ വാഹനവകുപ്പും പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് നിരീക്ഷണവും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: