ചൈനയിലെ ക്രൈസ്തവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പ ആഹ്വാനം ചെയ്തിരിക്കുകയാണ്. മാര്‍ച്ച് മാസത്തെ പ്രാര്‍ത്ഥന നിയോഗത്തിലാണ് പാപ്പയുടെ ആഹ്വാനം.ചൈനയിലെ സഭ ഭാവിയിലേയ്ക്ക് പ്രത്യാശയോടെയാണ് ഉറ്റുനോക്കുന്നതെന്നും സുവിശേഷം പ്രഘോഷിക്കപ്പെടുവാനും പിളര്‍ന്നുപോയ കത്തോലിക്ക സമൂഹങ്ങളെ കൂട്ടിയിണക്കാനും പരിശ്രമിക്കണമെന്നും ഓര്‍മ്മപ്പെടുത്തലുമായാണ് പാപ്പയുടെ നിയോഗ അഭ്യര്‍ത്ഥന. സുവിശേഷചൈതന്യത്തില്‍ ഉറച്ചു നില്ക്കുവാനും ഐക്യത്തില്‍ വളരുവാനും പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് പാപ്പ തന്റെ സന്ദേശം ഉപസംഹരിക്കുന്നത്.1884 ല്‍ ഫ്രാന്‍സിലെ ജെസ്യൂട്ട് സെമിനാരിയില്‍ ആരംഭിച്ച അപ്പസ്തോലിക പ്രാര്‍ത്ഥനാ നിയോഗത്തിനു തുടര്‍ച്ചയായാണ് 1929 മുതല്‍ മാര്‍പ്പാപ്പയുടെ നിയോഗവും കൂട്ടിച്ചേര്‍ത്ത് ആഗോള പ്രതിസന്ധികള്‍ക്കായി പ്രതിമാസ മദ്ധ്യസ്ഥ പ്രാര്‍ത്ഥന നിയോഗം പ്രസിദ്ധീകരിക്കുവാന്‍ തുടങ്ങിയത്. ചൈന കഴിഞ്ഞ മാസം മുതല്‍ മതസംഘടനകള്‍ക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് പാപ്പയുടെ അഭ്യര്‍ത്ഥന.
വര്‍ഷങ്ങളായി ലോകത്തേറ്റവും കൂടുതല്‍ മതസ്വാതന്ത്ര്യം ഹനിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ചൈനയുടെ സ്ഥാനം. കഴിഞ്ഞ മാസം മുതല്‍ മതസംഘടനകള്‍ക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ചൈനയിലെ കമ്മ്യുണിസ്റ്റ് ഭരണകൂടം. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തത്വങ്ങള്‍ അംഗീകരിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്താല്‍ മാത്രമേ മതസംഘടനകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്കു എന്നതാണ് പുതിയ നിയന്ത്രണത്തിലെ പ്രധാന ഇനം.
മത സമൂഹങ്ങള്‍ അവര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളുടെ വ്യാപ്തി വിശദികരിച്ചുകൊണ്ട് ഔദ്യോഗിക അനുമതി തേടണം. ചെറുതും വലുതുമായി ചെയ്യുന്ന പ്രവര്‍ത്തികള്‍, സാമ്പത്തിക ഇടപാടുകള്‍, ഭാരവാഹികളുടെ മാറ്റം തുടങ്ങി എല്ലാകാര്യങ്ങളും പ്രാദേശിക നേത്യത്യം മുതല്‍ മുകളിലോട്ട് ഉള്ളവരെല്ലാം അറിഞ്ഞിരിക്കണം. മുസ്ളീം ക്രിസ്തു മതങ്ങളുടെ പേരില്‍ രാജ്യത്ത് വിദേശ സ്വാധിനം കൂടുന്നു എന്നു പറഞ്ഞാണ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചൈനയില്‍ 5.1 ശതമാനം ക്രിസ്ത്യാനികളും 1.8 ശതമാനം മുസ്ളീംങ്ങളുമാണുള്ളത്. 18.2 ശതമാനം ബുദ്ധ മതക്കാരാണ്.പ്രധാന മതവിശ്വാസങ്ങള്‍ കണ്‍ഫ്യൂഷ്യനിസം,താവോയിസം,ബുദ്ധിസം ഇവയാണെങ്കിലും മതമില്ലാത്ത വിഭാഗത്തില്‍ പെടുന്നവരാണ് (52.2 ശതമാനം)ഏറെയും.
മാര്‍പാപ്പയോടു കൂറുപുലര്‍ത്തുന്നവരും അദ്ദേഹത്തിന്റെ മേല്‍ക്കോയ്മ അംഗീകരിക്കാത്തവരുമായി രണ്ടുവിഭാഗം കത്തോലിക്കാ വിശ്വാസികളാണു ചൈനയിലുള്ളത്. വത്തിക്കാന്‍ ബന്ധമില്ലാത്ത തദ്ദേശീയ കത്തോലിക്കാ സഭയ്ക്കു മാത്രമേ ചൈന പൊതു ആരാധനാസ്വാതന്ത്യ്രം അനുവദിച്ചിട്ടുള്ളൂ. സര്‍ക്കാര്‍ അംഗീകാരമുള്ള ഈ സഭയ്ക്കു പള്ളികളില്‍ ആരാധന നടത്താം. മാര്‍പാപ്പയോടു കൂറുപുലര്‍ത്തുന്ന ഭൂരിപക്ഷ വിഭാഗത്തിനു വസതികള്‍ മാത്രമാണ് പ്രാര്‍ഥനയ്ക്ക് അനുമതി.
കടുത്ത അഭിപ്രായഭിന്നതകളെ തുടര്‍ന്ന് 1951ലാണു വത്തിക്കാനുമായുള്ള നയതന്ത്രബന്ധം ചൈന വിച്ഛേദിച്ചത്. ഇതിനുശേഷം ചൈനയിലെ കത്തോലിക്കാ സ്ഥാപനങ്ങള്‍ നിയന്ത്രിക്കുന്നതു ചൈനീസ് കാത്തലിക് പാട്രിയോട്ടിക് അസോസിയേഷന് ആണ്. അസോസിയേഷന് അധികാരം നല്‍കിയതിനെച്ചൊല്ലി ചൈന-വത്തിക്കാന്‍ തര്‍ക്കം നിലവിലുണ്ട്. രാജ്യത്തെ ബിഷപ്പുമാരെ വാഴിക്കുന്ന കാര്യത്തിലും തര്‍ക്കമുണ്ട്. മാര്‍പാപ്പയുടെ അംഗീകാരമില്ലാതെ ചൈനയിലെ തദ്ദേശീയ കത്തോലിക്കാ സഭ വാഴിച്ച ബിഷപ്പിനെ റോമന്‍ കത്തോലിക്കാ സഭ റദ്ദാക്കിയിരുന്നു. നിരന്തരമായ സംവാദത്തിന്റെയും കൂടിക്കാഴ്ചകളുടെയും ഫലമായി 2018 സെപ്തംബര്‍ 22നു മെത്രാന് നിയമനത്തില്‍ വത്തിക്കാന്‍- ചൈന രാജ്യങ്ങള്‍ ധാരണയിലെത്തുകയായിരിന്നു. കരാറില്‍ ഒപ്പുവെച്ചുവെങ്കിലും, നിരവധി ക്രൈസ്തവ ദേവാലയങ്ങളാണ് അതിനു ശേഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം അടച്ചു പൂട്ടിയത്. സര്‍ക്കാര്‍ അംഗീകൃത സഭയായ ചൈനീസ് പാട്രിയോട്ടിക് കത്തോലിക് അസോസിയേഷനില്‍ അംഗമല്ലാത്ത പുരോഹിതരും, വിശ്വാസികളുമായി ബന്ധപ്പെട്ട ദേവാലയങ്ങളാണ് അടച്ചുപൂട്ടിയവയില്‍ ഭൂരിഭാഗവും. ഇക്കഴിഞ്ഞ ജനുവരി 16 വരെ ഫുജിയാന്‍ പ്രവിശ്യയിലെ ഫുവാ നഗരത്തിലെ പതിനാറ് ദേവാലയങ്ങള്‍ അടച്ചുപൂട്ടി. മിന്‍ഡോങ് രൂപതയില്‍ സര്‍ക്കാര്‍ അടച്ചു പൂട്ടിയ ദേവാലയങ്ങള്‍ക്ക് മുന്നില്‍ രാവും പകലും പ്രാര്‍ത്ഥനയുമായി ഇരിക്കുന്നതിന്റെ ഫോട്ടോകളും വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.സായിഖി പട്ടണത്തിലെ ബുക്സിയ ദേവാലയത്തില്‍ ഇരുട്ടില്‍ ചിത്രീകരിച്ച വീഡിയോയില്‍ വിശ്വാസികള്‍ മെഴുകുതിരിയും കത്തിച്ചു പിടിച്ചു കൊണ്ട് പ്രാര്‍ത്ഥിക്കുന്നത് കാണാം. ഹുവാന്ഹൗലി കത്തോലിക്കാ ദേവാലയത്തിന്റെ പ്രവേശനകവാടത്തില്‍ നിരീക്ഷണ ക്യാമറകള്‍ക്ക് മുന്നില്‍ വിശ്വാസികള്‍ പ്രാര്‍ത്ഥിക്കുന്നതിന്റെ ചിത്രവും പുറത്തുവന്നു. ഡോങ്സാവോയിലെ കത്തോലിക്കാ ദേവാലയത്തിന്റെ അള്‍ത്താരയും മറ്റ് വിശുദ്ധ വസ്തുക്കളും സര്‍ക്കാര്‍ നീക്കം ചെയ്യുന്നതിന് മുന്‍പും പിന്‍പും ഉള്ള ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. മിന്‍ഡോങ് രൂപതയിലെ മുന്‍ മെത്രാനായിരുന്ന ബിഷപ്പ് വിന്‍സന്റ് ഗുവോ സിജിന്റെ അരമനയും സര്‍ക്കാര്‍ അടച്ചു പൂട്ടി. സര്‍ക്കാര്‍ അംഗീകൃത സഭയില്‍ ചേരാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ മാസങ്ങളോളമാണ് അദ്ദേഹം ഭവനരഹിതനായി കഴിഞ്ഞു.
മാര്പാപ്പയുമായുണ്ടാക്കിയ കരാര്‍ യഥാര്‍ത്ഥത്തില്‍ മതസ്വാതന്ത്ര്യത്തിന് കുഴപ്പമമാണുണ്ടാക്കിയതെന്നാണ് ലോകമത സ്വാതന്ത്ര്യത്തെ പറ്റി പഠിക്കുന്ന യു.എസ് കമ്മീഷന് ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കുട്ടികള്‍ക്ക് മുസ്ലിം പേരുകള്‍ ഇടുന്നതിനും അടുത്തയിടെ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇസ്ലാം മതവുമായി ബന്ധമുള്ള പേരുകളാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സര്‍ക്കാര്‍ നിരോധിച്ചത്. ഇസ്ലാം, ഖുര്‍ആന്‍, മക്ക, ജിഹാദ്, ഇമാം, സദ്ദാം, ഹജ്ജ്, മദീന തുടങ്ങിയ പേരുകള്‍ക്കാണ് നിരോധനം. ചൈനയിലെ മുസ്ലിം ഭൂരിപക്ഷപ്രദേശമായ ഷിന്‍ജിയാംഗ് പ്രവിശ്യയില്‍ കുട്ടികള്‍ക്ക് ഇത്തരത്തിലുള്ള പേരുകള്‍ ഇടുന്നത് പതിവാണ്.
നിരോധിച്ച പേരുകളുള്ള കുട്ടികള്‍ക്ക് സ്കൂളുകളില്‍ പ്രവേശനം അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സര്‍ക്കാറിന്റെ ഒരു ആനുകൂല്യവും ഇത്തരം പേരുകളുള്ള കുട്ടികള്‍ക്ക് ഉണ്ടാകില്ല. തീവ്രവാദത്തെ എതിര്‍ക്കുന്നതിന്റെ ഭാഗമാണ് പേരുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതെന്നാണ് ചൈനീസ് സര്‍ക്കാറിന്റെ ന്യായീകരണം.
മതസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ കമ്മ്യൂണിസ്റ്റുകളോട് കൂട്ടു കൂടുന്ന മതവിശ്വാസികള്‍ക്ക് പാപ്പയുടെ പ്രാര്‍ത്ഥന നിയോഗത്തിന്റെ അര്‍ത്ഥം മനസ്സിലായില്ലന്നു വരാം
പ്രതികരിക്കാൻ ഇവിടെ എഴുതുക: