ആലപ്പുഴ: വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് രാജ്യത്ത് വര്‍ഗീയ കലാപത്തിന് ആസൂത്രിത നീക്കം നടത്തുന്നുവെന്നാരോപിച്ച് ഏഷ്യാനെറ്റ് ന്യൂസ് ചാനലിനെതിരെ നല്‍കിയ പരാതിയില്‍ കേസെടുക്കാതെ പോലീസ് ഒളിച്ചു കളിക്കുന്നു. കഴിഞ്ഞ മാസം 26നാണ് ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് പൊതുപ്രവര്‍ത്തകന്‍ കളര്‍കോട് വേണുഗോപാലന്‍ നായര്‍ രേഖാമൂലം പരാതി നല്‍കിയത്. രണ്ടാഴ്ച പിന്നിട്ടിട്ടും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനോ, പരാതിക്കാരന്റെ മൊഴിയെടുക്കാനോ പോലീസ് തയാറാകാത്ത സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് വേണുഗോപാലന്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ചാനല്‍ വ്യാജവാര്‍ത്തകള്‍ ബോധപൂര്‍വം പ്രചരിപ്പിച്ച് വര്‍ഗ്ഗീയ കലാപം നടത്തുന്നതിനുള്ള ശ്രമം നടത്തിയെന്നും, ദല്‍ഹിയില്‍ മുസ്ലിംപള്ളി കത്തിച്ചതായി വ്യാജവാര്‍ത്ത പ്രചരിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. ദല്‍ഹിയിലുണ്ടായ ചില അനിഷ്ടസംഭവങ്ങളുമായി ബന്ധപ്പെട്ടാണ് ചാനലിന്റെ താല്‍പ്പര്യപ്രകാരം ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ സുനില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് വര്‍ഗ്ഗീയ കലാപമുണ്ടാക്കാന്‍ ശ്രമിച്ചത്.
ദല്‍ഹിയില്‍ ഇങ്ങനെയൊരു വാര്‍ത്തയ്‌ക്ക് ആസ്പദമായ സംഭവം എവിടെയും നടന്നിട്ടില്ല. സംഭവിക്കാത്ത വാര്‍ത്തകള്‍ ബോധപൂര്‍വം പ്രചരിപ്പിക്കുന്നത് രാജ്യത്ത് കലാപമുണ്ടണ്ടാക്കാനാണ്. ഇവരുടെ പ്രവൃത്തി ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം ശിക്ഷിക്കപ്പെടേണ്ടതാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
















