കാക്കനാട്: പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിന് പിന്നാലെ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പിന്റെ മറവില്‍ പണപ്പിരിവ് നടത്തിയ സിപിഎം കൗണ്‍സിലര്‍ കുടുങ്ങി. സിപിഎം തൃക്കാക്കര നഗരസഭ കൗണ്‍സിലറും ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗവുമായ സി.എ. നിഷാദ് ദുരിതാശ്വാസ ക്യാമ്പിന്റെ മറവില്‍ വിദേശത്ത് നിന്ന് ഉള്‍പ്പെടെ പണപ്പിരിവ് നടത്തിയതിന് തൃക്കാക്കര പോലീസാണ് കേസെടുത്തത്. ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസില്‍ രണ്ട് സിപിഎം ലോക്കല്‍ കമ്മിറ്റിയംഗങ്ങളും പാര്‍ട്ടി ഭരിക്കുന്ന അയ്യനാട് സര്‍വീസ് സഹകരണ ബാങ്ക് വനിത ഡയറക്ടര്‍ ബോര്‍ഡ് അംഗം ഉള്‍പ്പെടെ കുടുങ്ങിയതിന് പിന്നാലെയാണ് സിപിഎം കൊല്ലംകുടിമുകള്‍ വാര്ഡ്് കൗണ്‍സിലര്‍ കൂടി പ്രതി ചേര്‍ത്തിരിക്കുന്നത്.
2018 ആഗസ്റ്റിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പിന്റെ മറവില്‍ സ്വന്തം അക്കൗണ്ടില്‍ വിദേശത്തെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവരില്‍ പണം സ്വീകരിച്ച നിഷാദിനെതിരേ അന്ന് പരാതി ഉയര്‍ന്നെങ്കിലും രാഷ്ട്രീയ സ്വാധീനത്തില്‍ കേസൊതുക്കി. എന്നാല്‍ പാരാതിക്കാരന് പി.എ. മാഹിന്‍കുട്ടി കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കൗണ്‍സിലര്‍ക്കെതിരേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കാണെന്ന വ്യാജേന പണപ്പിരിവ് നടത്തിയതിന് പോലിസ് കേസെടുത്തത്. വാര്‍ഡിലെ വൃദ്ധ അന്തേവാസികള്‍ താമസിക്കുന്ന കരുണാലയത്തില്‍ റിലീഫ് ക്യാമ്പ് എന്ന പേരില്‍ വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങിയായിരുന്നു പണപ്പിരിവ്. പണം പ്രളയ നിധിയിലേക്ക് കൈമാറുകയോ ദുരിതം അനുഭവിച്ചവര്‍ക്ക് വേണ്ടി ചെലവഴിക്കുകയോ ചെയ്യാതെ സ്വന്തമാക്കി.
വിദേശത്തെ രണ്ട് സുഹൃത്തുക്കള്‍ നല്കിയ പണം അന്ന് തന്നെ കരുണാലയത്തിലെ 140 അന്തേവാസികള്‍ക്ക് ബൂട്ടുകള്‍ വാങ്ങാന്‍ ചെലവിട്ടെന്നാണ് കൗണ്‍സിലറുടെ വിശദീകരണം. സ്വകാര്യ ബാങ്കുകളില്‍ ഉള്‍പ്പെടെ അഞ്ച് അക്കൗണ്ടുകളുള്ള കൗണ്‍സിലര്‍ ബാങ്ക് ഓഫ് ബറോഡയിലെ അക്കൗണ്ടിലാണ് വിദേശത്തെ സുഹൃത്തുക്കളില്‍ നിന്ന് പണം സ്വീകരിച്ചത്. സുഹൃത്തുക്കള്‍ നല്കിയ പണം അന്ന് തന്നെ പിന്‍വലിച്ച് കരുണാലയം അന്തേവാസികള്‍ക്ക് ബൂട്ടുകള്‍ വാങ്ങാന്‍ ചെലവിട്ടെന്ന് കൗണ്‍സിലര്‍ പോലീസിന് മൊഴിനല്‍കി. നിവര്‍ന്നു നില്ക്കാന് പോലും വയ്യാതെ അവശരായ കരുണാലയത്തിലെ അന്തേവാസികള്‍ക്ക് മുട്ട് വരെ നീളമുള്ള പിവിസി ബൂട്ടുകള്‍ വാങ്ങി നല്‍കിയെന്ന കൗണ്‍സിലറുടെ മൊഴി വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്നാണ് പരാതിക്കാരന്റെ മൊഴി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: