കൊല്ലം: നാരീശക്തി പുരസ്‌കാരവുമായി കാര്‍ത്ത്യായനിയമ്മ ആദ്യമെത്തിയത് തന്നോടൊപ്പം പുരസ്‌കാരം പങ്കിട്ട ഭാഗീരഥിയമ്മയെ തേടി. പ്രാക്കുളം ഗോസ്തലക്കാവിലെ നന്ദധാമിന്റെ സ്വീകരണമുറിയിലായിരുന്നു നാരീശക്തികളുടെ സംഗമം…
‘വരൂ, വരൂ, ദല്‍ഹിയില്‍ നിന്നുള്ള യാത്രയെല്ലാം സുഖമായിരുന്നോ’ 98 വയസുകാരി കാര്‍ത്ത്യായനിയമ്മയോടുള്ള 105 വയസുകാരി ഭാഗീരഥിയമ്മയുടെ കുശലാന്വേഷണം. സന്തോഷത്തോടെയായിരുന്നു കാര്‍ത്ത്യായനിയമ്മയുടെ പ്രതികരണം, ‘സുഖം, ഒറ്റ സങ്കടമേ ഉണ്ടായിരുന്നുള്ളൂ. അവിടെ വച്ച് ചേച്ചിയെ കാണാനുള്ള അവസരമുണ്ടായില്ലല്ലോ.’
ടിവിയിലും പത്രത്തിലും എല്ലാം കണ്ടിട്ടുണ്ടെങ്കിലും നേരിട്ടുകാണാനുള്ള അവസരമൊരുങ്ങിയത് ഇന്നലെയാണ്. ലോകത്തെ ഏറ്റവും പ്രായമുള്ള പഠിതാവ് ഭാഗീരഥിയമ്മയെ തേടി തൊട്ടിളം തലമുറക്കാരിയായ കാര്‍ത്ത്യായനിയമ്മ പുരസ്‌കാരം വാങ്ങിയുള്ള മടക്കയാത്രയില്‍ ഓടിയെത്തുകയായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഹരിപ്പാട്ടേക്കുള്ള യാത്രയ്‌ക്കിടയിലാണ് അരമണിക്കൂറോളം പ്രാക്കുളത്ത് ചെലവിട്ടത്.
തന്നെ തേടിയെത്തിയ കാര്‍ത്ത്യായനിയമ്മയെ നിറപുഞ്ചിരിയോടെ ഭാഗീരഥിയമ്മ സ്വീകരിച്ചിരുത്തി. തുടര്‍ന്ന് ഇരുവരും ഏറെ നേരം പരസ്പരം കുശലാന്വേഷണവും സ്‌നേഹം പങ്കുവയ്‌ക്കലും. സാക്ഷരതാരംഗത്ത് ഭാഗീരഥിയമ്മയുടെ അധ്യാപികഷേര്‍ളി, കാര്‍ത്യായനി അമ്മയുടെ അധ്യാപിക സതി, ഭാഗീരഥിയമ്മയുടെ മക്കളായ തുളസീധരന്‍പിള്ള, തങ്കമണിപിള്ള, കാര്‍ത്ത്യായനിയമ്മയുടെ മകള്‍ അമ്മിണി, സാക്ഷരത ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പ്രദീപ് കുമാര്‍, സാക്ഷരതാ കെആര്‍പി കെ.ബി. വസന്തകുമാര്‍ തുടങ്ങിയവര്‍ അപൂര്‍വ സംഗമത്തിന് സാക്ഷികളായി.
















