തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച എറണാകുളത്തെ കുട്ടിയുടെ മാതാപിതാക്കള്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 14 ആയി. പുതിയതായി രണ്ടുപേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ഇന്ന് മാത്രം എട്ടുപേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ചികിത്സയിലുള്ളവരുടെ നില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ 1495 പേര്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇവരില്‍ 259 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഇറ്റലിയില്‍ നിന്ന് വന്ന റാന്നിയിലെ കുടുംബവുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആറുപേര്‍ക്ക് ഇന്ന് രാവിലെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇറ്റലിയില്‍ നിന്ന് എത്തിയ കുടുബത്തെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍ പോയ രണ്ട് പേര്‍ക്കും, വീട്ടിലെ പ്രായമായ അച്ഛനും അമ്മക്കും, റാന്നിയില്‍ തന്നെ കുടുംബവുമായി അടുത്തിടപഴകിയ മറ്റ് രണ്ട് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
നേരത്തെ പത്തനംതിട്ടയില്‍ രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കമുണ്ടായിരുന്ന പത്തനംതിട്ട ജില്ലയിലെ 4 പേര്‍ക്കും കോട്ടയം ജില്ലയിലെ 2 പേര്‍ക്കും കൂടി കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇതോടെ നിലവില്‍ സംസ്ഥാനത്ത് കൊവിഡ് 19 രോഗം ബാധിച്ച 14 പേരാണുള്ളത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള 85 വയസിന് മുകളില്‍ പ്രായമുള്ള രണ്ട് പേര്‍ ഹൈ റിസ്‌കിലുള്ളവരാണ്. രണ്ടുപേരുടേയും ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിലാണ്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മറ്റുള്ളവരുടെ ആരോഗ്യനിലയില്‍ ആശങ്കയ്‌ക്ക് വകയില്ലെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പിന്റെ അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
















