കോട്ടയം: കുമരകം പഞ്ചായത്തിലെ ആശാരിമറ്റം കോളനിയില്‍ സിപിഎം ഗുണ്ടാവിളയാട്ടം. 40 ഓളം വരുന്ന സിപിഎം ഗുണ്ടകള്‍ കോളനിയില്‍ കയറി ആക്രമണം അഴിച്ച് വിടുകയായിരുന്നു. ബിജെപി പ്രവര്‍ത്തകരായ ഷഗിന്‍ കുമാര്‍, മനോജ് ലാല്‍, സജേഷ് എന്നിവരെയാണ് സിപിഎം ഗുണ്ടകള്‍ തല്ലിചതച്ചത്. ഇവരുടെ വീടുകള്‍ തല്ലിതകര്‍ക്കുകയും, ഗൃഹോപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ കുറച്ച് നാളുകളായി പ്രദേശത്ത് സംഘര്‍ഷങ്ങള്‍ ഒഴിഞ്ഞ് നില്‍ക്കുകയായിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം പ്രദേശത്തെ ക്ഷേത്രോത്സവത്തിനിടെ മദ്യ ലഹരിയില്‍ ശരത്ത്, സ്മിതേഷ്, ആനന്ദ് ആരോമല്‍ എന്നിവര്‍ ഒരു കാരണവുമില്ലാതെ അക്രമം അഴിച്ച് വിടുകയായിരുന്നു.
അക്രമത്തില്‍ ഹൃദ്രോഗിയായ രാജമ്മയ്ക്ക് ഉള്‍പ്പടെ പരിക്കേറ്റിട്ടുണ്ട്. നിരവധി സ്ത്രീകളും സിപിഎം ഗുണ്ടാ വിളയാട്ടത്തിന് ഇരയായി. പ്രദേശത്ത് കുടിവെള്ള വിതരണം നടത്തുന്ന കറുകമറ്റം കൊച്ചുമോന്റെ കുടിവെള്ള ടാങ്കും വാഹനവും അടിച്ചു തകര്‍ത്തതില്‍ പെടുന്നു. ഏതാനും വര്‍ഷം മുമ്പ് വരെ സിപിഎം കോട്ടയായിരുന്നു ഈ പ്രദേശം. സംഘപരിവാര്‍ സംഘടനകള്‍ പ്രദേശത്ത് പ്രവര്‍ത്തനം വ്യാപിപ്പിച്ചതോടെ സിപിഎം ആക്രമങ്ങള്‍ അഴിച്ച് വിടുകയായിരുന്നു. അക്രമത്തിന് ശേഷം ചോരയില്‍ മുക്കിയ കൈപ്പത്തി ബിജെപി പ്രവര്‍ത്തകന്റെ ചുമരില്‍ പതിപ്പിച്ച് സഖാവ് മരണവാറണ്ട് പുറപ്പെടുവിച്ചു.
നിങ്ങടെ തലകൊയ്യാതെ ഞങ്ങള്‍ വിശ്രമിക്കില്ല എന്ന് ആക്രോശിച്ചാണ് അക്രമികള്‍ മടങ്ങിയതെന്ന് പ്രദേശ വാസികള്‍ പറഞ്ഞു. അക്രമത്തിന് ഇരയായ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീടുകള്‍ ആര്‍എസ്എസ് ജില്ലാ സമ്പര്‍ക്ക പ്രമുഖ് ഷിജു എബ്രഹാം, താലൂക്ക് കാര്യവാഹ് അഭിജിത്ത്, താലൂക്ക് ശാരീരിക് പ്രമുഖ് ഗോകുല്‍, മണ്ഡല് കാര്യവാഹ് മഹേഷ്, ബിജെപി നേതാക്കളായ എന്‍. ഹരി, എം.വി. ഉണ്ണികൃഷ്ണന്, കെ.ജി. ജയചന്ദ്രന്, ആന്റണി അറയില്‍, മനോജ് എന്നിവര്‍ സന്ദര്‍ശിച്ചു.
ചികിത്സ നിഷേധിച്ച് ജില്ലാ ആശുപത്രി
സിപിഎം അക്രമത്തില്‍ പരിക്കേറ്റ് ചികിത്സ തേടി എത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് കോട്ടയം ജില്ലാ ആശുപത്രി ചികിത്സ നിഷേധിച്ചു. രക്തം വാര്‍ന്ന് ആശുപത്രി വരാന്തയില്‍ നിന്നവരെ ഡോക്ടറുടെ നേതൃത്വത്തിലുള്ള ആശുപത്രിയില്‍ നിന്ന് ഇറക്കി വിട്ടു. അക്രമം നടത്തിയ അമ്പിളിയുടെ നേതൃത്വത്തിലുള്ള സിപിഎം ഗുണ്ടകള്‍ എത്തിയപ്പോള്‍ എല്ലാ സൗകര്യവും ചെയ്തത് നല്‍കിയത് ഇതേ ആശുപത്രി അധികൃതരാണ്. പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയാണ് ബിജെപി പ്രവര്‍ത്തകര്‍ ചികിത്സ തേടിയത്.
അണികളെ നിലയ്ക്ക് നിര്‍ത്താന്‍ സിപിഎം തയ്യാറാവണം: ഏറ്റുമാനൂര്‍ രാധാകൃഷ്ണന്
കുമരകം: സമാധാനം നിലനിന്നിരുന്ന കുമരകം പ്രദേശങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ അക്രമവും കലവിളിയും കുമരകത്തിന്റെ സമാധാനത്തിന് ഭീഷണിയെന്ന് ബിജെപി ദേശീയ സമിതി അംഗം ഏറ്റുമാനൂര്‍ രാധാകൃഷ്ണന്. സിപിഎം തകര്‍ത്ത വീടുകളും അക്രമത്തില്‍ പരിക്കേറ്റ പ്രവര്‍ത്തകരെയും സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിക്കുള്ളിലെ ഭിന്നത മറയ്ക്കാനും പാര്‍ട്ടിയിലെ കൊഴിഞ്ഞ് പോക്ക് തടയുന്നതിനും വേണ്ടി നടത്തുന്ന അക്രമം പൊതുജനത്തിന് മുന്നില്‍ തുറന്ന് കാട്ടും. തകര്‍ത്ത വീടുകള്‍ പൂര്‍വ സ്ഥിതിയിലാക്കാനും പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സാ സഹായവും നല്‍കണം. പ്രദേശത്ത് സമാധാന പുനസ്ഥാപിക്കാന്‍ പോലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്നും ഏറ്റുമാനൂര്‍ രാധാകൃഷ്ണന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: