തിരുവനന്തപുരം: സര്‍ക്കാര്‍ കോളേജിലെ യൂണിയന്‍ ചെയര്‍മാന്‍മാരുടെ വിദേശയാത്രയ്‌ക്ക് പിന്നാലെ സെക്രട്ടേറിയറ്റിലെ ഇടത് ഉദ്യോഗസ്ഥരുടെ യാത്രയും വിവാദമാകുന്നു. നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ സെക്രട്ടേറിയറ്റിലെ പ്രധാന ചുമതലക്കാരായ ഉദ്യോഗസ്ഥര്‍ ഹിമാചല്‍ പ്രദേശിലേക്ക് യാത്ര പോയി. നിയമസഭാ ചോദ്യങ്ങള്‍ക്ക് മറുപടി തയാറാക്കാന്‍ ചുമതലപ്പെട്ട ഉദേ്യാഗസ്ഥരാണ് യാത്ര പുറപ്പെട്ട 30 അംഗ സംഘത്തിലുള്ളത്. മാര്‍ച്ച് 9 മുതല്‍ 13 വരെ ഹിമാചല്‍ പ്രദേശില്‍ പരിശീലന പരിപാടിയില്‍ പങ്കെടുക്കാനാണ് ഭരണസിരാകേന്ദ്രത്തിലെ മധ്യ നിരയിലുള്ള ഉദ്യോഗസ്ഥര്‍ സംസ്ഥാനം വിട്ടത്.
ഉദ്യോഗസ്ഥ സംഘത്തെ നിശ്ചയിച്ചതിലും പക്ഷപാതം കാണിച്ചതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇടതുപക്ഷ യൂണിയനിലെ വിമത വിഭാഗമാണ് മുഖ്യമന്ത്രി പിണറായി വിജയനെ സ്വാധീനിച്ച് യാത്ര തരപ്പെടുത്തിയത്. ഇത് ഔദ്യോഗിക പക്ഷത്തെ ചൊടിപ്പിച്ചു. ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവരാനുള്ള കാരണവും ഔദ്യോഗിക പക്ഷത്തിന്റെ മേല്‍ ചാരുകയാണ് വിമതപക്ഷം.
നിയമസഭാ സമ്മേളനം നടക്കുമ്പോള്‍ ഉേദ്യാഗസ്ഥര്‍ അവധിയില്‍ പോലും പോകാന്‍ പാടില്ലെന്ന് നിര്‍ദേശിച്ച പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ തന്നെയാണ് ഉദ്യോഗസ്ഥര്‍ക്ക് യാത്രാനുമതി നല്‍കിക്കൊണ്ട് ഉത്തരവിറക്കിയത്. പൊതുഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയുമായ ഷൈന്‍ എ. ഹക്ക്, സെക്രട്ടേറിയറ്റ് അസോസിയേഷന്‍ മുന്‍ ജനറല്‍ സെക്രട്ടറി ബിജുക്കുട്ടന്‍, ഉദ്യോഗസ്ഥ ഭരണ പരിഷ്‌ക്കരണ വകുപ്പിലെ വിജിലന്‍സ് തലവന്‍ സന്തോഷ് കുമാര്‍ എന്നിവരാണ് സംഘത്തിലെ പ്രധാനികള്‍. അണ്ടര്‍ സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി തുടങ്ങിയ പ്രധാന ഉദ്യോഗസ്ഥരാണ് നിയമസഭ നടക്കുമ്പോള്‍ സംസ്ഥാനം വിട്ടത്.
കഴിഞ്ഞ നിയമസഭാ സമ്മേളന സമയത്ത് കെഎഎസ് പരീക്ഷയ്‌ക്ക് പഠിക്കാന്‍ അവധിയില്‍ പ്രവേശിച്ച പതിനഞ്ചോളം ഉദേ്യാഗസ്ഥരോട് നിയമനടപടികള്‍ നേരിടേണ്ടി വരുമെന്ന് ഭയപ്പെടുത്തി ജോലിയില്‍ പ്രവേശിപ്പിച്ച അതേ വകുപ്പ് തന്നെയാണ് നിയമസഭാ ചോദ്യങ്ങള്‍ക്ക് മറുപടി തയാറാക്കാന്‍ ചുമതലപ്പെട്ട ഉദേ്യാഗസ്ഥരെ യാത്രയ്‌ക്ക് അനുമതി നല്‍കിയതും. കഴിഞ്ഞ പ്രളയ സമയത്ത് ഇന്നത്തെ സെക്രട്ടേറിയറ്റ് അസോസിയേഷന്‍ ഭാരവാഹിയായ ഉന്നത ഉദേ്യാഗസ്ഥന്‍ കുടുംബ സമേതം ദില്ലിക്ക് പോയത് വിവാദമായിരുന്നു. ഉദ്യോഗസ്ഥരുടെ നിയമസഭാ സമ്മേളന കാലയളവിലെ യാത്ര ഒഴിവാക്കണമെന്ന ആവശ്യം നിയമസഭ സെക്രട്ടേറിയറ്റ് ഉന്നയിച്ചേക്കും. സര്‍ക്കാര്‍ കോളേജിലെ എസ്എഫ്‌ഐ നേതാക്കളായ ഭൂരിഭാഗം ചെയര്‍മാന്‍മാരേയും വിദേശത്ത് കൊണ്ടുപോയതിന് പിന്നാലെയാണ് സര്‍ക്കാരിന് തലവേദന സൃഷ്ടിച്ച് മറ്റൊരു യാത്രയും വിവാദമായിരിക്കുന്നത്.
















