കൊട്ടിയം: ദേവനന്ദയുടെ മരണം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്താതെ വഴിമുട്ടിയ സ്ഥിതിയില്‍. ഒരുവശത്ത് കുട്ടിയെ പുഴയില്‍ എറിഞ്ഞതാണെന്നാണ് നിഗമനം. മറുവശത്ത് ഫൊറന്‍സിക് വിദഗ്ധരുടെ നിഗമനത്തില്‍ കുട്ടി വീടിന് അടുത്തുള്ള കുളിക്കടവില്‍ മുങ്ങി മരിച്ചതാകാമെന്നും അവിടെ നിന്നും ഒഴുകി മൃതദേഹം കിടന്ന ഭാഗത്ത് എത്തിയതാവാം എന്ന അനുമാനവുമാണ്.
പോലീസ് നായയായ റീന പോയ വഴിക്ക് അന്വേഷണം നടത്തിയാല്‍ കുട്ടിയെ കൂട്ടികൊണ്ട് പോയി ആറ്റില്‍ തള്ളിയതാകാനാണ് സാധ്യത. ആ രീതിയില്‍ അന്വേഷണം നടത്തണമെന്നാണ് നാട്ടുകാരും ബന്ധുക്കളും ആവശ്യപ്പെടുന്നത്.
പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രദേശത്ത് അന്നുണ്ടായിരുന്നവരുടെ മൊബൈല്‍ഫോണ്‍ രേഖകളും ഏറെക്കുറെ ശേഖരിച്ചു. കൂടാതെ നൂറിലേറെ പേരെ ചോദ്യം ചെയ്തിട്ടുമുണ്ട്. ഇതില്‍ നിന്ന് നാലു പേരില്‍ എത്തിയ അന്വേഷണം ഒരാളെ കേന്ദ്രീകരിച്ചു നില്‍ക്കുകയാണ്. അവിടെയും തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ കസ്റ്റഡി സാധ്യമാവുകയുള്ളൂ. ശാസ്ത്രീയ തെളിവുകളുടെ അഭാവമാണ് അറസ്റ്റ് വൈകുന്നതിന് പിന്നിലെന്നാണ് സൂചന. ചോദ്യം ചെയ്യലില്‍ പ്രതിയെന്ന് സംശയിക്കുന്നയാള്‍ കുറ്റം സമ്മതിച്ചിട്ടില്ല. തിരിച്ചും മറിച്ചും ചോദ്യം ചെയ്‌തെങ്കിലും മറുപടികളില്‍ കാര്യമായ വ്യത്യാസം ഉണ്ടാകാത്തതാണ് അന്വേഷണസംഘത്തെ കുഴയ്‌ക്കുന്നത്. കോടതിയിലെത്തിയാലും കേസ് നിലനില്‍ക്കണമെങ്കില്‍ ശാസ്ത്രീയമായ അടിത്തറ വേണം. കുട്ടിയെ വീട്ടില്‍ നിന്ന് എടുത്തുകൊണ്ടുപോകാനുള്ള സാധ്യതകള്‍ ഏറെയുണ്ടെങ്കിലും അക്കാര്യത്തില്‍ വ്യക്തതയില്ല. ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തില്‍ കണ്ണനല്ലൂര്‍ പോലീസാണ് അന്വേഷണം നടത്തുന്നത്. ഒപ്പംതന്നെ പോലീസിന്റെ കുറ്റാന്വേഷണവിഭാഗവുമുണ്ട്. എന്നിട്ടും അന്വേഷണം മന്ദഗതിയിലാണെന്നാണ് നാട്ടുകാരുടെ ആരോപണം.
ഫൊറന്‍സിക് വിദഗ്ധരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കം ഒരുവശത്ത് നടക്കുമ്പോള്‍ ബന്ധുക്കളും നാട്ടുകാരും കേസ് ക്രൈം ബ്രാഞ്ചിന്റെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന ആവശ്യമാണ് ഉയര്‍ത്തുന്നത്.
















