തൃശൂര്‍: കോവിഡ്-19 (കൊറോണ) മുതലെടുത്ത് വ്യാപാരികള്‍. വൈറസ് ബാധ വ്യാപകമാകുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ധരിക്കുന്ന മാസ്‌കിന് വിപണിയില്‍ ക്ഷാമവും വില വര്‍ധനയും.
കൊറോണ രോഗഭീതിയില്‍ ആവശ്യക്കാരേറിയപ്പോഴാണ് മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയുടെ വില വര്‍ധിച്ചത്. നിപ കാലഘട്ടത്തില്‍ മാസ്‌ക്കിനും സാനിറ്റൈസറിനും ക്ഷാമമുണ്ടായിരുന്നില്ലെങ്കില്‍ ഇപ്പോള്‍ സ്ഥിതി വ്യത്യസ്തമാണ്. അവസരം മുതലെടുത്ത് കമ്പനികള്‍ മാസ്‌കിന് വില കുത്തനെ കൂട്ടിയതായി ചില്ലറ വില്‍പ്പനക്കാര്‍ പറയുന്നു. മാസ്‌കിന്റെ ഇറക്കുമതി നിലച്ചതോടെയാണ് വിപണിയില്‍ ക്ഷാമം അനുഭവപ്പെടുന്നത്.
മെഡിക്കല്‍ ഷോപ്പുകളിലും മറ്റും ലഭിച്ചിരുന്ന വണ്‍ ലെയര്‍ മാസ്‌ക്കുകള്‍ സ്റ്റോക്കില്ലാത്ത അവസ്ഥയാണ്. പല കമ്പനികളും മാസ്‌ക്കുകളുടെ വില വര്‍ധിപ്പിച്ചു. മാസ്‌ക്കിന്റെ വില ഇപ്പോള്‍ 40 രൂപയായി ഉയര്‍ന്നു. രണ്ടാഴ്ച മുമ്പ് വരെ അഞ്ചു രൂപ നിരക്കില്‍ വില്‍പ്പന നടത്തിയിരുന്ന സ്ഥാനത്താണ് എട്ടിരട്ടിയിലേറെ വില വര്‍ധന. ഇനിയും വില കൂടുമെന്ന ധാരണയില്‍ ചില വ്യാപാരികള്‍ മാസ്‌ക്കുകള്‍ പൂഴത്തിവയ്‌ക്കുന്നതായും ആരോപണമുണ്ട്. മാസ്‌ക്കിനു പുറമേ മുഖാവരണങ്ങളുടെയും അണുനാശിനികളുടെയും വില്‍പ്പന കൂടിയതായി വിതരണക്കാര്‍ പറയുന്നു. എന്‍ 95 മുഖാവരണങ്ങള്‍ക്കും കൈകള്‍ ശുചിയാക്കുന്നതിനും അണുവിമുക്തമാക്കുന്നതിനുമുള്ള സാനിറ്റൈസറുകള്‍ക്കും വില ഉയര്‍ന്നിട്ടുണ്ട്. എന്‍ 45 മുഖാവരണത്തിന് 400 രൂപയാണ് ഇപ്പോഴത്തെ വില. നേരത്തേ 75 രൂപയായിരുന്നു. ഓണ്‍ലൈന്‍ വിപണിയില്‍ 600 രൂപ വരെയാണ് വില. വിപണിയില്‍ ന്യായമായ വിലയ്‌ക്ക് മാസ്‌ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
















