രാജ്കോട്ട്: ചെയര്മാന് അടക്കം രണ്ട് അംഗങ്ങള്‍ ദേശീയ സെലക്ഷന് കമ്മിറ്റിയില്‍ പുതിതായി എത്തിയെങ്കിലും ധോണിയുടെ ഭാവിയെ സംബന്ധിച്ച സെലക്ഷന് കമ്മിറ്റിയുടെ നിലപാടില്‍ മാറ്റമില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ബോര്‍ഡിന്റെ ഒരു ഉന്നത ഭാരവാഹി അറിയിച്ചു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മികവ് കാട്ടിയാലേ മുന്‍ നായകനായ എം.എസ്. ധോണിക്ക് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനാകൂയെന്ന് അദ്ദേഹം വ്യക്തമാക്കി. സുനില്‍ ജോഷി ചെയര്‍മാനായ പുതിയ സെലക്ഷന് കമ്മിറ്റി കഴിഞ്ഞ ദിവസമാണ് ആദ്യമായി യോഗം ചേര്‍ന്ന് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്.
ധോണിയില്‍ നിന്ന് ടീം മാറിപ്പോയെന്നും ധോണി കളി തുടര്‍ന്നാലേ ടീം തെരഞ്ഞെടുപ്പില്‍ പരിഗണിക്കൂയെന്നും എം.എസ്.കെ. പ്രസാദ് ചെയര്‍മാനായ മുന്‍ ദേശീയ സെലക്ഷന് കമ്മിറ്റി നേരത്തെ വ്യക്തമായിരുന്നു.
കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഐസിസി ലോകകപ്പ് സെമിയില്‍ ഇന്ത്യ ന്യൂസിലന്‍ഡിനോട് തോറ്റതിനുശേഷം ധോണി ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഈ മാസം 29ന് ആരംഭിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ധോണി ചെന്നൈ സൂപ്പര്‍ കിങ്സിനായി കളിക്കും. പ്രീമിയര്‍ ലീഗില്‍ മികച്ച പോരാട്ടം കാഴ്ചവച്ചാലേ ഓസ്ട്രേലിയയില്‍ ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നടക്കുന്ന ടി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് ധോണിയെ പരിഗണിക്കൂ.
ഐപിഎല്ലില്‍ തിളങ്ങിയാല്‍ ധോണിക്ക് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനാകുമെന്ന് ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിയും നേരത്തെ വ്യക്തമാക്കിയിരുന്നു. ഋഷഭ് പന്ത് തുടര്‍ച്ചയായി പരാജയപ്പെട്ടതിനാല്‍ നിലവില്‍ കെ.എല്‍. രാഹുലാണ് ഇന്ത്യന്‍ വിക്കറ്റ് കാക്കുന്നത്. ഈ സാഹചര്യത്തില്‍ ധോണിയെ തിരിച്ചുവിളിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
ഐപിഎല്ലിന്റെ ഉദ്ഘാടന മത്സരത്തില്‍ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്സ് മാര്‍ച്ച് 29ന് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ നേരിടും. മുംബൈയിലെ വാങ്കഡേ സ്റ്റേഡിയത്തിലാണ് മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: