മേല്‍പ്പറഞ്ഞ ഒരു നിലപാടിലും സാമാന്യയുക്തി (രീാാീിലെിലെ) യുടെ അടിസ്ഥാനത്തില്‍ ചരകാചാര്യര്‍ സ്വീകരിച്ചിരിക്കുന്ന മധ്യമാര്‍ഗം കാണുന്നില്ല. ഗുരുതരങ്ങളായ ദുഷ്‌ക്കര്‍മ്മങ്ങളുടെ ഫലമൊഴികെ മറ്റു സാധാരണകര്‍മ്മങ്ങളുടെ ഫലങ്ങളെ എല്ലാം തന്നെ സന്തുലിതജീവിതം, ഔഷധപ്രയോഗം മുതലായവ കൊണ്ട് തടുക്കാന്‍ കഴിയും എന്നതാണ് ആ മധ്യമാര്‍ഗം. ഇതരദര്‍ശനങ്ങളനുസരിച്ച് കര്‍മ്മഫലം ഒരുതരത്തിലും മാറ്റാന്‍ സാധ്യമല്ല, അനുഭവിച്ചുതീര്‍ക്കണം എന്നതാണ്. ജ്ഞാനം കൊണ്ട് അപക്വങ്ങളായ കര്‍മ്മഫലമേ നശിക്കുന്നുള്ളൂ. പക്വങ്ങളായവ അനുഭവിച്ചു തന്നെ തീരണം. ഒരു പ്രവൃത്തിയുടെ ധാര്‍മ്മികതയോ അധാര്‍മ്മികതയോ ആണ് സദസത്ഫലത്തെ, ജയപരാജയങ്ങളെ നിര്‍ണ്ണയിക്കുന്നത. അതായത്, കര്‍മ്മസിദ്ധാന്തപ്രകാരം നാം ചെയ്തുകൂട്ടിയ നല്ലതോ ചീത്തയോ ആയ കര്‍മ്മങ്ങളുടെ ഫലങ്ങള്‍ അദൃശ്യമായി നിലക്കൊണ്ട് പാകമായിക്കൊണ്ടിരിക്കുകയാണ്. അവയാണ് പാകമാകുമ്പോള്‍ നമ്മുടെ സുഖദുഃഖങ്ങളേയും ജയപരാജയങ്ങളേയും നിശ്ചയിക്കുന്നത്. അങ്ങനെ ആകുമ്പോള്‍ നമ്മുടെ കര്‍മ്മങ്ങള്‍ക്കു ഫലനിര്‍ണയത്തില്‍ യാതൊരു പ്രസക്തിയുമില്ല, എല്ലാം പൂര്‍വനിശ്ചിതമാണ് എന്ന നിഗമനത്തിലെത്തേണ്ടി വരും.
സാധാരണഗതിയില്‍ ഒരു കാര്യം സാധിക്കാന്‍ വേണ്ടുന്ന പ്രയത്‌നങ്ങളെല്ലാം നാം ചെയ്തു പരാജയപ്പെടുമ്പോഴേ വിധിയാണ്, നിയതിയാണ് എന്നു നാം കരുതാറുള്ളൂ. വളരെ കടുത്ത തലേലെഴുത്തുണ്ടെങ്കിലേ നാം ചെയ്യുന്ന കാര്യം പരാജയപ്പെടൂ.
അല്ലെങ്കില്‍ വേണ്ടതരത്തില്‍ ചെയ്യുന്ന കാര്യം നാം ഉദ്ദേശിക്കുന്ന തരത്തിലുള്ള ഫലപ്രാപ്തിയിലെത്തുക തന്നെ ചെയ്യും. ആ സാമാന്യയുക്തിയാണ് ചരകാചാര്യരുടേതും. ചരകന്‍ ദൃഷ്ടിയില്‍ ധര്‍മ്മാധര്‍മ്മങ്ങളെന്നത് അമൂര്‍ത്തങ്ങളായ ഭൗതികാതീതസത്തകളല്ല, കര്‍മ്മത്തിന്‍ ഭൗതികം, ഭൗതികാതീതം എന്ന രണ്ടു തലങ്ങളുമില്ല. കര്‍മ്മത്തിന്റെ അതിയോഗം, അയോഗം, മിഥ്യായോഗം എന്നിവ ഒഴിവാക്കുകയും ആത്മഹിതം അനുസരിച്ചു പ്രവര്‍ത്തിക്കുകയുമാണ് ശരിയായ ജീവിതചര്യ. ചരകമതമനുസരിച്ച് പ്രാണൈഷണാ (ജീവസന്ധാരണത്തിനുള്ള ആഗ്രഹം), ധനൈഷണാ (സുഖാനുഭവത്തിനു വേണ്ട സാമഗ്രികള്‍ സമ്പാദിക്കാനുള്ള ആഗ്രഹം), പരലോകൈഷണാ (ഭാവിജീവിതസുഖത്തിലുള്ള ആഗ്രഹം) എന്ന ഇച്ഛാത്രയം ആണ് നമ്മുടെ എല്ലാ പ്രവൃത്തികളുടെയും മൂലപ്രേരകങ്ങള്‍. സദാചാരം എന്നാല്‍ വേദവിഹിതമായ ധര്‍മ്മാനുഷ്ഠാനമോ, വിവിധചര്യകളിലൂടെ ആശാനാശം, ജ്ഞാനലബ്ധി, അജ്ഞാനനാശം എന്നിവ കൈവരിച്ചു കൊണ്ടുള്ള ദുഃഖനിവൃത്തി എന്നിവയൊന്നുമല്ല. മേല്‍പ്പറഞ്ഞ മൂന്നിന്റെയും സാക്ഷാത്കാരമാണ്. അധര്‍മ്മം അഥവാ പാപത്തിനു കാരണം വേദാദികളിലെ നിര്‍ദ്ദേശങ്ങളുടെ ഉല്ലംഘനമൊന്നുമല്ല, മറിച്ച്, ചിന്ത, തീരുമാനം എന്നിവയില്‍ വരുത്തുന്ന പാകപ്പിഴകള്‍ (പ്രജ്ഞാപരാധം) ആണ് (ബുദ്ധ്യാ സമ്യഗിദം മമ ഹിതം ഇദം മമാഹിതം ഇതി അവേക്ഷ്യ അവേക്ഷ്യ കര്‍മ്മണാം പ്രവൃത്തീനാം സമ്യക് പ്രതിപാദനേന ഇതി അഹിതകര്‍മ്മപരിത്യാഗേന ഹിതകര്‍മ്മാചരേണന ച ചക്രപാണി, ചരകസംഹിതാവ്യഖ്യാനം 1. 8. 17). പ്രജ്ഞാപരാധം വരാതെ ജീവിക്കലാണ് ശരിയായ ധാര്‍മ്മികജീവിതം. ഗീതയിലെ നിഷ്‌കാമകര്‍മ്മം എന്ന ആശയത്തെയും ചരകന്‍ സ്വീകരിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: