2019 ഡിസംബര്‍ 2. ഇന്ത്യന്‍ നാവിക സേനയുടെ ദക്ഷിണേന്ത്യയിലെ ആസ്ഥാനമായ കൊച്ചിയില്‍ ചരിത്ര നിമിഷങ്ങളാണ് പിറവിയെടുത്തത്. നാവിക സേന പൈലറ്റ് എന്ന പദവിയിലേക്ക് വനിതകളുടെ സാന്നിധ്യം എത്തിച്ചുകൊണ്ട് ശിവാങ്കി സിങ് എന്ന ബീഹാര്‍ സ്വദേശിനി പറന്നിറങ്ങിയതോടെ പുതിയ ചരിത്രം എഴുതി ചേര്‍ക്കപ്പെടുകയായിരുന്നു.
ഡോണിയര്‍ വിമാനം ഡിഒ228 ആദ്യഘട്ട പരിശോധന നടത്തി കോക്പിറ്റില്‍ പ്രവേശിക്കുന്നതുവരെ തെല്ല് ഭയമായിരുന്നു. പരിശീലനത്തിനും മറ്റുമായി പലതവണ പറത്തിയിട്ടുള്ളതാണ്. വര്‍ഷങ്ങള്‍ നീണ്ട സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുമെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ആത്മവിശ്വാസത്തിലേക്കും തുടര്‍ന്ന് ധൈര്യത്തിലേക്കും ആശങ്കകള്‍ വഴിമാറി. പറന്നിറങ്ങിയപ്പോള്‍ ആകാശം കീഴടക്കിയ സന്തോഷമായിരുന്നു. സീനിയര്‍ ഉദ്യോഗസ്ഥനായ വൈസ് അഡ്മിറല്‍ എ.കെ. ചൗലയില്‍ നിന്ന് ശിവാങ്കി നരീക്ഷണ വിമാനമായ ഡോണിയര്‍ പറത്താനുള്ള അനുമതി പത്രമായ വിങ് ബാഡ്ജ് സ്വീകരിച്ചപ്പോള്‍ സാക്ഷാത്കരിച്ചത് ചെറുപ്പം മുതല്‍ മനസ്സില്‍ കൊണ്ടുനടന്ന സ്വപ്‌നം കൂടിയാണ്.
പത്ത് വയസ്സുള്ളപ്പോള്‍ മന്ത്രിയുമായി വിമാനം പറന്നിറങ്ങുന്നത് കാണാന്‍ ഇടയായതാണ് ശിവാങ്കിയുടെ ജീവിതത്തില്‍ നിര്‍ണ്ണായകമായത്. അന്നുമുതല്‍ കോക്പിറ്റും, മേഘങ്ങള്‍ കീറിമുറിക്കുന്ന വിമാനച്ചിറകുകളും ശിവാങ്കിയുടെ സ്വപ്‌നങ്ങളിലെ സ്ഥിരം അതിഥികളായി.
വര്‍ഷങ്ങള്‍ക്കു ശേഷം സിക്കിം മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിങ് ബിരുദം നേടിയപ്പോഴും ഈ ആഗ്രഹം മനസ്സില്‍ കിടന്നു. ജെയ്പൂര്‍ മാളവ്യ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്‌നോളജിയില്‍ ബിരുദാനന്തര ബിരുദത്തിനായി പഠിക്കവേ ഇന്ത്യന്‍ നേവി റിക്രൂട്ടിങ്ങിനായി കോളേജില്‍ എത്തിയതോടെ പഴയ പൈലറ്റ് സ്വപ്നം സാക്ഷാത്കരിക്കാന്‍ തന്നെ ശിവാങ്കി തീരുമാനമെടുത്തു. ഒരുവര്‍ഷത്തോളം കണ്ണൂര്‍ ഏഴിമല നാവികസേന അക്കാദമിയില്‍ എയര്‍ഫോഴ്‌സിന്റെ കഠിന പരിശീലനത്തിനു ശേഷം ജൂണിലാണ് ശിവാങ്കി കൊച്ചിയില്‍ എത്തിയത്. ആദ്യഘട്ടത്തില്‍ എയര്‍ഫോഴ്‌സിനൊപ്പം പോര്‍ വിമാനങ്ങളിലാണ് ശിവാങ്കി പരിശീലനം നേടിയത്. അവിടെവച്ച് രണ്ടാംഘട്ട പരിശീലനമായ ഡോണിയര്‍ വിമാനം പറത്തി പരിശീലനം പൂര്‍ത്തിയാക്കിയ സബ്‌ലഫ്റ്റനന്റ് ശിവാങ്കി തന്റെ ചിരകാല സ്വപ്‌നം സാക്ഷാത്കരിക്കുന്ന നിരീക്ഷണ വിമാനം പറത്താനുള്ള വിങ്‌സ് ബാഡ്ജ് സ്വന്തമാക്കുന്നത്.
ശിവാങ്കിയടക്കം മൂന്ന് വനിതകളെയാണ് പൈലറ്റാകുന്നതിനായി തെരഞ്ഞെടുത്തതെങ്കിലും നാവിക സേനയുടെ പരിശീലനം ശിവാങ്കി ആദ്യം പൂര്‍ത്തീകരിക്കുകയായിരുന്നു.
നാവിക സേനയില്‍ വര്‍ഷങ്ങളോളം പുരുഷന്മാര്‍ കൈയ്യടക്കി വച്ചിരുന്ന പദവിയിലേക്ക് ശിവാങ്കി എത്തുമ്പോള്‍ സഹപ്രവര്‍ത്തകരുടെ ഒരു വലിയ നിര തന്നെ അവര്‍ക്ക് പിന്തുണയുമായി എത്തിയിരുന്നു. ആണ്‍-പെണ്‍ എന്നൊരു വ്യത്യാസമില്ലാതെ തന്നെയാണ് എയര്‍ഫോഴ്‌സ് ആദ്യ പരിശീലനം നല്‍കിയത്. പിന്നീട് കൊച്ചിയിലേക്കെത്തിയപ്പോഴും സഹപ്രവര്‍ത്തകരുടേയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടേയും പിന്തുണയാണ് ഈ നേട്ടത്തിനായി ശിവാങ്കിക്ക് സഹായകമായത്.
മൂന്ന് മാസങ്ങള്‍ക്കു ശേഷം ഇന്ന് ശിവാങ്കി പൈലറ്റ് പരിശീലനത്തിന്റെ മൂന്നാമത്തേയും അവസാനത്തേതുമായ ഘട്ടത്തില്‍ പരിശീലനത്തിലാണ്. ഇവിടെ ഓപ്പറേഷണല്‍ ഫ്‌ളൈയിങ് പരിശീലനത്തിലാണ്. അതിനു ശേഷം മാത്രമാണ് ഇവര്‍ക്ക് നേവിയുടെ ഭാഗമായി ഓപ്പറേഷണല്‍ നിരീക്ഷണ വിമാനങ്ങള്‍ പറത്താന്‍ സാധിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: