തിരുവനന്തപുരം:സ്ത്രീകള്‍ നേരിടുന്ന വിമര്‍ശനങ്ങള്‍ക്ക് പ്രവൃത്തിയിലൂടെയാണ് മറുപടി നല്‍കേണ്ടതെന്ന് സ്‌പൈസസ് ബോര്‍ഡ് ഡയറക്ടര്‍ എ. ഷൈനമോള്‍ ഐ.എ.എസ് പറഞ്ഞു. അന്താരാഷ്‌ട്രാ വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരത്തെ പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും, റീജ്യണല്‍ ഔട്ട്‌റീച്ച് ബ്യൂറോയും പൂജപ്പുരയിലുള്ള എല്‍.ബി.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോര്‍ വുമണുമായി (എല്‍.ബി.എസ്.ഐ.റ്റി.ഡബ്ല്യു) ചേര്‍ന്ന് എല്‍.ബി.എസ്.ഐ.റ്റി.ഡബ്ല്യു വില്‍ സംഘടിപ്പിച്ച വനിതാ റൗണ്ട് ടേബിള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
സമൂഹത്തില്‍ മുന്നോട്ട് വരുന്ന സ്ത്രീകള്‍ക്ക് പലതരത്തിലുള്ള വിമര്‍ശനങ്ങളും, കളിയാക്കലുകളും നേരിടേണ്ടി വരാറുണ്ട്. ഈ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കേണ്ടത് പ്രവൃത്തിയിലൂടെ കഴിവ് തെളിയിച്ചാവണമെന്ന് ഷൈന മോള്‍ പറഞ്ഞു. സ്ത്രീകള്‍ സ്വന്തം മൂല്യം മനസ്സിലാക്കണമെന്നും അതിന് ക്ഷതമേല്‍പ്പിക്കാന്‍ ആരേയും അനുവദിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു. വനിതകളുടെ പ്രശ്‌നങ്ങള്‍ അവരെ മാത്രമല്ല, മൊത്തം സമൂഹത്തെയും ബാധിക്കുന്നതാണ്. സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍ തന്നെ സുരക്ഷയ്‌ക്ക് പരമപ്രാധാന്യം നല്‍കണം- ഷൈനമോള്‍ പറഞ്ഞു.
എല്‍.ബി.എസ്.ഐ.റ്റി.ഡബ്ല്യു അസോസിയേറ്റ് പ്രൊഫസര്‍. ഡോ. ഷിജു പി.പി മുഖ്യപ്രഭാഷണം നടത്തി. പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ഡോ. നീതു സോണ, ആര്‍. സൂരജ് തുടങ്ങിയവര്‍ സംസാരിച്ചു.
തുടര്‍ന്ന് ‘വനിത – വിദ്യാഭ്യാസം, തൊഴില്‍, ശാക്തീകരണം’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ ലോക ബാങ്ക് മുന്‍ മുഖ്യ ഇവാലുവേഷന്‍ വിദഗ്ധയും, സംസ്ഥാന ഗവണ്‍മെന്റിന്റെ ജെന്‍ഡര്‍ അഡൈ്വസറുമായിരുന്ന ഡോ. ഗീതാ ഗോപാല്‍, തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പെയ്‌സ് സയന്‍സ് ആന്റ് ടെക്‌നോളജിയിലെ അസ്സോസിയേറ്റ് പ്രൊഫസര്‍ ബബിതാ മറീന ജസ്റ്റിന്‍, ടെക്‌നോപാര്‍ക്കിലെ സീനിയര്‍ മാനേജരും, എഴുത്തുകാരിയുമായ ഗീതാജ്ഞലി കൃഷ്ണന്‍, എന്നിവര്‍ പങ്കെടുത്തു. തിരുവനന്തപുരം റീജിയണല്‍ ഔട്ട് റീച്ച് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എ. ബീന മോഡറേറ്ററായിരുന്നു.
















