കൊല്ലം: പ്ലസ്ടു, എസ്എസ്എല്‍സി പരീക്ഷകള്‍ ഇടകലര്‍ത്തി നടത്തുന്നതില്‍ ആശങ്കയൊഴിയാതെ വിദ്യാര്‍ഥികളും അധ്യാപകരും. പരീക്ഷണാടിസ്ഥാനത്തില്‍ 317 സ്കൂളുകളിലാണ് ഇത്തവണ ഇടകലര്‍ത്തി പരീക്ഷ നടത്തുന്നത്.
ഹാള്‍ടിക്കറ്റ് പ്രകാരം എസ്എസ്എല്‍സി പരീക്ഷാര്‍ഥികള്‍ക്ക് എല്ലാ പരീക്ഷാ ദിവസവും ഒരേ സീറ്റില്‍ ഇരിക്കാമെങ്കിലും പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് സീറ്റുകള്‍ മാറിവരുമെന്നതാണ് പ്രധാന കടമ്പ. എസ്എസ്എല്‍സിക്ക് ഇത്തവണ ഏകദേശം അഞ്ചു ലക്ഷത്തിലധികം കുട്ടികളും പ്ലസ്ടുവിന് നാല് ലക്ഷം കുട്ടികളുമാണ് പരീക്ഷയെഴുതുന്നത്.
രണ്ട് വ്യത്യസ്ത പരീക്ഷാചീഫുമാരുടെ നിയന്ത്രണത്തിലുള്ള വിദ്യാര്‍ഥികളായതിനാല്‍ പരീക്ഷാഹാളിലെ അച്ചടക്കരാഹിത്യത്തിന് നടപടിയെടുക്കുന്നതില്‍ ഏറെ പ്രയാസമുണ്ടാകും. മൂന്ന് വ്യത്യസ്ത സമയങ്ങളില്‍ പരീക്ഷ കഴിഞ്ഞ് പോകുന്നവരുടെ ബഹളത്തില്‍ മറ്റു കുട്ടികളുടെ സുഗമമായ പരീക്ഷയെഴുത്തും നടക്കില്ല. ക്ലാസ് മുറിയിലെ ഇന്‍വിജിലേറ്റര്‍മാരുടെ കണ്ണുവെട്ടിച്ച് ഗുരുതര ക്രമക്കേടുകള്‍ക്കും സാധ്യതയേറെയാണ്. സമയക്രമത്തിന് പുറമെ മൂന്ന് വ്യത്യസ്ത ഉത്തരക്കടലാസുകള്‍ കൂടി ഒരേ ഹാളില്‍ ഉപയോഗിക്കേണ്ടിവരുന്നത് ഇന്‍വിജിലേറ്റര്‍മാര്‍ക്ക് ബുദ്ധിമുട്ടാകും. അനാവശ്യ ശിക്ഷാനടപടികള്‍ക്കും അതിടയാക്കും.
എസ്എസ്എല്‍സി മലയാളം പാര്‍ട്ട് ഒന്ന്, രണ്ട്, ഹിന്ദി, ജീവശാസ്ത്രം, ഊര്‍ജതന്ത്രം, രസതന്ത്രം പരീക്ഷകള്‍ രാവിലെ 9.45 മുതല്‍ 11.30 വരെയും ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ്, ഗണിതശാസ്ത്രം പരീക്ഷകള്‍ രാവിലെ 9.45 മുതല്‍ 12.30 വരെയുമാണ് നടത്തുക. ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ രാവിലെ 9.45 മുതല്‍ 12.30 വരെ (പ്രാക്ടിക്കല്‍ ഇല്ലാത്ത വിഷയങ്ങള്‍ക്ക്). 15 മിനിറ്റ് ചോദ്യങ്ങള്‍ വായിക്കാനും മനസ്സിലാക്കാനും ‘കൂള്‍ ഓഫ് ടൈം’ ലഭിക്കും. പരീക്ഷയ്ക്ക് 15 മിനിറ്റ് മുമ്പേ കുട്ടികളെ പരീക്ഷാഹാളിലേക്ക് പ്രവേശിപ്പിക്കും. പത്താം ക്ലാസ് പരീക്ഷയോടൊപ്പം ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി എന്നീ പരീക്ഷകളാണ് നടക്കുന്നത്.
ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ മേല്‍നോട്ടത്തില്‍ എസ്എസ്എല്‍സി ചോദ്യപേപ്പറുകള്‍ തരംതിരിച്ച് ബാഗുകളിലാക്കി സീല്‍ചെയ്ത് പരീക്ഷാകേന്ദ്രത്തിനടുത്തുള്ള ട്രഷറികളിലും ബാങ്ക് ലോക്കറുകളിലുമായാണ് സൂക്ഷിക്കുന്നത്. ഓരോ പരീക്ഷാദിനത്തിലും അതത് വിഷയങ്ങളുടെ ചോദ്യപ്പേപ്പറുകളുടെ സുഗമമായ പരീക്ഷാനടത്തിപ്പിന് പരീക്ഷാകേന്ദ്രങ്ങളെ ക്ലസ്റ്ററുകളായി ക്രമീകരിച്ചിട്ടുണ്ട്. അതത് ക്ലസ്റ്റേഴ്സ് ഹെഡിനാകും ചുമതല. കര്‍ശന നിരീക്ഷണത്തോടെയായിരിക്കും പരീക്ഷാ നടത്തിപ്പ്. അതേസമയം, പ്ലസ്ടു പരീക്ഷകള്‍ക്കുള്ള ചോദ്യപ്പേപ്പറുകള്‍ അതാത് സ്കൂളുകളില്‍ സുരക്ഷിതമായി സൂക്ഷിക്കുകയാണ്. ചോദ്യപേപ്പറിന്റെ സുരക്ഷിതത്വത്തില്‍ തന്നെ രണ്ട് രീതികള്‍ നടപ്പാക്കിയ സാഹചര്യവും അധ്യാപകര്‍ക്കിടയില്‍ ചര്‍ച്ചയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: