ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഒരാള്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം ഇന്ത്യയില്‍ 31 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. തായ്‌ലന്‍ഡും മലേഷ്യയും സന്ദര്‍ശിച്ച് മടങ്ങിയെത്തിയയാള്‍ക്കാണ് വൈറസ് ബാധ. ദല്‍ഹി കൂടാതെ യുപി, രാജസ്ഥാന്‍, തെലങ്കാന, കേരളം എന്നീ സംസ്ഥാനങ്ങളിലും കൊറോണ സ്ഥിരീകരിച്ചിരുന്നു.
കൊറോണ പ്രതിരോധ നടപടികള്‍ വിലയിരുത്താന്‍ വിവിധ സംസ്ഥാനങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധന്‍ അവലോകന യോഗം ചേര്‍ന്നു. പരിശോധനാ, നിരീക്ഷണ, ഐസൊലേഷന്‍ സംവിധാനങ്ങളും ലാബുകളും എന്തിനും സജ്ജമായിരിക്കേണ്ടതില്‍ മന്ത്രി ഊന്നല്‍ നല്‍കി. ജനങ്ങളെ ബോധവത്കരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം വ്യക്തമാക്കി. വൈറസ് ബാധയുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകള്‍ നീക്കാന്‍ പ്രചാരണങ്ങള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
വൈറസ് ബാധയെത്തുടര്‍ന്നുള്ള മുന്‍കരുതലിന്റെ ഭാഗമായി കുവൈറ്റിലേക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്ക് പിന്‍വലിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ അറിയിച്ചു. യാത്രക്കാരുടെ പരിശോധനയും ഒഴിവാക്കുമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
അതേസമയം, പഞ്ചാബിലെ അമൃത്സറില്‍ പതിമൂന്ന് ഇറ്റാലിയന്‍ പൗരന്മാരെ ഹോട്ടലില്‍ ഐസൊലേറ്റ് ചെയ്തു. ആര്‍ക്കും രോഗലക്ഷണങ്ങളില്ലെങ്കിലും മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് ഐസൊലേഷന്‍. തെലങ്കാനയില്‍ കൊറോണ ബാധ സ്ഥിരീകരിച്ച ഇരുപത്തിനാലുകാരനുമായി സമ്പര്‍ക്കത്തില്‍ വന്ന 88 പേര്‍ക്കും വൈറസ് ബാധ ഇല്ലെന്ന് പൂനെ വൈറല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പരിശോധനാ ഫലം. തെലങ്കാന ആരോഗ്യ മന്ത്രി ഈട്ടേല രാജേന്ദ്രയാണ് ഇക്കാര്യം അറിയിച്ചത്.















