കൊച്ചി: സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. 2018 ലെ പ്രളയത്തില്‍ ദുരിതമനുഭവിച്ച എറണാകുളം ജില്ലയില്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ അനുവദിച്ചത് എട്ട് കോടി രൂപയാണ്. ഇതില്‍ ആറ് കോടി രൂപ മാത്രമേ ജനങ്ങളിലേക്ക് എത്തിയുള്ളൂ. ബാക്കി രണ്ട് കോടി രൂപയെ സംബന്ധിച്ച് വ്യക്തമായ കണക്കില്ല. ഈ തുക ചില ഉദ്യോഗസ്ഥരുടെയും സിപിഎം നേതാക്കളുടെയും കൈകളില്‍ എത്തിയതായാണ് ലഭിക്കുന്ന വിവരം. ഇതേക്കുറിച്ച് വിശദമായ അന്വേഷണത്തിന് കളക്ടറും തയാറാകുന്നില്ലെന്ന് ആരോപണവും ഉയര്‍ന്നു. ഇതിന് പുറമെ പ്രളയത്തിന്റെ പ്രാഥമിക ഘട്ടത്തിലെ കിറ്റ് വിതരണത്തിലും തട്ടിപ്പ് നടന്നു.
പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് വിതരണം ചെയ്യാന്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് നിരവധി ലോഡ് അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യസാധനങ്ങള്‍ എറണാകുളം കളക്ടറേറ്റില്‍ എത്തിയില്ലെന്ന് പരാതി അന്നേ ഉണ്ടായിരുന്നു. ഭക്ഷ്യസാധനങ്ങള്‍ സിപിഎം നേതാക്കളുടെ നിയന്ത്രണത്തിലുള്ള ചില സ്ഥാപനങ്ങളിലേക്കാണ് പോയതെന്നാണ് ആരോപണം. ഇപ്പോഴത്തെ ക്രൈംബ്രാഞ്ച് അന്വേഷണം കൊണ്ട് സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട തട്ടിപ്പിന്റെ പൂര്‍ണവിവരം പുറത്ത് വരാന്‍ ഇടയില്ല. പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസിലെ പ്രാഥമിക അന്വേഷണത്തില്‍ ഇതുവരെ കണ്ടെത്താനായത് 12.94 ലക്ഷം രൂപയുടെ ക്രമക്കേടാണ്.
കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി കളക്ടറേറ്റ് ജീവനക്കാരനും ഇടത് സംഘടനാ നേതാവുമായ വിഷ്ണു പ്രസാദ്, സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗം നിധിന്, ഭാര്യ ഷിന്റു, കോഴിഫാം ഉടമ ബി. മഹേഷ് എന്നിവര്‍ ജയിലിലാണ്. ഏറ്റവും കൂടുതല്‍ പണമെത്തിയത് സിപിഎം പ്രാദേശിക നേതാവ് എം.എം. അന്‍വറിന്റെ സഹകരണ ബാങ്ക് അക്കൗണ്ടിലാണ്. 10.54 ലക്ഷം രൂപ. സഹകരണ ബാങ്കിന്റെ ഫെഡറല്‍ ബാങ്കിലെ പൊതു അക്കൗണ്ടിലെത്തിയ പണം ഇയാളുടെതാണെന്ന് തെളിയിക്കുന്ന യാതൊരു രേഖകളുമില്ലാതെയാണ് കൈക്കലാക്കിയത്. ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് പണം തങ്ങളുടെതാണെന്ന് തെളിയിക്കാന്‍ യുടിആര്‍ നമ്പര്‍ പറഞ്ഞ് സഹകരണ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയായിരുന്നു തട്ടിപ്പ്.
അന്‍വറിനെ പിടികൂടാനാകാത്തത് അന്വേഷണ സംഘത്തിന് കടുത്ത വെല്ലുവിളിയായി. ദുരിതാശ്വാസ ഫണ്ട് തട്ടിയതില്‍ ഏതെല്ലാം നേതാക്കള്‍ക്ക് പങ്കുണ്ടെന്നതുള്പ്പെടെ നിര്‍ണായക തെളിവുകള്‍ ഇയാളില്‍ നിന്ന് ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് അന്വേഷണസംഘം. അതുകൊണ്ട് തന്നെ പോലീസിന് പിടികൊടുപ്പിക്കാതെ ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം എടുപ്പിക്കാനാണ് സിപിഎം നേതാക്കളുടെ ശ്രമം. കേസില്‍ അന്‍വറിന്റെ ഭാര്യ കൗലത്തും പ്രതിയാണ്. സിപിഎം ഭരണത്തിലുള്ള അയ്യനാട് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ് ഇവര്‍.
തട്ടിപ്പില്‍ ജില്ലയിലെ പ്രമുഖ സിപിഎം നേതാക്കള്‍ക്കും പങ്കുണ്ടെന്ന വിവരമാണ് പുറത്ത് വരുന്നത്. സിപിഎം കളമശ്ശേരി ഏരിയ സെക്രട്ടറി വി.എ. സക്കീര്‍ഹുസൈന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്ത്തകന് ഗിരീഷ്ബാബു സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് പരാതി നല്‍കിയിട്ടുണ്ട്. അയ്യനാട് സഹകരണ ബാങ്കില്‍ നിന്ന് അന്‍വറിന് പണം നല്കാന് സെക്രട്ടറിക്ക് മേല്‍ സമ്മര്‍ദ്ദം ചെലത്തിയതെന്ന് പറയുന്നു. വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ പ്രതിയാണ് സക്കീര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: