അനാത്മനിരൂപണം
ശ്ലോകം 122
ദേഹേന്ദ്രിയപ്രാണമനോളഹമാദയഃ
സര്‍വ്വേ വികാരാഃ വിഷയാഃ സുഖാദയഃ
വേ്യാമാദിഭൂതാന്യഖിലം ച വിശ്വം
അവ്യക്തപര്യന്തമിദം ഹ്യനാത്മാ
ദേഹം, ഇന്ദ്രിയങ്ങള്‍, പ്രാണന്‍മാര്‍, മനസ്സ് അഹങ്കാരം മുതലായവയും അവയുടെ എല്ലാ വികാരങ്ങളും വിഷയങ്ങളും സുഖം തുടങ്ങിയ അനുഭവങ്ങളും ആകാശം തൊട്ടുള്ള മഹാഭൂതകളും അവ്യക്തമുള്‍പ്പടെയുള്ള ഇക്കാണുന്നതെല്ലാം അനാത്മാവാണ്.
നമുക്കറിയാവുന്നതെല്ലാം അനാത്മാവാണ് എന്ന് പറയുന്നതാകും എളുപ്പം.ഇക്കാണുന്നതെല്ലാം ജഡങ്ങളാണ്. ജഡമായതൊന്നും ആത്മാവാകില്ല. എല്ലാ ജഡവസ്തുക്കള്‍ക്കും ഉണ്‍മയേയും ചൈതന്യത്തേയും നല്‍കുന്നതാണ് ആത്മാവ്.
ദഹിച്ചു പോകുന്നതാണ് ദേഹം. ജീവിച്ചിരിക്കുമ്പോള്‍ ആധിവ്യാധികളാലും മരിച്ച ശേഷം അഗ്‌നി കൊണ്ടും ദേഹം ദഹിക്കുന്നു. പഞ്ച ജ്ഞാനേന്ദ്രിയങ്ങളും പഞ്ചകര്‍മ്മേന്ദ്രിയങ്ങളും ജഡം തന്നെ. അനാത്മാക്കളായ ജ്ഞാനേന്ദ്രിയങ്ങള്‍ക്ക് വിഷയങ്ങളെ അറിയാനും കര്‍മ്മേന്ദ്രിയങ്ങള്‍ക്ക് പ്രവര്‍ത്തിക്കുവാനും ആത്മസാന്നിധ്യം വേണം.
സ്വീകരിക്കലും വിസര്‍ജ്ജിക്കലും ദഹിപ്പിക്കലുമുള്‍പ്പടെയുള്ളതും ശരീരത്തിനകത്തുള്ളതുമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന പ്രാണന്‍മാരും അനാത്മാവ് തന്നെ. മനസ്സും അഹങ്കാരവുമുള്‍പ്പടെയുള്ള അന്തഃകരണവും അനാത്മാവാണ്.
ഇവയുടെ വികാരങ്ങള്‍ വിഷയങ്ങള്‍ എന്നിവയും പഞ്ചമഹാഭൂതങ്ങളും സുഖം മുതലായ അനുഭവങ്ങളും അവ്യക്തം വരെയുള്ള സകലതും അനാത്മാവാണ്.
ഭഗവദ് ഗീതയില്‍ ക്ഷേത്രം എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് ഇവയെയാണ്.
ശ്ലോകം 123
മായാ മായാകാര്യം സര്‍വ്വം
മഹദാദിദേഹപര്യന്തം
അസദിദമനാത്മതത്വം വിദ്ധി ത്വം
മരുമരീചികാകല്പം
മായയും മായാ കാര്യങ്ങളായ മഹതത്ത്വം മുതല്‍ ദേഹം വരെയുള്ളതെല്ലാം അനാത്മാവാണെന്നും മരു മരീചികപോലെ അസത്താണെന്നും അറിയണം.
ആദ്യമായുണ്ടായത് അല്ലെങ്കില്‍ പരിണമിച്ചത് മഹതത്വം അഥവാ അവ്യക്തമാണ്. അവസാനം ഉണ്ടായത് ദേഹം. അതിനാലാണ് മഹതത്വം മുതല്‍ ദേഹം വരെ എല്ലാം അനാത്മവെന്ന് പറയുന്നത്.അകത്തും പുറത്തും നമുക്ക് അനുഭവ വിഷയമാകുന്നതെല്ലാം അനാത്മാവാണ്.വാസനയും അവ്യക്തവും ഉള്‍പ്പടെ സര്‍വപ്രപഞ്ചവും ആത്മാവില്‍ നിന്ന് വേറിട്ടതായതിനാല്‍ അനാത്മാവാണ്.
ആത്മസ്വരൂപത്തെ അറിയാത്ത അവസ്ഥയില്‍ മായയാല്‍ സൃഷ്ടമായതാണ് അനാത്മാവ്. ഉണ്‍മയില്ലാത്തത് നിലനിപില്ലാത്തതാണ് മായ. വാസ്തവത്തില്‍ ഇല്ലാത്തതാണത്. അങ്ങനെയുള്ള ഒന്നില്‍ നിന്ന് എന്തെങ്കിലുമുണ്ടായി എന്ന് പറഞ്ഞാല്‍ അതിനും ഉണ്‍മയുണ്ടാകില്ല.
എന്നാല്‍ ഇവയെല്ലാം ഉള്ളതുപോലെ നമ്മള്‍ അറിയുകയും അനുഭവിക്കുകയും ചെയ്യുന്നുണ്ട്. ഇങ്ങനെ ഉണ്ടെന്ന് തോന്നിക്കുന്നവയൊക്കെ അനാത്മാക്കളാണ്. മരുഭൂമിയിലെ മരുപ്പച്ചപോലെയാണ്. ഉണ്ടെന്ന് തോന്നിക്കും, അന്വേഷിച്ചു ചെന്നാലോ അത് തോന്നല്‍ മാത്രമെന്ന് ബോദ്ധ്യമാകും. അതിന് ഉണ്‍മയില്ല.
അതുപോലെ അനാത്മ വസ്തുക്കളായ ദൃശ്യ പ്രപഞ്ചം മുഴുവനും അസത്താണ്. സത്യത്വമില്ലാത്ത വെറും തോന്നലാണത്. സത്യത്തെ അറിയാനാണ് അസത് വസ്തുക്കളെ നിഷേധിക്കുന്നത്. ആത്മതത്വമാണ് സദ് വസ്തു. അതിനെക്കുറിച്ച് ഇനി പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: