ലോക്സഭയിലെ അതിരുവിട്ട പെരുമാറ്റത്തിന്റെ പേരില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട ഏഴ് അംഗങ്ങളില്‍ നാലുപേര്‍ കേരളത്തില്‍ നിന്നാണല്ലോ. ഈ സമ്മേളന കാലാവധി തീരുന്ന ഏപ്രില്‍ 3 വരെ സഭയിലോ പാര്‍ലമെന്റ് പരിസരത്തോ എത്തരുതെന്നാണ് നിര്‍ദ്ദേശം. സ്പീക്കറുടെ ഈ തീരുമാനത്തിനെതിരെ വീണ്ടും പാര്‍ലമെന്റ് സ്തംഭിപ്പിക്കാനും വലിയ ബഹളമുണ്ടാക്കാനുമാണ് കോണ്‍ഗ്രസ് ശ്രമം.
പാര്‍ലമെന്റിന്റെ ഇരുസഭകളും നിയന്ത്രിച്ച് കൊണ്ടുപോകാനുള്ള അധികാരം സഭാദ്ധ്യക്ഷര്‍ക്കാണ്. ലോക്സഭയില്‍ സ്പീക്കറും രാജ്യസഭയില്‍ ഉപരാഷ്ട്രപതിയുമാണ് സഭാദ്ധ്യക്ഷര്‍. ജനങ്ങളുടെ വിഷയങ്ങള്‍ സഭയിലവതരിപ്പിക്കാനുള്ള തങ്ങളുടെ അവകാശങ്ങള്‍ ഉപയോഗിക്കുന്നതിനോടൊപ്പം സഭയുടെ അന്തസ്സ് നിലനിര്‍ത്താനും സുഗമമായ നടത്തിപ്പ് ഉറപ്പ് വരുത്താനും അംഗങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്. സഭാദ്ധ്യക്ഷരുടെ തീരുമാനങ്ങള്‍ ഏറെക്കുറെ കോടതി വിധികള്‍ പോലെ തന്നെ പ്രാധാന്യമുള്ളതും കീഴ്വഴക്കങ്ങളുടെ ഭാഗമായി മാറുന്നതും വരും കാലങ്ങളിലേക്ക് ഉപയോഗിക്കുന്നതും ആണ്. സ്പീക്കറുടെ അധികാരത്തില്‍ പലപ്പോഴും കോടതികള്‍ പോലും ഇടപെടാറില്ല. സ്പീക്കര്‍ക്ക് ഒരു കോടതി സമന്‍സയച്ചത് വലിയ വിവാദമാകുകയും ഒടുവില്‍ സമന്‍സ് പിന്‍വലിക്കുകയും ചെയ്തു. അതുപോലെ തന്നെയാണ് സഭയ്ക്കുള്ളില്‍ അംഗങ്ങള്‍ക്കുള്ള പ്രത്യേക അവകാശങ്ങളും. സഭയ്ക്കുള്ളില്‍ നടക്കുന്ന വിഷയങ്ങളില്‍ അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷ തന്നെയുണ്ട്.
ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഭാരതത്തിലെ പാര്‍ലമെന്റിനും നിയമസഭകള്‍ക്കും അതുല്യമായ ചരിത്ര പാരമ്പര്യമാണുള്ളത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അതികായര്‍ അംഗങ്ങളായിരുന്ന നമ്മുടെ നിയമ നിര്‍മാണ സഭകളിലെ ചര്‍ച്ചകളും പ്രസംഗങ്ങളും അറിവിന്റെ ഭണ്ഡാരങ്ങളായിരുന്നു. മേല്‍ ഗണത്തില്‍പ്പെട്ട നേതാക്കളൊക്കെ തന്നെ പാര്‍ലമെന്റിലെ ചര്‍ച്ചകളെ ഗൗരവത്തോടെയാണ് കണ്ടിരുന്നത്. വേണ്ടത്ര ഗൃഹപാഠം നടത്തി ആവശ്യമായ വിവരങ്ങള്‍ സമാഹരിച്ച് ഉദ്ധരണികളും ഉദാഹരണങ്ങളും അടക്കം തങ്ങളുടെ ഭാഗം സമര്‍ത്ഥിക്കുന്ന അത്തരക്കാരെ മറ്റ് സഭാംഗങ്ങള്‍ രാഷ്ട്രീയ ഭേദമെന്യേ കേള്‍ക്കാനും ബഹുമാനിക്കാനും ശ്രമിച്ചിരുന്നു. ഒരു കാലത്ത് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിക്ക് പാര്‍ലമെന്റിലേക്ക് ആവശ്യമായ വിവര സമാഹരണം നടത്തിയിരുന്നത് എല്‍.കെ. അദ്വാനി ആയിരുന്നു. ഇംഗ്ലണ്ടില്‍ പ്രയോഗത്തിലുണ്ടായിരുന്ന ധവളപത്രം എന്ന സംജ്ഞ പാര്‍ലമെന്റില്‍ വാജ്പേയി ആദ്യമായി അവതരിപ്പിച്ചത് അങ്ങനെയാണ്.
എന്നാലിന്ന് സഭകളുടെ സ്വഭാവവും രീതിയും മാറിയിരിക്കുന്നു. സഭയ്ക്കുള്ളിലെ അംഗങ്ങളുടെ പെരുമാറ്റം ഒട്ടും നിലവാരമില്ലാത്തതായി. ഇത് ചന്തയല്ല എന്ന് ഉപരാഷ്ട്രപതിക്ക് ഇന്നലെ രാജ്യസഭയില്‍ പറയേണ്ടി വന്നത് അതിന്റെ തെളിവാണ്. മുന്‍പ് സഭയ്ക്കുള്ളില്‍ അദ്ധ്യക്ഷരുടെ നിര്‍ദ്ദേശങ്ങള്‍ അംഗങ്ങള്‍ അനുസരിച്ചിരുന്നു. നിലവാരം വിട്ട് അംഗങ്ങള്‍ പെരുമാറിയിരുന്നുമില്ല. വളരെ ഗുരുതരമായ വിഷയങ്ങളില്‍ ഒരു സമ്മേളന കാലയളവില്‍ ഒന്നോ രണ്ടോ തവണ മാത്രം സഭ ബഹിഷ്കരിക്കുന്നത് മുന്‍കാലങ്ങളിലുണ്ടായിരുന്നെങ്കില്‍ ഇന്ന് ഒരു ദിവസം തന്നെ പല തവണ സഭ ബഹിഷ്കരിച്ച് ആ പ്രതിഷേധ മാര്‍ഗത്തിന് തന്നെ വിലയില്ലാതാക്കി. സാധാരണ സഭയില്‍ സ്പീക്കര്‍ കസേരയില്‍ നിന്നെഴുന്നേറ്റ് നിര്‍ദ്ദേശം നല്കിയാല് അംഗങ്ങള്‍ ഇരിക്കണമെന്നാണ് ചട്ടം. ഇന്നോ?പ്രതാപനടക്കമുള്ളവരെ സസ്പെന്‍ഡ് ചെയ്യാന്‍ ഉണ്ടായ വിഷയത്തിലേക്ക് വരുമ്പോള്‍ കഴിഞ്ഞ കുറെ കാലമായി സഭയ്ക്കകത്ത് ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ കഴിയാതെ വരുമ്പോള്‍ അനാവശ്യ ബഹളമുണ്ടാക്കി സമ്മേളനം അലങ്കോലപ്പെടുത്തുന്ന രീതിയുടെ തനിയാവര്‍ത്തനമാണെന്ന് മനസ്സിലാകും.
പ്രതാപനും ഡീനും കഴിഞ്ഞ സഭാ സമ്മേളനകാലത്തും അതിരുവിട്ട് പെരുമാറി. മറ്റ് അംഗങ്ങളെ സംസാരിക്കാന്‍ അനുവദിക്കാതിരിക്കുക, സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് തള്ളിക്കയറുക, സ്പീക്കറുടെ കാഴ്ച മറയ്ക്കും വിധം ബാനറും പ്ലക്കാര്‍ഡും ഉയര്‍ത്തിപ്പിടിക്കുക, സ്പീക്കറുടെ നേര്‍ക്ക് പേപ്പര്‍ ചുരുട്ടി എറിയുക എന്നിവയൊന്നുമല്ല പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഒരു സാമാജികനില്‍ നിന്നു പ്രതീക്ഷിക്കുന്നത്. സഭയ്ക്കകത്ത് ക്രിയാത്മമായി ഒന്നും ചെയ്യാനില്ലാത്തവരാണ് അനാവശ്യമായി ബഹളം വയ്ക്കുന്നത്. പാര്‍ലമെന്റംഗങ്ങളായി ഇതുവരെയുള്ള കാലയളവില്‍ ഡീനും പ്രതാപനും ഉണ്ണിത്താനും തങ്ങളുടെ മണ്ഡലങ്ങളിലെ ജനങ്ങളുടെ എന്ത് വിഷയമാണ് സഭയിലുന്നയിച്ചത്? സഭയ്ക്കകത്ത് വെറുതേ ബഹളം വച്ചവരാരും പാര്‍ലമെന്ററി ചരിത്രത്തിലിടം പിടിച്ചിട്ടില്ല. നെഹ്റുവും വാജ്പേയിയും അദ്വാനിയും എം.എം. ജോഷിയും,ജോര്‍ജ് ഫെര്‍ണാണ്ടസും നരസിംഹറാവുവും ജയ്പാല് റെഡ്ഡിയും സുഷമ സ്വരാജും അരുണ്‍ ജയ്റ്റിലിയുമൊക്കെ ചരിത്രത്തിലിടം പിടിച്ചത് പാര്‍ലമെന്റില്‍ ബഹളം ഉണ്ടാക്കിയിട്ടല്ല. അവരുടെ പ്രസംഗങ്ങള്‍ പാര്‍ലമെന്റ് ലൈബ്രറിയില്‍ ലഭ്യമാണ്. സമയം കിട്ടുമ്പോള്‍ പ്രതാപനും ഉണ്ണിത്താനും അതൊക്കെ വായിക്കുന്നത് നല്ലതാണ്. ജനങ്ങളുടെ വിഷയങ്ങള്‍ സഭയിലവതരിപ്പിക്കുന്നതിന് പകരം ശ്രദ്ധ കിട്ടാനും തരം താണ പബ്ലിസിറ്റിക്കും പാര്‍ലമെന്റിനെ ചന്തയാക്കരുത്.
പാര്‍ലമെന്റില്‍ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ പല കാര്യങ്ങളും പരിഗണിക്കേണ്ടി വരും. ഇവിടെ ദല്‍ഹി കലാപത്തെ കുറിച്ച് പതിനൊന്നാം തീയതി ചര്‍ച്ചയാകാമെന്ന് സര്‍ക്കാരും സ്പീക്കറും സമ്മതിച്ചതാണ്. ചര്‍ച്ചാ തീയതി രണ്ട് ദിവസം നീട്ടിയതിന് പല കാരണങ്ങളുണ്ടാകും. ദല്‍ഹി സാധാരണ നിലയിലേക്ക് വരുന്നതേയുള്ളൂ. അതിനിടയില്‍ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്ന രാഷ്ട്രീയക്കാരുടെ എരിതീയില്‍ എണ്ണ ഒഴിക്കുന്ന പ്രസംഗം മൂലം കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് സര്‍ക്കാര്‍ കരുതിയെങ്കില്‍ കുറ്റം പറയാനാകുമോ? പുറത്ത് നില്‍ക്കുന്നവര്‍ക്ക് എന്തുമാകാം, ഭരണാധികാരികള്‍ക്ക് അതു പറ്റില്ല. സഭയ്ക്കകത്ത് അല്പം കൂടി ഉത്തരവാദിത്തത്തോടെ പെരുമാറാന്‍ അംഗങ്ങള്‍ ശ്രമിക്കേണ്ടേ? ഒരു മണിക്കൂര്‍ സഭ നടത്താനുള്ള ചെലവ് എത്രയാണ്? അനാവശ്യമായി സഭയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുമ്പോള്‍ നഷ്ടം ഖജനാവിനാണ്, സാധാരണക്കാരനാണ്. അംഗങ്ങള്‍ അനുഭവിക്കുന്ന എല്ലാ ആനുകൂല്യങ്ങളും സാധാരണ ജനങ്ങളുടെ ഔദാര്യമാണ്. വലിയ ലക്ഷ്യത്തോടെ ജനങ്ങള്‍ തെരഞ്ഞെടുത്ത് വിടുന്ന അംഗങ്ങള്‍ ലക്ഷ്യം മറന്ന് നിലവാരമില്ലാതെ പെരുമാറിയാല്‍ പ്രതികരിക്കുന്ന നിലയിലേക്ക് വോട്ടര്‍മാര്‍ മാറിയാലേ പാര്‍ലമെന്റിനെ അവഹേളിക്കുന്ന ഇത്തരക്കാര്‍ പാഠം പഠിക്കുകയുള്ളൂ.
(ഭാരതീയ അഭിഭാഷക പരിഷത്ത് ദേശീയ സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: